ചൊവ്വാഴ്ച, ഡിസംബർ 11, 2012

സന്ധ്യ


നെയ് വിളക്കിരുൾ പായിലൊരു വിടവു തീർക്കുന്നു
ശംഖനാദം കാതിൽ കുളിരായ് പടരുന്നു.
ചുറ്റമ്പലത്തിന്റെ, വെയിൽ ചാഞ്ഞ മറവുകൾ
വിശ്വനാഗാശ്വങ്ങൾ വെമ്പിവന്നേൽക്കുന്നു.

ദിവ്യനാളങ്ങളായ് മന്ത്രാഗ്നിയുയരുന്നു
അനുതാപ വർഷമായ് പുണ്യതീർത്ഥപ്പെയ്ത്ത്.
ഹരിതാഭയിരുൾ രേഖ സീമന്തമായ് ചാർത്തി,
ഇരവിലൊരു തരുവിന്റെ ശിഖരപാർശ്വം പറ്റി.

കൽ വിളക്കരികിലൂടുൾപുളകമേറ്റിയവ-
ളമ്പലക്കല്പടവു മന്ദം ചവിട്ടുന്നു.
നിതംബം കവിഞ്ഞുടലാകെപ്പരക്കുന്ന
കൂന്തൽ നടത്തയിൽ നൃത്തം ചവിട്ടുന്നു.

പഞ്ചദ്രവ്യക്കൂട്ടിൽ,മന്ത്രസൂക്തങ്ങളിൽ
അഭിരമിയ്ക്കും ദേവി,പോലൊരു ദേവിയായ്.
കാഴ്ചത്തിളക്കങ്ങൾ ഉടലുഴിഞ്ഞോടുന്നു,
അവളിപ്രദക്ഷിണ വഴിയിലൂടൊഴുകുമ്പോൾ.

വർണ്ണോത്സവങ്ങളൊ-ട്ടില്ലിവിടോർക്കുക
തിരിയുള്ളമായ് കത്തും ചൂടും ചുവപ്പൊഴികെ.
ജാതിപ്പുഴുക്കളേ,മുക്കോടി ദേവരേ…
തരികീ വസന്തമെൻ,വാടി വിളങ്ങട്ടെ.