ശനിയാഴ്‌ച, ഡിസംബർ 25, 2010

3 അപഥസഞ്ചാരികതിരവന്‍ കതിര്‍ പെയ്ത,
കിഴക്കിന്‍ മടിത്തട്ടിലെ,
ചോരയെ ഗര്‍ഭം ധരിച്ച
മണ്ണില്‍ നിന്നും,
പട്ടാമ്പിയിലെ
സംസ്കൃത കലാലയത്തിലേയ്ക്ക്
ഏറേ ദൂരമുണ്ട്

പക്ഷേ...
ഇങ്ങിവിടെ
ഞാനുമൊരു സഞ്ചാരിയായിരുന്നു...

യുഗങ്ങള്‍ക്കുമിപ്പുറം
ദേശങ്ങള്‍ക്കുമിപ്പര്
അനന്തതയില്‍ നിന്നും
ഗുപ്തപന്ഥാവുകളില്‍
ഒരിക്കലുമൊടുങ്ങാത്ത
സ്വപ്നങ്ങള്‍ നെയ്ത
അപഥസഞ്ചാരി...

പുഷ്പവല്ലരികള്‍
പൂത്തുലഞ്ഞ
പൂങ്കാവനങ്ങളിലൂടെയല്ല

മറിച്ച്,

കാളകൂടത്തിങ്കല്‍
കഴുത്തോളം മുങ്ങിയ,
ശുഭ്രതയാല്‍
അന്ധകാരം പുതഞ്ഞെത്തിയ
മനുജകുലത്തിന്റെ
മാറിടം കീറി
മുലപ്പാലുമൂറ്റി,
അഗ്നി പൂത്ത
കലാപവാടികളിലൂടെ....

നേരില്‍ നിറം ചേര്‍ത്ത്
ഓലയില്‍ നിന്നുമടര്‍ത്തിയ നാരായം,
നെഞ്ചില്‍ തറച്ചു,
ഉതിര്‍ന്ന ചോര
നയിച്ച പാതയിലൂടെ
നടന്നവന്‍...
അപഥസഞ്ചാരി...
--------------------------------------------
ഹുയാന്‍സാങ്ങിന്റെ പുസ്തകങ്ങളില്ല...
ഇബ്നുബത്തൂത്തയുടെ കുറിപ്പുകളില്ല...
ഖയ്യാമിന്റെ കവിതകളില്ല...

ഷെര്‍പ്പയുടെ ശരീരം
സായിപ്പിനൊപ്പം
ആഡ്യത്വമേതുമില്ലാതെ
മഞ്ഞുപാളികളില്‍ നിശ്ചേതനമായിരുന്നു...

വഴിയിലുടനീളം

ശ്വേതംബരന്മാര്‍
എന്നെ കല്ലെറിഞ്ഞു.
ഞാന്‍ ദിഗംബരനായിരുന്നുവത്രേ...
“കുടിയിലെ ദാരിദ്ര്യം
അവര്‍ക്കറിയില്ലല്ലോ...”

ജൈനര്‍
എന്റെ തൊലിയുരിഞ്ഞു
ഞാനൊരു മൃഗത്തെ അറുത്തുവത്രേ...
“കുടിയിലെ വിശപ്പ്
അവര്‍ക്കറിയില്ലല്ലോ...“

ഒരു കൂട്ടം മുസല്‍മാന്മാര്‍
എന്റെ ലിംഗം ഛേദിച്ചെടുത്തു.
ഞാന്‍ ലൈംഗികാരാജകവാദിയത്രേ...
“കുടിയിലേക്കാരും പെണ്ണുതരാത്തത്
അവര്‍ക്കറിയില്ലല്ലോ...”

ഒരു കൂട്ടം ക്രിസ്തീയര്‍
എന്റെ ശിരസ്സില്‍ മുള്‍ക്കിരീടമണിഞ്ഞു.
ഞാന്‍ വേശ്യയുടെ പുത്രനത്രേ...
“കുടിയിലേതോ മാന്യന്‍,
തോക്കിങ്കുഴലിനു പിന്നില്‍ നിന്ന്,
ഉറഞ്ഞു തുള്ളിയത്
അവര്‍ക്കറിയില്ലല്ലോ...”

മാനവും
മനസ്സും
മുഖവും
ലിംഗവും
ശിരസ്സും
പണയം വെച്ച്,
നഗ്നവിരൂപ ശരീരവും പേറി
യാത്ര തുടര്‍ന്നു ഞാന്‍...

“അവന്‍ നവയുഗയേശു”
എന്നു ചിലര്‍...
“വാ‍ഴ്വിന്റെ
പുത്തന്‍സമവാക്യങ്ങള്‍ തേടുന്ന
ഇന്നിന്റെ
ആര്‍ക്കിമിഡീസിവന്‍”മറ്റു ചിലര്‍...

ഞാന്‍...
ലക്ഷ്യമില്ലാത്ത ജീവിതത്തിന്റെ
സത്ത തേടുന്ന
കേവലന്‍..
അപഥസഞ്ചാരി...
-------------------------------------------
പിന്നിട്ട വഴികളില്‍
മൌനം ഭുജിച്ച തമ്പുരാക്കന്മാരും,
ഘോരഭാഷണം നടത്തിയ അടിയോരും,
ദൂരവീക്ഷണം ണ്ടത്തിയ കവിയാളും,
വിദൂരസ്വപ്നങ്ങള്‍ നെയ്ത ബാല്യവും,
മധുപാത്രങ്ങളില്‍ മയങ്ങിയ യുവത്വവും,
ആത്മീയതയില്‍ മുഴുകിയ വാര്‍ധക്യവും
നിറഞ്ഞാടിയിരുന്നു...

ഇവിടെ,
ദ്വാരകാസമേതനായ്,
പടിഞ്ഞാറിന്‍ തീരത്ത് നില്‍ക്കുമ്പോള്‍
കേള്‍ക്കാം...
നിശ തുളഞ്ഞെത്തുന്ന,
ഒരു മാതൃവിലാപം...
പിളര്‍ന്ന ഗര്‍ഭപാത്രതില്‍ നിന്നും,
പേര്‍ത്തു കുന്തത്തില്‍,
കോര്‍ത്തെടുത്ത,
ഒരു മാംസപിണ്ഡത്തിന്‍ പുളപ്പ്....
-------------------------------------------
കത്തിയാളീടുന്ന
അന്തരംഗത്തില്‍ നിന്നും,
ഉയര്‍ന്നു പൊങ്ങുന്ന ധൂമപടലങ്ങളാല്‍,
തീര്‍ത്ത മണിമന്ദിരത്തിന്റെ,
മട്ടുപ്പാവില്‍ നിന്നും
താഴേക്കു നോക്കുന്നു ഞാന്‍...
കണ്ട ലോകം...
ഹാ...
അതിസുന്ദരം....3 അഭിപ്രായങ്ങൾ: