ശനിയാഴ്‌ച, ജൂലൈ 21, 2012

18 മെമ്മറി കാർഡ്
കരിക്കട്ടയിൽ ചെമ്പ് പാകിയ,
തലങ്ങും വിലങ്ങും
ചാലകനൂലുകൾ നീട്ടിയ
കറുമ്പൻ കുടവയറൻ.

കെട്ടിയ നാവിൽ,
ഉപ്പിട്ട കൺചരുവങ്ങളിൽ,
പതിയാതെ,
പറയുവാൻ വയ്യാതെ പോയ,
കാഴ്ചമുഴക്കങ്ങളുണ്ടിതിൽ.

ഗതകാലപ്രണയത്തിൻ,
ഉൾത്തീ പെരുക്കുവാൻ
ജസ്സിയുണ്ട്
സുലേഖയുണ്ട്.

ആശുപത്രിക്കോലായിലെ
ധൂർത്തവൃത്താന്തങ്ങൾ,
ഉള്ളാടാക്കുടി പോലും വിടാതെ
കട്ട കാഴ്ചകൾ.
അകമരച്ച് പൊതിഞ്ഞു തിരിയിട്ട
അമിട്ടാണകക്കാമ്പ്.

ശിരസ്സുതാങ്ങുന്ന കാളകൂടദ്യുതി,
നീലദന്തബാണങ്ങളായ്
പറന്ന് പാഞ്ഞ്,
അപരശിരസ്സേറുന്നു.
പിന്നെയും പിന്നെയും
ദിക്കാകെ പരക്കുന്നു.

ചൊവ്വാഴ്ച, ജൂലൈ 03, 2012

14 മരമറ


 

മരമറകൾ
ഒളിയിടങ്ങളാണ്.
വളർച്ച മതിവരാത്ത
താവളസീമകൾ.

മകുട ധാരികൾ,
മാന്ത്രികപ്പെരുമ കൊണ്ടിടം
ഹരിതാഭ വീശുവോർ
ശിഥിലശാഖികൾ.

മരമറശിശിരത്തിൽ
തൊലിപൊളിച്ചു പൊന്തുകയാണ്,
ധനാധർമ്മയന്ത്രം ചമയ്ക്കുന്ന
ജ്യോതിഷപണ്ഡിതർ.
 
മകുടധാരികൾ
മാന്ത്രികപ്പെരുമ കൊണ്ടിടം
ശിഥിലമാക്കുവോർ
ഭ്രമിതമാനുഷർ.

ത്വരിതസഞ്ചാരങ്ങളിൽ
ഇടവെളിച്ചങ്ങൾക്കായ്
മരവിടവിൽ തല കൊരുത്തവർ
വിമതജീവികൾ; 
കബന്ധക്കൊട്ടാരക്കെട്ടിലെ
പട്ടികനീളങ്ങളായ്,
കല്ലാണിപ്പാച്ചിലിന്റെ
കൊടും നീറ്റലൊതുക്കുന്നു.

പുറംകാഴ്ചയിൽ
മരമറകൾ വളരുകയാണ്:
തലയെടുപ്പിലും,
വൃത്തവ്യാപ്തിയിലും; 
ഒപ്പമുൾക്കാറ്റുവീഴ്ചയും
തണ്ടുതുരപ്പനും
മാടനും മറുതയും
ചാത്തനും ചാമുണ്ഡിയും.