ശനിയാഴ്‌ച, മാർച്ച് 15, 2014

4 ഉറക്കം എന്ന സംഭാവ്യതയെക്കുറിച്ച്


അകത്ത് ആളുകൾ
അതിവേഗം പായുന്ന ഉറക്കവണ്ടികളിലാണ്.
ചുമരുകളിൽ നിന്നും ചുമരുകളിലേയ്ക്കും,
മേൽക്കൂരയിലേയ്ക്കും
ഇവ ചുറ്റിപ്പടർന്നു കയറുന്നുണ്ട്.
സഞ്ചാരങ്ങളുടെ കടുംപാടുകൾ
അടർന്ന ചുമരലങ്കാരങ്ങളായി
വസൂരിക്കല പോലെ ശേഷിയ്ക്കുന്നു.

അറകളിലെ ഞരക്കങ്ങൾ
ഓരോ ചെറിയ ഇടകളിലൂടെയും നൂഴ്ന്നിറങ്ങി
തുറകളിലെ ഉറക്കങ്ങൾക്ക് മീതെ കലഹിയ്ക്കുന്നു.
കാതിന്റെ മുൻപിൽ,
ഞാനാദ്യം ഞാനാദ്യം എന്നോരിയിട്ട്
അവ ഊഴം കാത്ത് കിടക്കുകയും
ചിലപ്പോൾ മരണപ്പെടുകയും ചെയ്യുന്നു.

ചിലങ്കയൊട്ടിയ ഇളംകാൽവിടവുകളിലേയ്ക്കുള്ള
ഉറക്കവഴികളിൽ
ഒരു മീശയുടെ കിരുകിരുപ്പ്.
ചോരച്ച കൺതുരുത്തുമേലുള്ള
പുരികപ്പടർപ്പിന്റെ കനത്ത ഗന്ധം.

കടലു പോലെ
ഉറക്കം ഒഴുകി വ്യാപിയ്ക്കുന്നു.
ആളുകൾ നിന്നിടത്ത് അതേപടി ഉറങ്ങിപ്പോകുന്നു.
ചിലപ്പോളൊക്കെ പിറന്ന പടിയും.
നിരത്തുകളിൽ
എല്ലാ പ്രതിബന്ധങ്ങളും തകർത്ത്
ഡ്രൈവർമാർ
കടലിലേയ്ക്ക് ഉറങ്ങിയൊഴുകുന്നു.
വെള്ളത്തിനു രുചി ഉപ്പും നിറം ചുവപ്പുമാകുമപ്പോൾ.
തീവണ്ടികൾ നിലയ്ക്കാതെ ഉരുളുന്നു.
പാളം തെറ്റി മറിഞ്ഞതിനു ശേഷവും
മുരണ്ടുകൊണ്ടിരിയ്ക്കുന്നു.
ഓരോ യന്ത്രവും, തിരിഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.

ചുരുക്കത്തിൽ,
ജീവനുള്ളവ മാത്രം ഉറക്കമുള്ളവയാവുകയും
ഉറക്കമുള്ളവ മാത്രം ഉറങ്ങിപ്പോവുകയും ചെയ്യുന്നു.

സ്വപ്നങ്ങളിൽ അവർ
നിർത്തിയേടത്തുനിന്നും തുടരുന്നു.

ഒട്ടിച്ചേർന്നു നിന്നവർ ചുറ്റും കണ്ണോടിച്ച്,
ഒരുപാടു നേരമായെന്നു ധരിച്ച്,
ഞെട്ടിയകന്നു മാറുന്നു.

മുൻപിലെ ജനക്കൂട്ടം കണ്ട്
ബ്രേക്ക് ചവിട്ടുന്നു, വണ്ടിയോട്ടക്കാരൻ.

പറക്കുന്ന വിമാനത്തിന്റെ
ഉയരം ക്രമീകരിയ്ക്കുന്നു, വൈമാനികൻ.

ആണവനിലയത്തിൽ,
നിയന്ത്രിതസ്ഫോടനം ഉറപ്പുവരുത്തുന്നു, ശാസ്ത്രജ്ഞർ.

സ്വപ്നങ്ങളിൽ എല്ലാം നിയന്ത്രണാധീനമാണ്.
എല്ലാം സമാധാനപ്പെടലാണ്.
ലോകം സുന്ദരമായ നാളെകളിലേയ്ക്ക് പിറക്കുകയാണ്.

പക്ഷേ, ലോകം
ഉറക്കം എന്ന സാമ്പ്രദായിക ലഹരി മൊത്തി,
മനുഷ്യരാഹിത്യത്തിന്റെ രഹസ്യഭൂമികയാവുകയാണ്.
 

4 അഭിപ്രായങ്ങൾ: