ശനിയാഴ്‌ച, ജൂൺ 09, 2012

7 ജാർത്തെ ബാൽദോർ : ഒരു നോർവീജിയൻ തെണ്ടി (Bjarte Baldor: A Norwegian Beggar)


അയാൾ,
അനാഥനഗരത്തിന്റെ കാവൽക്കാരനായിരുന്നു.
തിളങ്ങുന്ന കുപ്പായമില്ലാതെ,
കീറത്തുണിയാൽ മറയ്ക്കപ്പെട്ടവൻ.

ചക്രമുരഞ്ഞ്
തീപാറും സരണികളിൽ,
സ്കാൻഡനേവിയൻ[1] തണുപ്പുറഞ്ഞ്
മരവിച്ചയാൾ കിടന്നു.

യൂറോ ഞെരുക്കത്തിൽ,
ശരീരാതിർത്തിയിൽ നിന്ന്,
നിർദ്ദയം ഒലിച്ചുപായുകയാണ്,
മണ്ണും പെണ്ണും ഊണും ഉറക്കവും.

എഗ്ദ്രസീൽ[2] മരയൂറ്റം,
രാജത്വം പൊലിപ്പിച്ച,
പഴം പേച്ചുകൾ;
തന്റെ കീറത്തുണിക്കെട്ടുകൾ.

ശോഷിച്ച ഫെൻറിറുകൾ[3]
ദംഷ്ട്രകളഴിച്ച്,
സലാങ്സ്ദലേനിലെ[4] ധ്രുവശാലയിൽ,
അഴിക്കൂട്ടിൽ ഉറക്കമാണ്(?)

ദക്ഷിണാധീശത്വം,
ശ്വാസം നിലപ്പിയ്ക്കുമാറ്,
നോഴ്സുകളുടെ[5];എന്റെ
കഴുത്തിൽ കുരിശായ് മുറുകുന്നു.

പ്രാചീനസുഭഗതയുടെ
കന്യാഛേദം ചെയ്യപ്പെട്ട യോനിയുമായി,
ഞങ്ങൾ മരിയ്ക്കുകയാണ്;
ഞങ്ങളെത്തേടിത്തളർന്ന്.

ഇനി നടന്നകലാം.
കാതടപ്പിയ്ക്കുന്ന മൂളലുകളിലേയ്ക്ക്.
തീ പാറുന്ന സരണിയ്ക്ക് കുറുകേ...
അടയാളമവശേഷിപ്പിയ്ക്കാത്ത,
വെറുമൊരു തെണ്ടിയായി,
പൂർവ്വിക പ്രൗഢി സന്നിവേശിപ്പിച്ച
സൂക്ഷ്മ പർവ്വതങ്ങളുടെ കൽവീഥിയിലേയ്ക്ക്
ആ തിളങ്ങുന്ന രാജകുമാരൻ
അരഞ്ഞു ചേർന്നു.ജാർത്തെ ബാൽദോർ : Bright Prince
1: സ്കാൻഡനേവിയൻ രാജ്യങ്ങൾ :ആർട്ടിക് പ്രദേശത്തോടടുത്തുകിടക്കുന്ന വടക്കൻ യൂറോപ്പിലെ രാജ്യങ്ങൾ.പ്രധാനമായും ഡെന്മാർക്ക്,നോർവ്വെ,സ്വീഡൻ എന്നിവ.

2.എഗ്ദ്രസീൽ(Yggdrasil): നോഴ്സ് (ജർമ്മൻ പാഗൻ വിശ്വാസത്തിന്റെ ലഘുരൂപം) പുരാണങ്ങളിലെ 9 ലോകങ്ങളിലേയ്ക്കും പാത ചമച്ച വിശുദ്ധ മരം.
 

3.ഫെൻറിർ  : ഭീമൻ ചെന്നായ
 

4.സലാങ്സ്ദലേൻ : നാർവിക്ക് എന്ന നോർവ്വെയിലെ നഗരത്തിൽ നിന്നും 20 കിലോമീറ്ററോളം മാറി സ്ഥിതി ചെയ്യുന്ന വനപ്രദേശം.ആല്പൈൻ തുന്ദ്ര വനഭൂമിയാണിത്.ഇവിടെ ധ്രുവമൃഗശാല ഉണ്ട്.
 

