ചൊവ്വാഴ്ച, നവംബർ 22, 2011

17 വലിച്ചു കീറുക പടുതകൾ


മുഖത്ത്,
പ്രായം ചുന പൊട്ടി,
ത്വക്ക് പൊള്ളിയ്ക്കുന്ന
വാര്‍ദ്ധക്യസഞ്ചാരപാതകള്‍.

കാതില്‍,
ലോകവേഗങ്ങളില്‍,
കാലം പതിച്ചു പാഞ്ഞ,
ദുരന്തകാവ്യങ്ങളുറങ്ങുന്ന
വലിയ ഗുഹാമുഖങ്ങള്‍.

ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ,
അഴുകിയ മനുഷ്യത്വത്തിന്റെ-
വഴുവഴുപ്പില്ലാത്ത,
പ്രാരാബ്ധം തേച്ചുമിനുക്കിയ,
അസ്ഥിപഞ്ജരം.

ചേറില്‍ പുതഞ്ഞ്,
വിയര്‍പ്പില്‍ കുളിച്ച്,
ചലം ഛര്‍ദ്ദിയ്ക്കുന്ന
നാനായിടങ്ങളില്‍,
ദരിദ്രസമ്പത്തില്‍
ആര്‍ത്തിപൂണ്ടടുക്കുന്ന
ഈച്ചകള്‍...
പുഴുക്കള്‍...

ധൃതിയുടെ മഹാമാരിയില്‍
കുടയെടുക്കാന്‍ മെനക്കെടാതെ,
ധൃതി കൊണ്ട്,
അഹങ്കാരജ്വരം മൂത്ത്,
സ്വാര്‍ത്ഥതച്ചുമ ചുമച്ച്,
ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന
അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍,
അപരന്റെ കാതിലോതുന്നു
"വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക്
വഴിമാറി നടക്കാം"

കുബേരസന്യാസീ...
മണിമാളികയുടെ പടുതകള്‍
വലിച്ചുകീറുക.
ധൂളി പാര്‍ക്കുന്ന
ചില്ലുജാലകങ്ങള്‍
തകര്‍ത്തെറിയുക.
ഉയരങ്ങളില്‍ നിന്ന് ചാടി
ആത്മഹത്യ ചെയ്യുക.
നല്ലൊരു പുനര്‍ജ്ജനി
നാളെയുണ്ടാകട്ടെ.


പടുത : കര്‍ട്ടന്‍
സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍ കഴിയുന്ന ദ്രവങ്ങള്‍.

17 അഭിപ്രായങ്ങൾ:

 1. കൂട്ടുകാരാ കേൾക്കുന്നില്ലേ ചില നിലവിളികൾ....


  ഒളിഞ്ഞുനോക്കാൻ വെമ്പുന്ന മകരത്തണുപ്പ് തുളച്ചു കയറുന്ന മുഷിഞ്ഞ്കീറിയ പരുത്തിത്തുണി ധരിച്ച വ്യഥിതജീവിതങ്ങളുടെ ,കാലാന്തരങ്ങളായൊതുക്കിയ വേദനയുടെ മാറ്റൊലിക്കൊള്ളലാണത്......

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2011, നവംബർ 22 3:31 PM

  വല്ലതും മനസിലാകുന്ന ഭാഷയില്‍ എഴുതിയാല്‍ വല്ല കൊയപ്പവും ഉണ്ടോ ? അതോ കഞ്ചാവും ഉത്തരാതുനികതവും അടിച്ചു ചലം ചര്ദ്ധിച്ചതാണോ ?
  ഇനി ആരോട് ചോദിച്ചാ ഇതൊന്നു മനസിലാക്കി തരും ??പണ്ടിതമ്മാര്‍ ഒന്ന് സഹായിക്കാവോ ?

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാത'സുഹൃത്തേ'...പറ്റുമെങ്കിൽ തൃശ്ശൂരു വരൂ...മലയാളം മുൻഷിമാർ ഒരുപാടുണ്ട്....

  മറുപടിഇല്ലാതാക്കൂ
 4. രേന്ജ്ജു, ഈ കവിത വായിച്ച മനമാറ്റം ഉണ്ടായാല്‍ പിന്നെ കുബേരന്‍ ആത്മഹത്യാ ചെയ്യേണ്ടല്ലോ? അതോ അത് തന്നെയാണോ കവി ഉദേശിച്ചത്?
  ഓര്‍ക്കുക ഒരുനാള്‍ നീയുമൊരു കുബേരനാകും!
  നന്നായിരിയ്ക്കുന്നു, അനിയാ!

  മറുപടിഇല്ലാതാക്കൂ
 5. പ്രമേയം ഒട്ടും പുതുമ ഇല്ലെങ്കിലും പറയാന്‍ എടുത്ത വാക്കുകള്‍ കേമം തന്നെ

  മറുപടിഇല്ലാതാക്കൂ
 6. വീണ്ടും പേരുമാറ്റിയോ? കവിത ഇഷ്ടായി..അതി തീവ്രമായ വരികള്‍...

