ഞായറാഴ്‌ച, ജൂലൈ 24, 2011

20 ദൈവം വിഡ്ഡിയാണ്


ചീറിപ്പാഞ്ഞെന്റെ
ചിറകു പറിയ്ക്കുവാൻ
ആർത്തിയോടടുക്കുന്ന യന്ത്രക്കാറ്റ്.

ഇരിയ്ക്കുന്നിടത്തെന്നെ
അരച്ചുതേയ്ക്കുവാൻ
പുളഞ്ഞ് പാഞ്ഞടുക്കുന്ന കൈകൾ.

എന്നെയൊരഗ്നിസ്ഫുലിംഗമാക്കുവാൻ
വല നെയ്ത്
വ്യഗ്രതയോടെ വൈദ്യുതി.

കണ്ണ് നീറ്റിപ്പുകച്ച്
മസ്തിഷ്കം തരിപ്പിയ്ക്കാൻ
ആത്മാഹുതി ചെയ്യുന്ന തിരി.

അഴുകിയ പഴംതുണിക്കെട്ടിനിടയിൽ
ചെളിമണ്ണ് പുണർന്ന്
ദിനരാത്രങ്ങൾ കഴിച്ച് ഞാൻ.

ചോരയുണ്ണാനെന്നെ സൃഷ്ടിച്ചവനെന്തിന്
ദാഹമകറ്റുന്നേരം
കൊല്ലാനവർക്ക് ചോദന നൽകി?

അനിയന്റെ കഴുത്തറുത്ത്
ചോരയൂറ്റിയ കിരാതനും,
മകളെപ്പിഴപ്പിച്ച
നികൃഷ്ടപിതാവിനും,
ഒരുത്തന്നംഗോപാംഗം
നുറുക്കിപ്പൂഴ്ത്തിയോനും,
ഇരുമ്പഴിക്കൂടവർ
'നിഷ്കരുണം' നിഷ്കർഷിച്ചു.?

പറന്ന് മൂളിയ സംശയങ്ങൾ
കാതടപ്പിയ്ക്കുന്ന
പെരുമ്പറഘോഷമായി,
മിന്നൽപ്പിണരും ഇടിമുഴക്കവുമായി,
മഹാസ്ഫോടനമായി.

ഒടുക്കമൊറ്റയുത്തരം.

"ദൈവമുണ്ടെങ്കിൽ
അയാളൊരു വിഡ്ഡിയാണ്.
അല്ലെങ്കിലേവരും."20 അഭിപ്രായങ്ങൾ:

 1. എഴുതിയ എനിക്കു പറയാനാകുന്നില്ല...

  ഞാൻ,എന്നെ എന്നീ വാക്കുകൾ ആവർത്തിയ്ക്കുന്നതായി തോന്നിയോ...??

  പക്ഷേ അതൊഴിച്ചൊരു അസ്തിത്വം ഈ കവിതയ്ക്കുണ്ടെന്നെനിയ്ക്കു തോന്നാഞ്ഞതിനാൽ എഡിറ്റ് ചെയ്തത് മാറ്റുന്നില്ല...

  മറുപടിഇല്ലാതാക്കൂ
 2. കൊതുകിന്റെ ചിന്തകള്‍ കൊള്ളാം.
  ഓരോ ജീവിയ്ക്കും ഓരോ വിധി.
  അവയോടു നമുക്ക് പുനര്‍ജന്മത്തെക്കുറിച്ച് പ്രസംഗിക്കാം.

  മറുപടിഇല്ലാതാക്കൂ
 3. കൊതുക് എന്ന നികൃഷ്ട ജന്തുവിന്റെ മനസ് വായിച്ച കവിത. കൊതുക് ശരിക്കും ഇങ്ങനെ ചിന്തിക്കുന്നുണ്ടാവുമോ?

  ഓരോ ജീവിക്കും ഓരോ വിധി. ദൈവം വിഡ്ഢി ആണ്,

  മറുപടിഇല്ലാതാക്കൂ
 4. വളരെ മനോഹരം.. ഭംഗി വാക്കല്ല..എനിക്ക് അങ്ങനെ പറയാന്‍ തോന്നി..

