വ്യാഴാഴ്‌ച, നവംബർ 29, 2012

0 ഇവ ഈയലുകളല്ല.


അരിച്ചരിച്ച് നീങ്ങുന്ന
ചിറകുള്ള ഉറുമ്പുകൾ,
ഉറുമ്പുതീനികളുടെ ഭക്ഷ്യാവശിഷ്ടങ്ങളാണ്.
അവ ചപ്പിക്കുടഞ്ഞ കൈകൾ
(ചിറകുകളായി !)
വിട്ടു വിട്ടില്ലെന്ന മട്ടിൽ
ഉറുമ്പുടലിൽ അള്ളിപ്പിടിച്ച്
കള്ളുകുടിയന്മാരെപ്പോലെ
വായുവിനെ വകഞ്ഞ് മാറ്റുന്നു.

പുസ്തകത്താളിടയിൽ,
ശവം കൊണ്ട് ചിത്രം വരയ്ക്കാറുള്ള,
ബ്ലീച്ച് ചെയ്യപ്പെട്ട തുമ്പികളുടെ,
പ്രോട്ടോടൈപ്പ് ആയി,
ചില
ചിറകുള്ള ഉറുമ്പുകളെ കാണാം.

ആറു കാല്പാദങ്ങളേക്കാൾ വിസ്തീർണ്ണമുള്ള ചിറകുകൾ
സ്വപ്നങ്ങളിലെ പറവകളോടുള്ള,
ചിറകുറുമ്പുകളുടെ സാദൃശ്യമെന്നും,
രസന, അതുല്യമെന്നും
കൂകിപ്പരത്തുന്നു ;കുയിലുകൾ.

വിളക്കുവെയിൽ ഇരവ് വാഴുന്ന,
നഗരവീഥികൾക്കന്യരല്ലാത്ത തെരുവ് ജീവികളാണ്,
വികാരാവേശിതരായ ചിറകുറുമ്പുകൾ;
ഇരുളും തിളക്കവും തേടുന്ന
ലിപ്സ്റ്റിക് കൊണ്ടലങ്കരിച്ച തടിച്ച ചുണ്ടുള്ളവ,
വെളിവും മിനുപ്പും തേടുന്ന
ക്രോപ്പ് ചെയ്ത മുടിയുള്ളവ,
തലയെടുപ്പൊടിച്ചു മടക്കി,
കുന്തിച്ചിരിയ്ക്കുന്നവ.

ചുരുക്കത്തിൽ ചിറകുറുമ്പുകൾ,
ഭോജനശാലയിലെ
തീൻ മേശയ്ക്കു -
മുകളിലേയ്ക്കും
വശങ്ങളിലെ ഇരിപ്പിടങ്ങളിലേയ്ക്കും
ചുരുങ്ങുന്നു.

പല മാധ്യമങ്ങളിൽ വിഹരിയ്ക്കുന്ന
ബഹുമുഖ പ്രതിഭാശാലിയാണ് ചിറകുറുമ്പ്.

0 മഹാനായ വായനക്കാരന്റെ മറുചിന്തകള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