ശനിയാഴ്‌ച, ജൂൺ 23, 2012

മഴ നനയുന്നവർ

 
പല പരിധികളിൽ
മഴ നനയുന്നവരുണ്ട്.

ഉടുപുടവയുടെ
ഉടൽ പ്രണയത്തെ
ആളിക്കത്തിയ്ക്കുന്ന മഴത്തീയും,
നീരദാലിംഗനവും
യാനത്തിന്റെ
തുറന്ന ജാലകത്തിലുടെ
ഉള്ളറിഞ്ഞൊതുക്കുന്ന
പെൺ യാത്രികർ.

ആകാശത്തികട്ടലിൽ
ചീയുന്ന ദ്രവമാംസം
കഴുകി ചൂടാറ്റുന്നു,
മേൽക്കൂരയില്ലാത്ത
പാതപാർശ്വങ്ങളിലെ
ഭിക്ഷാടകർ.

കുടത്തൂണിന്റെ
തടവു വട്ടങ്ങൾ
പൊട്ടിച്ചെറിഞ്ഞ്
മഴ നനയുന്നവർ.

സർഗ്ഗവർഷപാതങ്ങളിൽ
ലഹരി നുണഞ്ഞ്
നനഞ്ഞുരുകിച്ചേരുന്നവർ,
സാഹിത്യപരഃശ്ശതാനനർ.

പല പരിധികളിൽ
മഴ നനയുന്നവരുണ്ട്.
മഴയിൽ നനയുന്നവരും,
മഴയാൽ നനയ്ക്കപ്പെടുന്നവരും.....

ശനിയാഴ്‌ച, ജൂൺ 09, 2012

7 ജാർത്തെ ബാൽദോർ : ഒരു നോർവീജിയൻ തെണ്ടി (Bjarte Baldor: A Norwegian Beggar)


അയാൾ,
അനാഥനഗരത്തിന്റെ കാവൽക്കാരനായിരുന്നു.
തിളങ്ങുന്ന കുപ്പായമില്ലാതെ,
കീറത്തുണിയാൽ മറയ്ക്കപ്പെട്ടവൻ.

ചക്രമുരഞ്ഞ്
തീപാറും സരണികളിൽ,
സ്കാൻഡനേവിയൻ[1] തണുപ്പുറഞ്ഞ്
മരവിച്ചയാൾ കിടന്നു.

യൂറോ ഞെരുക്കത്തിൽ,
ശരീരാതിർത്തിയിൽ നിന്ന്,
നിർദ്ദയം ഒലിച്ചുപായുകയാണ്,
മണ്ണും പെണ്ണും ഊണും ഉറക്കവും.

എഗ്ദ്രസീൽ[2] മരയൂറ്റം,
രാജത്വം പൊലിപ്പിച്ച,
പഴം പേച്ചുകൾ;
തന്റെ കീറത്തുണിക്കെട്ടുകൾ.

ശോഷിച്ച ഫെൻറിറുകൾ[3]
ദംഷ്ട്രകളഴിച്ച്,
സലാങ്സ്ദലേനിലെ[4] ധ്രുവശാലയിൽ,
അഴിക്കൂട്ടിൽ ഉറക്കമാണ്(?)

ദക്ഷിണാധീശത്വം,
ശ്വാസം നിലപ്പിയ്ക്കുമാറ്,
നോഴ്സുകളുടെ[5];എന്റെ
കഴുത്തിൽ കുരിശായ് മുറുകുന്നു.

പ്രാചീനസുഭഗതയുടെ
കന്യാഛേദം ചെയ്യപ്പെട്ട യോനിയുമായി,
ഞങ്ങൾ മരിയ്ക്കുകയാണ്;
ഞങ്ങളെത്തേടിത്തളർന്ന്.

ഇനി നടന്നകലാം.
കാതടപ്പിയ്ക്കുന്ന മൂളലുകളിലേയ്ക്ക്.
തീ പാറുന്ന സരണിയ്ക്ക് കുറുകേ...
അടയാളമവശേഷിപ്പിയ്ക്കാത്ത,
വെറുമൊരു തെണ്ടിയായി,
പൂർവ്വിക പ്രൗഢി സന്നിവേശിപ്പിച്ച
സൂക്ഷ്മ പർവ്വതങ്ങളുടെ കൽവീഥിയിലേയ്ക്ക്
ആ തിളങ്ങുന്ന രാജകുമാരൻ
അരഞ്ഞു ചേർന്നു.ജാർത്തെ ബാൽദോർ : Bright Prince
1: സ്കാൻഡനേവിയൻ രാജ്യങ്ങൾ :ആർട്ടിക് പ്രദേശത്തോടടുത്തുകിടക്കുന്ന വടക്കൻ യൂറോപ്പിലെ രാജ്യങ്ങൾ.പ്രധാനമായും ഡെന്മാർക്ക്,നോർവ്വെ,സ്വീഡൻ എന്നിവ.

2.എഗ്ദ്രസീൽ(Yggdrasil): നോഴ്സ് (ജർമ്മൻ പാഗൻ വിശ്വാസത്തിന്റെ ലഘുരൂപം) പുരാണങ്ങളിലെ 9 ലോകങ്ങളിലേയ്ക്കും പാത ചമച്ച വിശുദ്ധ മരം.
 

3.ഫെൻറിർ  : ഭീമൻ ചെന്നായ
 

4.സലാങ്സ്ദലേൻ : നാർവിക്ക് എന്ന നോർവ്വെയിലെ നഗരത്തിൽ നിന്നും 20 കിലോമീറ്ററോളം മാറി സ്ഥിതി ചെയ്യുന്ന വനപ്രദേശം.ആല്പൈൻ തുന്ദ്ര വനഭൂമിയാണിത്.ഇവിടെ ധ്രുവമൃഗശാല ഉണ്ട്.
 

5.നോഴ്സ് : സ്കാൻഡനേവിയയിലെ പൂർവ്വികർ വിശ്വസിച്ചിരുന്ന പുരാണം. നോഴ്സ് മിത്തോളജി ആണവിടെ പുലർന്നിരുന്നത്.തെക്കുനിന്നുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ കടന്നുകയറ്റം നോഴ്സുകളെ പാടെ ഇല്ലാതാക്കുകയും അവിടെ കൃസ്ത്യൻ മതവിശ്വാസം സ്ഥാപിയ്ക്കുകയും ചെയ്തു.
വിവരങ്ങൾ : en.wikipedia.org
                 www.anorwayattraction.com

7 കൂറുമാറ്റംമുഖം ചെരച്ചവന് കൂറ്,
എന്റെ മുഖത്തോടായിരുന്നില്ല.
മാസം തികഞ്ഞ ബ്ലേഡിനോടും
കീശയുടെ വീർപ്പിനോടുമായിരുന്നു.

വാഞ്ഞുയന്ന നാട്ടുമാവിന് കൂറ്,
ഉയിർ പാകിയ എന്നോടായിരുന്നില്ല.
ഊതിയുലച്ച കാറ്റിനോടും
നനഞ്ഞൊട്ടിച്ച മേഘങ്ങളോടുമായിരുന്നു.

ജയിച്ചു പോയ മന്ത്രിയ്ക്കു കൂറ്,
വോട്ടു തെണ്ടിത്തളർന്ന ഞങ്ങളോടായിരുന്നില്ല.
തന്ത്രക്കുരവയിട്ട 'തത്ര'യോടും,
പാരമ്പര്യം മാന്തിയ പടിഞ്ഞാറിനോടുമായിരുന്നു.

ജനിച്ച് വീണ എനിയ്ക്ക് കൂറ്,
പെറ്റിട്ട അമ്മയോടായിരുന്നില്ല.
പേറെടുത്തതും എടുക്കാത്തതുമായ ആശുപത്രികളോടും,
'ഇൻഫി'യുടെ തണുത്ത ചില്ലുകൂടിനോടുമായിരുന്നു