വ്യാഴാഴ്‌ച, മാർച്ച് 15, 2012

0 വാകമരത്തണലില്‍

കല്ലമ്പലങ്ങളിൽ കാറ്റിന്റെ സംഗീതം
ഒരു മഴപ്പാട്ടുപോൽ നേർത്തുതേങ്ങി.
മെയ്യമർന്നാനന്ദ സാഗരം സൃഷ്ടിച്ച
വാടിയിൽ പുഷ്പങ്ങൾ വീണുണങ്ങി.

പ്രണയാർദ്രകൂജനം കിളികൾ പൊഴിച്ചാർത്ത
പൂമരം വേനലിൻ നോവറിഞ്ഞു.
മധുരവാഗ്ഹിമവർഷം കുളിർകോരിയണിയിച്ച
ഉഷസ്സിൽ വിരഹത്തിന്നിരുൾപടർന്നു.

സമവാക്യ സിദ്ധാന്ത സംഹിതകൾ തീർത്ത
വിജ്ഞാനവായ്പ്പിന്നിടിമുഴക്കം.
അന്തരംഗത്തിങ്കൽ ആത്മബോധത്തിന്റെ
കൈത്തിരി തെളിയിച്ച ഗുരുകടാക്ഷം.

വേർപ്പിൻ മഹത്വവും,മിത്രഗുരുത്വവും,
കൂട്ടായ്പ്പണി തീർത്ത കൊട്ടാരങ്ങൾ.
സുകുമാരസൗഹൃദവേളയി ഭാഷണ-
ഭോഷത്വം നാമൊന്നായ് കേട്ടിരുന്നൂ.

ഇന്നീ വഴിത്താര പലതായ് പിരിയവേ,
പഥികരായ് നാമെല്ലാം കൺനിറഞ്ഞോർക്കവേ,
നമ്മെപ്പിരിയുവാനാകില്ലൊരിയ്ക്കലും
നമ്മിലിന്നാർക്കുമെന്നറിയുന്നു നാം.

അത്യന്ത സുന്ദരപാഠ്യകാലങ്ങളേ...
പേരിനായ് മാത്രമീ യാത്രാമൊഴി.
പ്രോജ്ജ്വലസൗഹൃദ പ്രണയകാലങ്ങളേ...
പേരിനായ് മാത്രമീ യാത്രാമൊഴി...
വെറും...
പേരിനായ് മാത്രമീ യാത്രാമൊഴി...

0 മഹാനായ വായനക്കാരന്റെ മറുചിന്തകള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