ഞായറാഴ്‌ച, ജൂൺ 05, 2011

4 ജീവിതം ഒരു മഴക്കാഴ്ച്ച

പകരം വെയ്ക്കാനില്ലാത്ത അവാച്യമായ ഒരു അനുഭൂതിയാണ് മഴ.ചിതറിത്തെറിയ്ക്കുന്ന മഴത്തുള്ളികള്‍ മാനവമനതാരിനെ കുളിരണിയിക്കുമ്പോള്‍ ജന്മാന്തരങ്ങള്‍ക്കപ്പുറത്തുനിന്നും നാം കടം കൊണ്ട ഒരുപാട് ജീവനുകളോടുള്ള വികാരവായ്പ്പോടെയുള്ള നന്ദിരേഖപ്പെടുത്തലാണത്.നിശബ്ദതയുടെ നിറപ്പകിട്ടില്ലാത്ത ഒരു ഏകാന്തസുഖവും വിശുദ്ധജലധാരയുടേ കിലുക്കത്തില്‍ പൊതിഞ്ഞ കര്‍ണ്ണസുഖവും മഴയ്ക്കു മാത്രം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒന്നത്രേ...

ജീവിതത്തിന്റെ തെരുവീഥികളില്‍ കളിച്ചും ചിരിച്ചും പലപ്പോഴും മഴ നമ്മുടെ കൂട്ടിനെത്തുന്നു.പെരുമഴക്കാലം എന്ന സിനിമയില്‍ കമല്‍ ചിത്രീകരിച്ചതും അതു തന്നെ.ജീവിതത്തിലെ മുന്‍നിശ്ചയിച്ചതും ആകസ്മികവുമായ സാഹചര്യങ്ങളില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി(പ്രകൃതിയുടെ വക്താവായോ?) മഴ എത്തുന്നു.മരണത്തെക്കുറിച്ച് നാം പറയാറുള്ളത് പോലെ രംഗബോധമില്ലാത്ത ഒരു കോമാളിയായി മഴയും... ഒരു ചെറുമഴക്കവിത


ഇനിയുമണയാത്തൊരീ ചിതയില്‍ നിന്നും,
എരിയുന്ന കനലിനോടൊരു വാക്ക് മിണ്ടാതെ,
ചോരച്ച മേനിയെ നഗ്നമാക്കിക്കൊണ്ട്
ചാരം തെറിപ്പിച്ച് പായും കൊടുംകാറ്റ്.
കത്തുന്ന മാംസത്തിന്നന്ത്യാസ്തിത്വമാം
കരിഞ്ഞ ഗന്ധത്തെയും പിടിച്ചടക്കിക്കൊണ്ട്
ആളുന്ന നിലവിളക്കിന്‍ തിരിനാളത്തെ
കരിന്തുണിത്തലപ്പാക്കി മാറ്റിയീ പേമാരി,
ഉരുകിയൊലിയ്ക്കുന്ന ചുടുനീര്‍ പ്രവാഹത്തെ
ഉഗ്രതാപത്തിലേക്കാഴ്ത്തിയൊഴിയുന്നു.
ശൂന്യതയാണിടറുന്ന കാലിണച്ചുവടുകളില്‍
ഭ്രാന്തമാം ശൂന്യതയാ കിഴവി തന്‍ പേച്ചിലും...
പിന്നെയും തോരാതെ പതിഞ്ഞ താളത്തില്‍
അസ്ഥിയില്‍ മീട്ടുന്നു ശോകരാഗം മന്ദം.

വിടരുന്ന മുറയില്‍ തന്നുടയുന്ന കുമിളകള്‍
മഴയിലൂടുത്തമ താത്വികദര്‍ശനം നല്‍കുന്നു.
വിടരാത്ത കുമിളകള്‍ ഉടയാത്ത ഇന്നിന്റെ 
ചടുലത കാക്കുന്ന സ്വപ്നങ്ങളാകുന്നു.
നാളെയിവിടുയരുന്ന സ്മാരകത്തറയിലും
മന്ദതാളത്തിലീ മഴ ദേഹിയെത്തഴുകും.
പഴമയ്ക്കു കാവലായ് പുലരുവാനെത്തുന്ന
പുതുകൃതികൃത്തുകളുടെ കടലാസുനൗകകള്‍
വീഥിഭംഗംവിനാ സ്മരണതന്നുറവകളി-
ലണയ്ക്കുവാന്‍ നീര്‍കുംഭമായ് വൃഷ്ടിയെത്തിടും.
മരണത്തിലൊരുതുള്ളി ദു:ഖമായ് പിന്നെയും
ചാക്രികജീവിത സ്പന്ദനം തീര്‍ക്കുവാന്‍,
ചുടലയില്‍ നിന്നേറ്റ് പേറ്റില്ലമേറുവാന്‍
നീരദബാഷ്പങ്ങള്‍ നീര്‍തുടിച്ചിങ്ങിനിയും...
4 അഭിപ്രായങ്ങൾ:

 1. ഉരുകിയൊലിയ്ക്കുന്ന ചുടുനീര്‍ പ്രവാഹത്തെ
  ഉഗ്രതാപത്തിലേക്കാഴ്ത്തിയൊഴിയുന്നു.
  ശൂന്യതയാണിടറുന്ന കാലിണച്ചുവടുകളില്‍
  ഭ്രാന്തമാം ശൂന്യതയാ കിഴവി തന്‍ പേച്ചിലും...
  പിന്നെയും തോരാതെ പതിഞ്ഞ താളത്തില്‍
  അസ്ഥിയില്‍ മീട്ടുന്നു ശോകരാഗം മന്ദം.

  വരികൾ നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 2. നന്നായിട്ടുണ്ട്...പ്രാസമൊക്കെ ഒപ്പിച്ചുള്ള നല്ല വരികള്‍..

  "ഇനിയുമണയാത്തൊരീ ചിതയില്‍ നിന്നും,
  എരിയുന്ന കനലിനോടൊരു വാക്ക് മിണ്ടാതെ,
  ചോരച്ച മേനിയെ നഗ്നമാക്കിക്കൊണ്ട്
  ചാരം തെറിപ്പിച്ച് പായും കൊടുംകാറ്റ്."

  ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 3. കവിതയിലൂടെ വരക്കാൻ ശ്രമിച്ചത് പൂർണമായി വിജയിച്ചില്ല എന്നാണ് എന്റെ അഭിപ്രായം .പക്ഷേ കുറെകൂടി ശ്രദ്ധയുണ്ടായിരുന്നെങ്കിൽ നല്ല കവിത ആയേനെ

  മറുപടിഇല്ലാതാക്കൂ
 4. ലഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയ
  മൊയ്ദീൻ അങ്ങാടിമുഗർ,ഒരു ദുബായിക്കാരൻ,പാവപ്പെട്ടവൻ
  ഒരുപാട് നന്ദി.... :)

  മറുപടിഇല്ലാതാക്കൂ