  മറുപടിഇല്ലാതാക്കൂ
 5. അനിയന്റെ കഴുത്തറുത്ത് ചോരയൂറ്റിയ കിരാതനും,മകളെപ്പിഴപ്പിച്ച നികൃഷ്ടപിതാവിനും,മറ്റും നികൃഷ്ട ജന്തുക്കളുടെ പട്ടികയില്‍ സ്ഥാനം കൊടുക്കുക.

  നിലനില്‍പിനു വേണ്ടിമാത്രം, അതിനു വേണ്ടി മാത്രം അല്‍പം മാത്രം ചോര ഊറ്റുന്ന കൊതുകിന്റെ സ്ഥാനം ഇവിടെ എത്രയോ ഉയരത്തിലാണ്.

  പറന്ന് മൂളിയ സംശയങ്ങൾ - നല്ല പ്രയോഗം.

  നന്നായി എഴുതി രണ്‍ജിത്ത്.

  മറുപടിഇല്ലാതാക്കൂ
 6. അല്ലെങ്കില്‍ ഏവരും , അതോ അല്ലെങ്കിലെവരും എന്നോ.. കവി എന്താണ് ഉദേശിച്ചത് എന്ന് വ്യ്കതമായില്ല...
  നന്നായിട്ടുണ്ട്. ... ബ്ലോഗുഗളില്‍ 'ഗവിത' വായിച്ചതില്‍ ഒരു കവിത വായിച്ചു എന്ന് ഇപ്പോള്‍ ധൈര്യമായി പറയാം ....

  മറുപടിഇല്ലാതാക്കൂ
 7. AIDS പകർത്തുവാൻ നിനക്ക് ശേഷി തരാതിരുന്ന ദൈവം കാരുണ്യവാനാണ് കൊതുകേ..

  മറുപടിഇല്ലാതാക്കൂ
 8. ഇരുമ്പഴിക്കൂടവർ
  'നിഷ്കരുണം' നിഷ്കർഷിച്ചു.?...manassilaayilla artham please

  മറുപടിഇല്ലാതാക്കൂ
 9. @ ഏകലവ്യ , പ്രദീപ് മാഷ് :അഭിപ്രായങ്ങള്‍ക്ക് ഒരുപാടു നന്ദി...

  @ യൂനുസ്ക്ക:അല്ലെങ്കില്‍ ഏവരും എന്നാണുദ്ദേശിച്ചത്....
  പിരിച്ചെഴുത്തിലുള്ള സുഖക്കുറവിനെക്കുറിച്ച് കഴിഞ്ഞ കവിതയില്‍ ഒരഭിപ്രായം വന്നിരുന്നു...അതുകൊണ്ട് ഇങ്ങനെ ഒന്നു പയറ്റിനോക്കിയതാ...

  @ആചാര്യന്‍ ഭായ് : നിഷ്കരുണം എന്ന വാക്ക് ക്വോട്ട്സിനകത്തിട്ടു എന്നത് തന്നെയാണതിന്റെ അര്‍ഥം...
  ബാലകൃഷ്ണപ്പിള്ളക്ക് തടവുശിക്ഷ കൊടുത്തിരിയ്ക്കുന്നത് പോലെ എന്നത് പച്ചയായ ഒരുപമ....
  മ്നസ്സിലായിക്കാണും അര്‍ഥം എന്നു പ്രതീക്ഷിക്കുന്നു....

  @ബൈജുവേട്ടന്‍ : വീണ്ടൂമൊരു തീവ്ര വൈരുദ്ധ്യാത്മകത.... :D

  മറുപടിഇല്ലാതാക്കൂ
 10. @ സോണിച്ചേച്ചി,ശ്രീജിത്തേട്ടൻ : വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി.... :)

