വെള്ളിയാഴ്‌ച, ഡിസംബർ 05, 2014

3 ജനനമൊഴി

സർ,
ഞാനാണ് ജനനം.
പെണ്ണിന്റെ വാരിയെല്ലു നുറുക്കി,
ഒരു പെരുക്കത്തിന്റൊച്ച കീറിയാർത്ത്,
ള്ളേ ള്ളേ ന്നും മക്കാറായി അവതരിക്കുന്ന 
അതേ ജനനം.
പിറവിയുടെ നാരറുക്കവേ,
മൂന്നോ നാലോ നിമിഷങ്ങൾക്കപ്പുറം
ഞാൻ മരണപ്പെടുകയും ചെയ്യുന്നു!
സർ,
പിന്നീട്,
മുട്ടയിലും മൈദയിലും കുഴഞ്ഞ്
ഉജാലയിൽ കുളിച്ച്
രംഗോലിപ്പൊടി നുണഞ്ഞ്
ചളിവെള്ളത്തിൽ ശവാസനപ്പെട്ട്
ഇടുപ്പൂരന്ന കിടിലൻ പെട വാങ്ങിപ്പിച്ച്
കൊല്ലം കൊല്ലം 
ഞാൻ ഓർമ്മിപ്പിക്കാനെത്തും.
തല്ലിപ്പഴുപ്പിച്ച ആശംസകൾ വായിപ്പിച്ച്
പിന്നേം മക്കാറാക്കും.
"ഹാപ്പി ബർത്ത്ഡേ ഡിയർ.... muahhh... :-* "
എന്ന മെസേജിൽ,
അന്നവൾ നിരസിച്ച പ്രണയമല്ലേ കൊരുത്തത് 
എന്ന് നിന്നെ കൊതിപ്പിക്കും (വെർത്യാഷ്ടാ!)
സർ,
ഒടുക്കം 
മരണത്തിനുശേഷം
സ്ഥിരമായി ഞാനങ്ങ് ജനിക്കും.
ഹാളിനു നടുക്കു തന്നെ,
ഓറഞ്ച് ലൈറ്റിനു മീതെ,
കവിളൊട്ടി തല നരച്ച ഫോട്ടോക്ക്
(ഫേസ്ബുക്കിൽ ഇട്ട
യൗവ്വനോജ്ജ്വല ഫോട്ടോകൾ, 
ഈർച്ചവാൾബൈനറികൾക്കിടെ
ആരെങ്കിലും അരിഞ്ഞു തള്ളുമായിരിക്കും) 
കീഴിൽ
ഞാനൊരിരിപ്പുണ്ട്.
മൂന്നാം തലമുറ വീടു പൊളിക്കുന്നത് വരെ
പത്തമ്പതു കൊല്ലം
തുമ്മിപ്പണ്ടാരടങ്ങിയൊരിപ്പുണ്ട് കേട്ടോ!

3 അഭിപ്രായങ്ങൾ: