ചൊവ്വാഴ്ച, ജൂലൈ 09, 2013

5 പൊറകോട്ട്

ചുളിവു വീണ ബെഡ്ഷീറ്റിനു മുകളിൽ,
പത്തു മിനിറ്റു മുൻപ്,
നീയും ഞാനും
സ്വയം മറന്ന് കിടക്കുകയായിരുന്നു.

പതിനൊന്നു മിനിറ്റു മുൻപ്,
വല്ലാത്ത ആവേശത്തിൽ
പടവെട്ടുകയായിരുന്നു.

പതിനഞ്ചു മിനിറ്റു മുൻപ്,
ഞാൻ നിന്നെയെന്നോടു ചേർത്തമർത്തി
ഉമ്മ വയ്ക്കുകയായിരുന്നു.

ഇരുപത്തിയഞ്ചു മിനിറ്റു മുൻപ്
ഞാൻ നിന്റെ കവിളു തലോടുകയായിരുന്നു.

മുപ്പതുമിനിറ്റു മുൻപ്,
നീ
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരുന്നു.
ഞാനീ ചാരുകസേരയിൽ,
ഒരു സിഗരറ്റ് പുകച്ചിരിക്കുകയായിരുന്നു.

നാൽപത്തഞ്ച് മിനിറ്റു മുൻപ്
ഞാനാ തെരുവിന്ററ്റത്തെവീട്ടിലെ,
മുറിയൊഴിയുന്നതും കാത്തകത്തൊരു
മൂലക്കിരിയ്ക്കുകയായിരുന്നു.

ഒരു മണിക്കൂർ മുൻപ്,
ഞാനാ തള്ളയോട്
നിനക്കു വേണ്ടി പേശുകയായിരുന്നു.

ഒന്നര മണിക്കൂർ മുൻപ്,
ഞാനെന്റെ പെണ്ണിന്റെ ബ്രായ്ക്കകത്തൂന്ന്,
അവളുടെ മുലയുഴിഞ്ഞ്,
രണ്ടുമ്മ കൊടുത്ത്,
നാലു നൂറുനോട്ടുകൾ
പിഴുതെടുക്കയായിരുന്നു.

നീ പക്ഷേ അപ്പോഴും,
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരുന്നു.
ഇനി അടുത്ത തൊണ്ണൂറാം മിനിറ്റിലും,
നീ,
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരിയ്ക്കും.

ഇങ്ങനെ നിവർത്തി നിവർത്തി,
ഒടുക്കം ചുളിയുന്നേടത്ത്
നീ അവസാനിയ്ക്കുന്നു.
കുറേ വികാരപ്രേതങ്ങൾ,
ഊരു ചുറ്റാനിറങ്ങുന്നു.

5 അഭിപ്രായങ്ങൾ:

 1. കവിതയുടെ പെരുമഴക്കാലമാണോ..... പുതിയ ഭാവതലങ്ങള്‍ തേടി, പുത്തന്‍ ഭാഷതേടി, പുത്തന്‍ രൂപമാതൃകകള്‍ തേടി കവിത പെയ്തിറങ്ങുകയാണോ.....

  മറുപടിഇല്ലാതാക്കൂ
 2. ഒളിക്യാമറയുണ്ടോന്ന് മാത്രം ഒന്ന് നോക്കിയേക്കണേ......!!

  മറുപടിഇല്ലാതാക്കൂ
 3. എല്ലാം പുറകോട്ടു തന്നെ.
  ഒരു പുതിയ വായനാനുഭവം നൽകുന്നു.
  കുറേ വികാരപ്രേതങ്ങൾ ഊരുചുറ്റാനിറങ്ങുന്നത് ഇനിയും തുടർന്നുകൊണ്ടേയിരിക്കും.
  അതിനുമുന്നിൽ കാലം പോലും നിസ്സഹായനാണ്.

  മറുപടിഇല്ലാതാക്കൂ
 4. വിശപ്പിന്‍റെ വിളിയില്‍ ഭ്രാന്തുകള്‍ അഭിരമിക്കുന്നു!

  മറുപടിഇല്ലാതാക്കൂ
 5. മനോഹരം..കേട്ടാല്‍ കാലം നെറ്റി ചുളിക്കുന്ന ഈ വാക്കുകള്‍

  മറുപടിഇല്ലാതാക്കൂ