  മറുപടിഇല്ലാതാക്കൂ
 7. ബിജുവേട്ടാ...കുബേരസന്യാസികൾ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
  വ്യക്തമാക്കാം.
  സർവ്വസംഗറിത്യാഗികളായി പോകുന്നവരല്ലേ സംന്യാസിമാർ..അത് പോലെ കുബേരരായിക്കഴിഞ്ഞാൽ സാമൂഹികപ്രതിബദ്ധത തെല്ലുമില്ലാതെ,(സമൂഹത്തെ ത്യജിയ്ക്കുന്ന) ജീവിക്കുന്നവർ എന്ന് സാരം... :)

  മൂസാക്കാ...
  പ്രമേയം :) പ്രണയം മാത്രമല്ലേ ഇഹലോകത്ത് ദശലക്ഷം കൃതികളെ പ്രസവിയ്ക്കുന്നത്...നെരൂദയുടെ കവിതകളെ എത്ര രീതിയിൽ മലയാളകവികൾ പുനരാവിഷ്കരിച്ചിട്ടുണ്ട്... :)
  കമ്പരും വാൽമീകിയുമെല്ലാം എഴുതിയത് രാമായണം തന്നല്ലെ.... അപ്പോ ഈ എളിയവനായ എനിയ്ക്കും ഒന്ന് പയറ്റാമല്ലോ....

  മറുപടിഇല്ലാതാക്കൂ
 8. കുബേരസന്യാസീ...
  മണിമാളികയുടെ പടുതകള്‍
  വലിച്ചുകീറുക.
  ധൂളി പാര്‍ക്കുന്ന
  ചില്ലുജാലകങ്ങള്‍
  തകര്‍ത്തെറിയുക.
  ഉയരങ്ങളില്‍ നിന്ന് ചാടി
  ആത്മഹത്യ ചെയ്യുക.
  നല്ലൊരു പുനര്‍ജ്ജനി
  നാളെയുണ്ടാകട്ടെ.


  കൊള്ളാം... പ്രദീക്ഷക്ക് വകയുണ്ടോ....

  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 9. ബിംബങ്ങളും പ്രയോഗങ്ങളും നന്നായിട്ടുണ്ട് ,,തുടരുക ,,ആശംസകള്‍ :)

  മറുപടിഇല്ലാതാക്കൂ
 10. ആത്മഹത്യ ചെയ്യുന്നത് എല്ലാ പ്രതീക്ഷയും നശിക്കുമ്പോഴല്ലേ?ആദ്യത്തെ വരികളില്‍ കാണുന്ന കവിതയുടെ മിന്നല്‍ ദ്യുതി അവസാനമെത്തുമ്പോള്‍ ഏകാഗ്രതയുടെ കുറവ് മൂലമാകാം ശോഷിച്ചു പോകുന്നു .തുടക്കത്തില്‍ പക്ഷെ വളരെ കൃത ഹസ്തനായ ഒരു കവിയെ കാണാം എന്നത് എടുത്തുപറയാതെ വയ്യ ...അവസാനത്തെ പാരഗ്രാഫ് ഒഴിവാക്കിയിരുന്നെങ്കില്‍ എന്നും തോന്നി ,,,,

  മറുപടിഇല്ലാതാക്കൂ
 11. ചേറില്‍ പുതഞ്ഞ്,
  വിയര്‍പ്പില്‍ കുളിച്ച്,
  ചലം ഛര്‍ദ്ദിയ്ക്കുന്ന
  നാനായിടങ്ങളില്‍,
  ദരിദ്രസമ്പത്തില്‍
  ആര്‍ത്തിപൂണ്ടടുക്കുന്ന
  ഈച്ചകള്‍...
  പുഴുക്കള്‍..

  വരികള്‍ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 12. നല്ലൊരു പുനര്‍ജ്ജനി
  നാളെയുണ്ടാകട്ടെ.. ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 13. കവിതയാണ് അല്ലെ
  പിന്നെ അഭിപ്രായം പറയാന്‍ ഒന്നും മനസ്സിലായി ഇല്ല :)
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  മറുപടിഇല്ലാതാക്കൂ
 14. രഞ്ജിത്ത് ഉപയോഗിക്കുന്ന ബിംബങ്ങള്‍ തീവ്രവും ശക്തവുമാണ്... വിഷയപരിസരത്തിലുള്ള ആഴമേറിയ ചിന്തയുടെയും വൈകാരികതലത്തിലുളവായ അലകളുടെയും പ്രതിഫലനങ്ങളായി ഞാന്‍ ഈ കല്‍പ്പനകളെ വായിച്ചെടുക്കുന്നു... തുടരുക...

  കവിതക്ക് നീളം കൂട്ടുവാനുള്ള ഒരു ശ്രമം അറിയതെ വന്നുപോയോ എന്ന് എനിക്കു തോന്നിയത് കവിതയെഴുത്തിനെക്കുറിച്ചുള്ള എന്റെ അറിവിന്റെ പരിമിതികൊണ്ടാണെന്നു തോന്നുന്നു...

  മറുപടിഇല്ലാതാക്കൂ
 15. നല്ലൊരു പുനര്‍ജ്ജനി
  നാളെയുണ്ടാകട്ടെ..
  നന്നായി സുഹൃത്തേ..
  പ്രമേയം പഴതാകാം..പക്ഷെ മനുഷ്യത്വത്തിന് മാറ്റം വന്നുകൂടല്ലോ..
  എഴുതുക.. നമുക്ക് ചുറ്റുമുള്ള ലോകത്തെ.. നമ്മെ തന്നെ..
  http://hakeemcheruppa.blogspot.com/

  മറുപടിഇല്ലാതാക്കൂ
 16. കുബേരസന്യാസീ...
  മണിമാളികയുടെ പടുതകള്‍
  വലിച്ചുകീറുക.
  ധൂളി പാര്‍ക്കുന്ന
  ചില്ലുജാലകങ്ങള്‍
  തകര്‍ത്തെറിയുക.
  ഉയരങ്ങളില്‍ നിന്ന് ചാടി
  ആത്മഹത്യ ചെയ്യുക.
  നല്ലൊരു പുനര്‍ജ്ജനി
  നാളെയുണ്ടാകട്ടെ.പ്രതീക്ഷിക്കാം നമുക്ക് ...ആഴത്തിലുള്ള വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