"നാരായണാ...!"
"നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന് നായര്‍ "
മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം.
അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ.
വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ...
"പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ.
6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്‍ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ' ന്നു പറയുന്നതിന്റെ വിപരീതമായി , തെക്കേയറ്റത്ത് വടക്കോട്ടും നോക്കിയിരിയ്ക്കുന്ന അനങ്ങാപ്പാറ കഴുതക്കൂട്ടം തന്നെ.
അപ്പോള്‍ നമ്മള് പറഞ്ഞ് വന്ന സംഗതി എന്താണെന്നാല്‍, 6.50 രൂപാ ആക്കണമെന്നുപറഞ്ഞാല് 5 രുപായെങ്കിലുമാക്കുമെന്ന് ഈ ലേഖകനു പോലും അറിയാം.പിന്നെന്താണാവോ നമ്മുടെ തലമുറുക്കിക്കുരിപ്പുകള്ക്ക്?
കോളേജ് അങ്കണത്തില്‍ 9 മണി ആകുമ്പോള്‍ ഈ 'വിശുദ്ധ'പാദ സ്പര്ശമേല്പ്പിയ്ക്കുവാന് വിദൂരസ്ഥലവാസികളായ അടിയങ്ങള്‍ പെടുന്ന പാടവര്ക്കറിയില്ലല്ലോ...അതിരാവിലെ,ഈ തന്ത്രരൂപീകരണവൃന്ദം കിടക്കപ്പായില്‍ നിന്നെണീയ്ക്കുന്നതിനു മുന്‍പേ ബസ്സിനു പുറകേയുള്ള ഓട്ടത്തിലാകും ഞങ്ങള്‍.തെറി കേട്ട്,തിരിച്ചു കുരച്ച് ഒടുക്കം കോളേജ് ബസ്സ് എന്ന മഹായാനത്തിന്റെ പടിവാതില്ക്കലേയ്ക്ക്.
വായനക്കാരാ, പഠനകാലത്ത് താങ്കളൊരു ഹോസ്റ്റല്‍ വാസിയായിരുന്നെങ്കില് / സ്വന്തമായൊരു വാഹനം ഉള്ള ആളായിരുന്നെങ്കില്‍ , ഇപ്പറഞ്ഞ 'പടിവാതില്‍' എന്ന പദത്തിന്റെ പ്രസക്തി മനസ്സിലാവുകയില്ല.പുട്ടുകുറ്റിയില്‍ പൊടികുത്തി നിറയ്ക്കുന്നതുപോലെ വിദ്യാര്‍ത്ഥികളെ ഇതിനകത്തൊതുക്കാന് ബദ്ധപ്പെടുന്ന സ്നേഹനിധികളായ ക്ലീനര്‍മാര്‍ അവരുടെ ശുഷ്കാന്തി കൊണ്ടാണ് ഭൂരിഭാഗം വരുന്ന വിദ്യാര്‍ത്ഥിവൃന്ദം കോളേജിലെത്തുന്നതെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ! ഇതിനിടയില്‍ അനര്‍ഹമായ(?) ഓമനപ്പേര് വീഴുന്ന എന്റെ നിഷ്കളങ്കരായ സുഹൃത്തുക്കള്‍(ഒര്മ്മച്ചിത്രം :ഇരുപതാം നൂറ്റാണ്ട്)
ഇങ്ങനെ,അമ്മിക്കല്ലില്‍ കുത്തിച്ചതച്ച ചമ്മന്തിപ്പരുവമായി ക്ലാസിലേയ്ക്ക്...ഈ അവസ്ഥയില്‍ ക്ഷീണത്താല്‍ അല്പമൊന്നുറങ്ങിപ്പോകുന്ന കൂട്ടുകാരെ പുറത്താക്കാത്ത അധ്യാപകരേ, നിങ്ങളാണ് മഹാന്മാര്...സ്വസ്ഥതയുടെ 7 മണിക്കൂറുകള്‍...അവസാനം നാലു മണിയാകുന്നു.
അപ്പോഴാണ് ഹേ, കീശയില്‍ കിടന്നാ കുന്തം പിടയ്ക്കുന്നു. മറുതലയ്ക്കല്‍ ഗ്രാഫിറ്റി സഖാവ്.
"എടേ ...ഗ്രാഫിറ്റി മീറ്റിംഗ് നാലു മണിയ്ക്ക് ത്രീ നോട്ട് ഫൈവില്‍"
"ഓ...അടിയന്...".
ഇവിടെ 4 മണിയ്ക്കുതന്നെ ബസ്സ്പിടിച്ചാലേ ഇരുട്ട് കനക്കുംമുന്‍പ് വീടെത്താനാകൂ എന്നറിയുന്നുണ്ടോ ഭവാന്മാരേ നിങ്ങള്‍???
അവനോടുള്ള സകലദേഷ്യവും അടുക്കിപ്പിടിച്ച് ഡിപ്പാര്‍ട്ട്മെന്റിന്റെ പടിയിലെത്തിയില്ല, അടുത്ത കക്ഷിയുടെ കോള്‍...അവന് സ്പെയ്സ് ഗഡിയാണ്.
