ഞായറാഴ്‌ച, മേയ് 27, 2012

14 അറീലിയാനോ യുവാവാണ്.പ്രജ്ഞയുടെ കൽവിളക്ക്,
തിരതട്ടിത്തകർന്നു.
ഓളപ്പരപ്പിലാ നാളത്തിളക്കം
ക്ഷണികബിന്ദുവായ്,ശൂന്യമായ്.

കാലപ്പിലാവിലത്തണ്ടു മടക്കി,
ചരിത്രം തീണ്ടാത്ത
ഓർമ്മകൾ കോരിയെടുക്കാൻ
വൈദ്യവും മന്ത്രവും തന്ത്രവും.

**കല്യാണിയുടെ പിതൃത്വം അറിഞ്ഞ
**കുഞ്ഞുണ്ണിയെപ്പോലെ
*അറീലിയാനോ
നിർന്നിമേഷനായിരുന്നു.

ചങ്ങലയുരഞ്ഞ്
തോൽ വിണ്ട മരത്തിനു മരുന്നുപദേശം.
"എനിയ്ക്ക് ഓർമ്മയില്ല.
ഇരുമ്പിലംഗം കുരുങ്ങി,
ചോര കനത്തു കറുത്തിട്ടും,
ഞാൻ അട്ടഹസിയ്ക്കുന്നു.
ഓർമ്മയുടെ തീയണച്ച്,
നീയും ഭ്രാന്തനാവുക.

ചിന്തകൾ വരിയാത്ത,
ആർത്തികളെരിയ്ക്കാത്ത,
ബന്ധുവെ സ്മരിയ്ക്കാത്ത,
സ്വപ്നസ്വർഗ്ഗം പുൽകുക."

ജിപ്സികളുടെ മരുന്നൂറി,
മണ്ണ് മണത്തുനാറി.
*ഉർസുലയുടെ തൊലിചുളുങ്ങി,
മുടി നരച്ചുപാറി.
*അറീലിയാനോ അപ്പോഴും,
ഉന്മാദത്തിന്റെ യൗവ്വനത്തിലായിരുന്നു.
‌------------------------------------------------------
*വൺ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്-ഗാബ്രിയേൽ ഗാർസിയ മാർക്വിസ്.
അറീലിയാനോ:ജോസ് അർക്കേഡിയോയുടെ പ്രഥമപുത്രൻ.
ഉർത്സുല:അറീലിയാനോ ബുവേൻഡിയയുടെ അമ്മ.

**ഗുരുസാഗരം-ഓ വി വിജയൻ
കല്യാണി : കുഞ്ഞുണ്ണിയുടെ ഭാര്യയുടെ മകൾ.
നോവൽ അവസാനത്തിൽ കുഞ്ഞുണ്ണി തന്റെ ഗുരുവായി സ്വീകരിയ്ക്കുന്നവൾ.

തിങ്കളാഴ്‌ച, മേയ് 07, 2012

11 കരിന്തേൾ വേതാളങ്ങൾ.
 സഖാവ് ടി പി ചന്ദ്രശേഖരന് ആദരാഞ്ജലികൾ.

കഥകളായിരുന്നു പണ്ട്.
ഉടുപ്പിനിടയിലൂടിഴഞ്ഞ് വന്ന്
ഉടലാകെ വിഷം ചീറ്റിപ്പാഞ്ഞ
കരിന്തേളുകൾ.

കിടങ്ങുകൾ തോണ്ടി,
തോട്ടിയും തോട്ടയുമായിരിയ്ക്കുന്ന
പരിഷകൾക്കിടയിലേയ്ക്ക്
ശിരസ്സാഞ്ഞ് പാഞ്ഞടുത്ത
ധീരകളഭങ്ങളെ,
വാൽവളവിൽ കൊരുത്തെടുത്ത
കരിന്തേളുകൾ.

കാളകൂടം ദുഷിപ്പിച്ച കറുപ്പാണ്
മേനി ഭരിയ്ക്കുന്നത്.
ചോരയുടെ ചുവപ്പ് മൂത്തും
കറുപ്പാകുമത്രേ.
കൊടിക്കനം പഴുത്തുനാറിയും,
ചത്തുകരിഞ്ഞും
കൊടും കറുപ്പാകും.

കഥയിൽ നിന്നിറങ്ങിയ
വേതാളപ്പുനർജ്ജനികൾ
ചതിവേട്ടപ്പെരുമകളുടെ
മാറാപ്പായ് അരയിൽ തൂങ്ങി,
ഇരുകാലുകളേയും
ജനനേന്ദ്രിയത്തെയും
ആഹരിച്ചു തുടങ്ങിയിരിയ്ക്കുന്നു.

ഓലക്കീറൊളിവിലെ
കൊള്ളിയാൻ വെട്ടത്തിൽ
കടലാസു കത്തിച്ച
തൂലികാസ്ഥൈര്യമേ,
വീരധാരാളിത്ത
പ്രജനനമിനിയെന്ന്?