ശനിയാഴ്‌ച, ജൂൺ 21, 2014

2 വിജാഗിരികൾ

ലോകം അടിസ്ഥാനപ്പെടുന്നതു തന്നെ
ഒരുപാട് വിജാഗിരികളിലാണ്.
നിരന്തരം തുറക്കാവുന്നതും അടക്കാവുന്നതുമായ
വാതിലുകൾ,
കിളിവാതിൽ മൂടികൾ,
ഉപ്പുപെട്ടിയുടെ മേല്പ്പാളികൾ,
കൈകൾ
കാൽമുട്ടുകൾ.
പക്ഷേ,
ഇത് ഭൗതിക വിശദീകരണമാണ്.

നമ്മളിന്നു വാതിൽ തുറന്നപ്പോൾ
ഇടനാഴിയുടെ അരികിലൂടെ
ഒരു വിജാഗിരി
ഇടത്തും വലത്തും തൂത്ത്
ചാവികൊടുത്തപോലെ
മുന്നോട്ട് നടന്ന് പോകുന്നുണ്ടായിരുന്നു.

സായാഹ്നത്തിലെ
പാർക്കിലെ പിസാപാതിരായ്ക്ക്,
കടലാസുകവറുകൾ
പെറുക്കിയെടുത്ത്
ആടിയാടിപ്പോകുന്നുണ്ടായിരുന്നു
ഒരു നരച്ച
തുരുമ്പിച്ച വിജാഗിരി.

പാർക്കിംഗ് ലോട്ടിന്റെ
എൻട്രൻസിനടുത്ത്
നല്ല പട്ടാളക്കുപ്പായമിട്ട്
മറ്റൊരു വിജാഗിരി ഇപ്പോഴുമുണ്ട്.

വലം കയ്യിൽ
നിരന്തരം ചലിയ്ക്കുന്ന ഡെസ്ക് ക്ലീനർ വൈപ്പും
ഇടത്തേക്കൈയിൽ
അഴുക്കുപുരണ്ട പാനുമായി വരാറുള്ള
ഏഴുവയസ്സുള്ള വിജാഗിരി
നമ്മുടെ കുഞ്ഞൂന്റത്രേയുള്ളൂ അല്ലേ?

റോഡ് അമർത്തിയരച്ചുകൊണ്ടിരിക്കുന്ന
സ്റ്റീൽ വീൽഡ് റോളറിന്റെ
അടി നനച്ചുകൊണ്ടിരിയ്ക്കുന്ന
തലേക്കെട്ടു കെട്ടിയ
കറുത്തുറച്ച ഒരു വിജാഗിരിയായിരുന്നു
എന്റച്ഛൻ.

അടുക്കളവാതിലിന്റെ
നിരന്തരമുള്ള പുകച്ചുമകൾക്ക്
മരുന്നുതേടിക്കരിഞ്ഞ
ഒരു പാവം
നാട്ടുവൈദ്യക്കാരിയായ വിജാഗിരിയായിരുന്നു
എന്റമ്മ.

വിജാഗിരി എന്നാൽ
എഞ്ചിനീയർമാരുടെ ഭാഷയിൽ ഹിഞ്ച്
എന്നാൽ
നിയന്ത്രിക്കപ്പെട്ട പ്രതികരണങ്ങളും
ചലനങ്ങളുമുള്ളതെന്നാണ്.

2 അഭിപ്രായങ്ങൾ: