വ്യാഴാഴ്‌ച, മേയ് 01, 2014

1 ഒറ്റയായിപ്പോയേക്കാവുന്ന മഞ്ഞകൾ.


വിജനമായ,
കൽവിളക്കുകളുള്ള,
വഴികളിലൂടെ നടക്കുകയാണ്.
പൂത്താങ്കീരിച്ചാട്ടങ്ങളുമായി,
ഇരുട്ടിലൂടെ,
എവിടെയോ മറന്നു വച്ച
താറാവുനടത്തങ്ങൾ
തിരികെയെടുക്കാൻ.
ഓരോ വിളക്കുവട്ടത്തിലും
മുഖത്തിഴഞ്ഞുപോകുന്ന
മഞ്ഞച്ചായം.
ഇരുപുറത്തുനിന്നുമാഞ്ഞുവീശുന്ന
കനത്ത ചതുപ്പുമണം.
ഒറ്റ ഒറ്റ
എന്ന്
ആഞ്ഞ് തുപ്പുന്ന മരം.
വിളക്കിലൂടൊഴുകി
ഇലകളിൽ നിന്നും
ഇറങ്ങി,
നിലത്ത്
ഇരുട്ടിലിക്കിളിപ്പെടുന്ന
നിഴലുകൾ.
ഒറ്റ ഒറ്റ
എന്ന്
പൂത്താങ്കീരിത്തരങ്ങളെ
ആട്ടിയാട്ടി
ഒരു കാട്ടുപുല്ല്.
താറാവുനടത്തങ്ങൾ മറന്നുവച്ചത്
പക്ഷേ
ചുവന്ന പരവതാനി വിരിച്ച
തെരുവിലായിരുന്നല്ലോ
എന്ന്
അത്ഭുതപ്പെട്ടു പോകവേ,
ഒരു മഞ്ഞ വിളക്ക്
മുഖത്തുകൂടി
ഒറ്റനടത്തം.

1 അഭിപ്രായം: