ഞായറാഴ്‌ച, ജൂലൈ 24, 2011

20 ദൈവം വിഡ്ഡിയാണ്


ചീറിപ്പാഞ്ഞെന്റെ
ചിറകു പറിയ്ക്കുവാൻ
ആർത്തിയോടടുക്കുന്ന യന്ത്രക്കാറ്റ്.

ഇരിയ്ക്കുന്നിടത്തെന്നെ
അരച്ചുതേയ്ക്കുവാൻ
പുളഞ്ഞ് പാഞ്ഞടുക്കുന്ന കൈകൾ.

എന്നെയൊരഗ്നിസ്ഫുലിംഗമാക്കുവാൻ
വല നെയ്ത്
വ്യഗ്രതയോടെ വൈദ്യുതി.

കണ്ണ് നീറ്റിപ്പുകച്ച്
മസ്തിഷ്കം തരിപ്പിയ്ക്കാൻ
ആത്മാഹുതി ചെയ്യുന്ന തിരി.

അഴുകിയ പഴംതുണിക്കെട്ടിനിടയിൽ
ചെളിമണ്ണ് പുണർന്ന്
ദിനരാത്രങ്ങൾ കഴിച്ച് ഞാൻ.

ചോരയുണ്ണാനെന്നെ സൃഷ്ടിച്ചവനെന്തിന്
ദാഹമകറ്റുന്നേരം
കൊല്ലാനവർക്ക് ചോദന നൽകി?

അനിയന്റെ കഴുത്തറുത്ത്
ചോരയൂറ്റിയ കിരാതനും,
മകളെപ്പിഴപ്പിച്ച
നികൃഷ്ടപിതാവിനും,
ഒരുത്തന്നംഗോപാംഗം
നുറുക്കിപ്പൂഴ്ത്തിയോനും,
ഇരുമ്പഴിക്കൂടവർ
'നിഷ്കരുണം' നിഷ്കർഷിച്ചു.?

പറന്ന് മൂളിയ സംശയങ്ങൾ
കാതടപ്പിയ്ക്കുന്ന
പെരുമ്പറഘോഷമായി,
മിന്നൽപ്പിണരും ഇടിമുഴക്കവുമായി,
മഹാസ്ഫോടനമായി.

ഒടുക്കമൊറ്റയുത്തരം.

"ദൈവമുണ്ടെങ്കിൽ
അയാളൊരു വിഡ്ഡിയാണ്.
അല്ലെങ്കിലേവരും."