5.നോഴ്സ് : സ്കാൻഡനേവിയയിലെ പൂർവ്വികർ വിശ്വസിച്ചിരുന്ന പുരാണം. നോഴ്സ് മിത്തോളജി ആണവിടെ പുലർന്നിരുന്നത്.തെക്കുനിന്നുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ കടന്നുകയറ്റം നോഴ്സുകളെ പാടെ ഇല്ലാതാക്കുകയും അവിടെ കൃസ്ത്യൻ മതവിശ്വാസം സ്ഥാപിയ്ക്കുകയും ചെയ്തു.
വിവരങ്ങൾ : en.wikipedia.org
                 www.anorwayattraction.com

7 അഭിപ്രായങ്ങൾ:

 1. സുഭഗതയുള്ള കവിത .പക്ഷെ അറിയാത്ത പ്രദേശങ്ങള്‍ ,സംഭവങ്ങള്‍ ഒക്കെ ചിത്രീകരിക്കുംപോഴുള്ള ചില കുഞ്ഞു കുഞ്ഞു കുഞ്ഞു പ്രശ്നങ്ങള്‍ .എങ്കിലും ഭാവിയുടെ കവി ഇവിടെ ഇതാ ഞങ്ങള്‍ക്ക് കാണാനാകുന്നുണ്ട് ,

  മറുപടിഇല്ലാതാക്കൂ
 2. ആശംസ നെരാനല്ലാതെ ഒന്നും എനിക്ക് കഴിയില്ല. കാരണം കവിഉത പണ്ടേ എന്നെ കുഴക്കുന്ന ഒന്നാണ്.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. നല്ല രസമായി വായിക്കാൻ കഴിയുന്ന കവിത. പക്ഷെ അറിയപ്പെടാത്ത സ്ഥലങ്ങളുടെ പ്രതിപാദനം കൂടുതലാവുന്നത് വായനയ്ക്ക് അലോസരമുണ്ടാക്കുന്നു. വല്ലാത്ത ഒരു അകൽച്ച അത് വായനക്കാരിൽ സൃഷ്ടിക്കാൻ ഇടയാക്കും.! സംഗതി രഞ്ജിത്തിന്റെ മാനസിക സംതൃപ്തിക്കാണ് ഈ എഴുത്ത് എന്ന് പറയാമെങ്കിലും കൂടുതൽ ആളുകൾ വായിക്കാനാണല്ലോ നമ്മൾ ബ്ലോഗ്ഗെഴുതി അത് വായനക്കാരിലേക്ക് എത്തിക്കുന്നത്.! നല്ല വരികൾ. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 4. വിവരണം ഉണ്ടായത് കൊണ്ട് കുറച്ചൊക്കെ മനസിലായി...


  സ്നേഹാശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 5. ഭാവതീവ്രതയുള്ള വരികള്‍.നന്നായിരിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. രണ്ഞു, നീ കാര്യയിട്ട് എന്തോ പറയാന്‍ ഉദ്ദേശിച്ചിട്ടുന്ടെന്നു മനസ്സിലായി...പക്ഷെ അത് മനസ്സിലാക്കാനുള്ള വിവരം എനിക്കില്ലാത്തത് കൊണ്ട് വായിച്ചു എന്ന് മാത്രം പറഞ്ഞു പോകുന്നു :-(

  മറുപടിഇല്ലാതാക്കൂ
 7. പാവം പാവം രാജകുമാരന്‍ ....
  ആഗോളതാപനത്തിലാ ആര്‍ട്ടിക്ക്‌ മഞ്ഞൊക്കെ ഒന്ന് ഉരുകി തീരട്ടെ..... അപ്പൊ പിന്നെ ഒരു തീ പാറുന്ന സരണിയുമുണ്ടാവില്ലാ ദക്ഷിണാധിനിവേശവുമുണ്ടാവില്ലാ... സര്‍വ്വം ശൂന്യം...

  മറുപടിഇല്ലാതാക്കൂ