"ടാ...നാലേകാലിന്സ്പെയ്സ്ക്ലബ് മീറ്റിംഗുണ്ട്. നാളെ നാലരയ്ക്ക് സ്പെയ്സ് ക്വിസും."
"ആഹാ...അത്രേയുള്ളല്ലേ...ഞാന്‍ കരുതി ഈ വര്‍ഷത്തെ സകല നാലു മണിയും നീ ബുക്ക് ചെയ്ത് കഴിഞ്ഞന്ന്" എന്ന് പറയാനാഞ്ഞോ ആവോ....
എന്തോന്നടേ നിനക്കൊക്കെ ഡേയ്സ്കീസിന്റെ നെഞ്ചത്ത് കുത്തിത്തന്നെ മീറ്റിംഗ് സംഘടിപ്പിയ്ക്കണമെന്ന്?
പോര്ച്ചിലേയ്ക്കിറങ്ങി ഒരൗണ്‍സ് ശുദ്ധവായു ശ്വസിച്ചില്ല.അടുത്തത് ഫിലിം ക്ലബ്ബുകാരന്റെ ഊഴമാണ്.മൊബൈല്‍ ചിലയ്ക്കുന്നു.
"ഇത്തിരി കുട്ടിത്തരം
ഇറ്റുകണ്ണീരും നീരും
ചെപ്പിലെക്കുറിക്കൂട്ടായ്
കാത്തുസൂക്ഷിയ്ക്ക നീയും.."
ചെപ്പിലെ കുറിക്കൂട്ടായല്ല, അത്താഴത്തിന്റെ കറിക്കൂട്ടായി ലവന്മാരെയൊക്കെ അരിഞ്ഞാലോ എന്ന് തോന്നിയോ?...ഏയ്...ഞാനൊരു പാവം നിഷ്കളങ്കന്.
അങ്ങനെ ഔദ്യോഗികവും അനൗദ്യോഗികവുമായ നൂറുനൂറ്റമ്പത് ക്ലബ്ബുകളുണ്ട്. ഇതിന്റെയെല്ലാം കൂടിക്കാഴ്ച്ചകള്‍ നടത്താന്‍ ആഴ്ചയിലാകെ അഞ്ച് ദിവസം.
അങ്ങനെ ഇന്നവേഷനില്ലാതെ,സാഹിത്യമില്ലാതെ,സ്പെയ്സില്ലാതെ,തഴയപ്പെട്ടവന്റെ വേദനാപൂരിതമായൊരു മനസ്സുമായി കോളേജ് ബസ്സിലേയ്ക്ക്...ഓമനപ്പേരിന്റെ താരാട്ട് കേട്ട്,ശുദ്ധവായുവിനായൊരു ശിരോയുദ്ധം നടത്തി,തോളത്ത് കുത്തിയവന്റെ പിടലിയ്ക്ക് കുത്തി,വിരലില്‍ ചവിട്ടിയവന്റെ മുതുകത്തിടിച്ച് ഈ പാവം നാലുമണിക്കാരന് നിഷ്കളങ്കനും.
പ്രൈവറ്റ് ബസ്സിലേയ്ക്ക് കയറുമ്പോള്‍ 30 മുതല്‍ 80 ശതമാനം വരെ വര്‍ദ്ധിപ്പിച്ച വിദ്യാര്ത്ഥിബസ്സ് ചാര്ജ്ജിനുമുന്പില് ധാര്മ്മികരോഷമേറി കയര്‍ക്കാന്‍ മുതിര്‍ന്ന്... അണഞ്ഞുണങ്ങി...ആയിരത്തില്‍ ഒരുവനാകാന്‍ വിധിയ്ക്കപ്പെട്ടവന്റെ ആത്മാഭിമാനക്ഷതത്തിന്റെ തേങ്ങല്‍ !
ആ തേങ്ങലില്‍ ഭക്തി തെല്ലുമില്ലാത്തയീ നാരായണീയം അവസാനിയ്ക്കുന്നു.
അന്ത്യശ്ലോകാന്തം:
"നായ് വൈഭവമപാരം വിഭോ..."
ശുഭസമാപ്തി.
സമര്‍പ്പണം:
ആരാധ്യനായ കോളേജ് പ്രിന്‍സിപ്പാള്‍ക്ക്,
വിദ്യാര്‍ത്ഥികളുടെ ചിറ്റമ്മസന്തതി ഗതാഗതന്‍ ശിവന് നായര്‍ക്ക്,
കീഴ്പ്പത്തൂര് കോരായണന് മാപ്ലയ്ക്ക്.
നേത്രദാനത്തിലൂടെ കനിവിന്റെ പര്യായമായി മാറിയ റോഷിന് മരിയ എന്ന
കൊച്ചുകൂട്ടുകാരിയ്ക്ക്.
**