  മറുപടിഇല്ലാതാക്കൂ
 11. മകനെ നിന്നില്‍ ഒരു കവി ഉറക്ക ഗുളിക കഴിച്ചു ഉറങ്ങുന്നണ്ടായിരുന്നു അല്ലെ..കൊതുകിന്റെ വിലാപം കൊള്ളാം..മഴയും പ്രണയവും വിരഹവും പ്രവാസ നഷ്ട ബോധവും ഇല്ലാത്ത ഒരു കവിത.ഇത് പോലെയുള്ള വിഷയങ്ങള്‍ എഴുതി മറ്റുള്ള കവികളില്‍ നിന്നും 'വ്യത്യസ്ഥാനാം' ഒരു ഒരു കവി ആകട്ടെ എന്നാശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 12. കള്ളടിച്ചാലും കഞ്ജാവടിച്ചാലും കവിത വരുമെന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ കൊതുക് കടിച്ചാലും കവിത പിറക്കുമെന്നു മനസ്സിലായി.
  വല്‍സാ, വാസുദേവാ - ഗുരുവിനെ പറയിപ്പിച്ചില്ലല്ലോ.
  അഭിനന്ദന്‍സ്‌.

  മറുപടിഇല്ലാതാക്കൂ
 13. There are fake coins among poets .But only minting and minting fake coins we can make true currency.Anyway you have the ability and craft to be a thought provoking poet. I like 17, 18,and 19th lines most appealing. A mosquito can be a symbol of people living below poverty line.

  മറുപടിഇല്ലാതാക്കൂ
 14. @ഷജീറിക്ക : കിക്കെറങ്ങി വരണ്....

  ഛായ് അതിന്റ്യല്ല....ഗുളികേടെ... :)
  ആശംസയ്ക്കും അഭിപ്രായത്തിനും ഡാങ്സേ....

  @ഗുരു :
  ഗുരൂർ കല്ലി ഗുരൂർ വല്ലി
  ഗുരൂർ ബ്ലോഗ്ഗർ കമന്റേശാ...
  ഗുരു സാക്ഷാൽ പരഃബ്രഹ്മം
  തസ്മൈ കണ്ണൂരാനേയ് നമഹ:
  (കോപ്പിറൈറ്റഡ് പ്രാർഥന.ഓൺലി ഫോർ കമ്മ്യൂണിസ്റ്റ്സ് ദോസ് ഹൂ അഡ്മൈർ കണ്ണൂരാനന്ദ കല്ലിവല്ലി സാമികൾ)

  @രാജേട്ടൻ :ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പ്രതീകമാണ് കൊതുക്....അത് തീർച്ച...
  കൊച്ചിയിലാണേ പിന്നെ പക്ഷപാതമില്ല....
  അഭിപ്രായത്തിനു നന്ദിട്ടോ....

  മറുപടിഇല്ലാതാക്കൂ
 15. കൊതുകിന്റെ ചിന്തകളിലൂടെ കുറേ വലിയ സത്യങ്ങൾ വിളിച്ചു പറഞ്ഞു....ഒരുപാട് ഇഷ്ടപെട്ടു.

  മറുപടിഇല്ലാതാക്കൂ
 16. ചോരയുണ്ണാനെന്നെ സൃഷ്ടിച്ചവനെന്തിന്
  ദാഹമകറ്റുന്നേരം
  കൊല്ലാനവർക്ക് ചോദന നൽകി?

  അതൊരു ശോദ്യമാണ്‌ കേട്ടാ..
  കൊതുകിനും കൃമികടിയോ.. ആരവിടെ..??

  മറുപടിഇല്ലാതാക്കൂ
 17. "ദൈവമുണ്ടെങ്കിൽ
  അയാളൊരു വിഡ്ഡിയാണ്.
  അല്ലെങ്കിലേവരും."

  ഇത് ദൈവമുണ്ടെന്ന് തന്നെയല്ലേ പറയുന്നത്? :)

  മറുപടിഇല്ലാതാക്കൂ
 18. ...ചോരയുണ്ണാനെന്നെ സൃഷ്ടിച്ചവനെന്തിന്
  ദാഹമകറ്റുന്നേരം
  കൊല്ലാനവർക്ക് ചോദന നൽകി?..

  ഇനി കുത്തി കുടലെടുത്താലും വേണ്ടീല..കൊതുതിരി കത്തിക്കുന്ന പ്രശ്നമേയില്ല..!!


  രൊമ്പ..പുടിച്ചിരിക്ക്ണ്..!
  ഒത്തിരി ആശംസകള്‍..!!

  മറുപടിഇല്ലാതാക്കൂ