ഞായറാഴ്‌ച, മാർച്ച് 30, 2014

1 ഹർത്താൽ/മരണപ്പെടുന്നത്അപ്രതീക്ഷിതമായൊരു ഹർത്താലിൽ റദ്ദ് ചെയ്യപ്പെടുന്ന ഓർമ്മകൾ.
തലങ്ങും വിലങ്ങുമുള്ള ചിന്തകൾ
അർദ്ധോക്തിയിൽ അവസാനിയ്ക്കുന്നു.

"നീ ഒരു കരകാണാപ്പക്ഷിയാണ് " എന്ന ചിന്ത,
"നീ ഒരു കര " എന്ന
വിപരീതാർത്ഥമുള്ളിടത്ത് / വിശാലാർത്ഥമുള്ളിടത്ത്
കുത്തിയിരുന്ന് കിതയ്ക്കുന്നു.
കിതപ്പുപോലും നിശബ്ദമാണ്.
ഓർമ്മകളെ അകത്തേക്കെടുക്കുകയും
മറവികളെ പുറത്തേയ്ക്ക് തള്ളുകയും ചെയ്യുന്ന
ബൗദ്ധികോഛ്വാസങ്ങളും
നിശബ്ദമായി കിതയ്ക്കുന്നുണ്ട്.
അത്
താളാത്മകമായി നിലയ്ക്കുന്നൊരു കമ്പനം കണക്ക്
ശാന്തമാകുന്നു.

നിരത്തുകൾ,
ഓവുചാലിന്റെ സഫലമാകാത്തൊരു സ്വപ്നമെന്നോണം
സ്വച്ഛമായി,
രക്തച്ചുവയോ,
ആഹാരാവശിഷ്ടങ്ങളോ,
വാഹനച്ചീറ്റലുകളോ അവയുടെ
കെട്ടിനാറുന്ന പുകമൂടലോ ഇല്ലാതെ
കറുത്തുകിടക്കുന്നു.
അതെ, ഞരമ്പുകൾ തന്നെ.

നാഡീതരംഗങ്ങൾ
വഴിനടുവിലെ തടവുകെട്ടിയ
കല്ലുമൂർച്ചയിൽ തട്ടി വീണ്,
എണീറ്റുനടന്ന്,
രക്തം വാർന്ന് കുഴഞ്ഞുവീഴുന്നു.

അനുകൂലികൾ തകർത്ത
കാഴ്ച-കേൾവി-സ്പർശം-സ്വാദ്-ഗന്ധ
അതാതിന്റെ ഉറവിടങ്ങളിലേയ്ക്ക്
തിരിച്ചുപോകാൻ ശ്രമിക്കുകയും
ഒന്നു ഞരങ്ങിക്കൊണ്ട്
അവസാനിയ്ക്കുകയും ചെയ്യുന്നു.

മരണപ്പെടലിലെ സമരക്കാഴ്ചകൾ.

1 അഭിപ്രായം: