ശനിയാഴ്‌ച, ഡിസംബർ 29, 2012

5 വിരാമം


ഇടവമഴ പോലെ നാം
ഒന്നിച്ചൊരേ മണ്ണില്‍
എത്ര നേരങ്ങളില്‍ പെയ്തിറങ്ങി.

വൃശ്ചികക്കാറ്റുപോല്‍
ആഞ്ഞൊട്ടി വീശി നാം
എത്ര കാലങ്ങളില്‍ സഞ്ചരിച്ചൂ.

ഇന്നെന്റെ കവിതയ്ക്കു താളഭംഗം...
ഇന്നെന്റെ ചിന്തകള്‍ക്കര്‍ത്ഥനഷ്ടം...
ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം.

ഞാന്‍മരത്തണലോടു
തലചേര്‍ത്തുറങ്ങിയ
പ്രണയലതയെന്തിനേ
കാറ്റില്‍ പറിഞ്ഞു പോയ്?
പുഷ്പങ്ങളെന്തിനേ
മഴയത്തൊലിച്ചു പോയ്?

നാട്ടുമാവിന്‍ ചുന,
നാടകരാവുകള്‍,
ഓര്‍മ്മപ്പെരുക്കങ്ങള്‍
നീറുന്നു നീറുന്നു
നീറിത്തെറിയ്ക്കുന്നു
നെഞ്ചകം പൊട്ടിയെന്‍
പ്രണയനദിയൊഴുകുന്നു.

വേനല്‍ത്തിളപ്പാണ്
ജലരേണുവില്ലാതെ
നദി ദാഹമെന്തെന്നറിഞ്ഞിടുന്നു.

തിങ്ങും വനസ്ഥലിയില്‍
ഈ മരുഭൂമിയില്‍
തിരയറ്റ തീരത്ത്,
ഏകനല്ലോമനേ ഞാനൊട്ടുമേ.

നിന്നോര്‍മ്മത്തരുക്കളില്‍
എന്നെ ഞാന്‍ ക്രൂശിച്ചു.
നിന്‍ സ്നേഹത്തിരയില്‍ ഞാന്‍
അകലുന്ന തീരമായ്.

അനുനിമിഷവും നിന്റെ
സ്മൃതികമ്പനങ്ങളില്‍
എന്‍ ജീവഭീമിയുലയട്ടെ.

തപ്തശൈലങ്ങളില്‍
ഓര്‍മ്മകള്‍ വേവിയ്ക്കാന്‍
ഒരു വിറകുകൊള്ളിയായെരിയട്ടെ ഞാന്‍.

ഇന്നെന്റെ കവിതയ്ക്കു താളഭംഗം,
ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം.

എങ്കിലുമോമനേ
അന്നൊരു മാര്‍ച്ചിന്റെ
അന്ത്യശ്യാമത്തിലെന്‍
നെഞ്ചകം കീറിപ്പകുത്തെടുത്തെന്തിനേ.....?

ഇന്നെന്റെ കവിതയ്ക്കു താളഭംഗം,
ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം.

ചൊവ്വാഴ്ച, ഡിസംബർ 25, 2012

5 നവോത്ഥാനം


കാണുന്നോ സതീർത്ഥ്യരേ,ആകാശക്കിഴക്കിലേ
മേഘങ്ങൾ തുളച്ചെത്തും ആഗ്നേയ ഞെരുക്കങ്ങൾ.
അർക്കനല്ലിതു കാലം കൊളുത്തും വിളക്കല്ല
കത്തുന്ന വയറ്റിലേ,വിശപ്പിന്നാളലത്രേ.

ആകാശയാനങ്ങളിൽ,മാൻപെഴും ഹർമ്മ്യങ്ങളിൽ,

നഗര സന്യാസത്തിൻ പീതതാപസന്മാരിൽ
കാണുകില്ലന്നം തീണ്ടാ-തണയുന്നുടലുകൾ
കേൾക്കുകില്ലുന്നം തെറ്റി തെറിയ്ക്കുന്നാക്രന്ദനം.

ഉയന്ന വൃക്ഷങ്ങളിൽ,കാഴ്ചകളുടക്കുന്നൂ,

ഉടഞ്ഞ സ്വപ്നങ്ങളിൽ,കാൽതട്ടി മുറിയുന്നൂ.
വെളിപാടിൽ പുളയും കോമരപ്പിറവികൾ
തെളിയ്ക്കും വഴി പോകുന്നോരിന്നിൻ സിംഹഭാഗം.

നിങ്ങളെച്ചികയുക,പൊടി തൂത്തെഴുന്നേൽക്ക,

മുന്നേറ്റ വീഥികളിൽ,ഇരുട്ടെങ്ങാരായുക.
ലിഖിതപ്രമാണങ്ങൾ,ഉയരും പ്രസ്താവ്യങ്ങൾ,
തിട്ടമേ തെറ്റാണവ റദ്ദു ചെയ്തു ചിന്തിയ്ക്ക.

ജ്വാലാഗ്രം പോലെ രക്ത വർണ്ണത്തിൽ തിളങ്ങുന്ന

യുവതേ രാജാങ്കണം,സമര ദ്വീപാക്കുക.
സങ്കൽപ്പോദ്യാനം വിട്ട്,ഇരമ്പും കടലോളം
ഊക്കിൽ വന്നിടിയ്ക്കുക,കൊട്ടാരം തകർക്കുക.

കാണുന്നോ സതീർത്ഥ്യരേ,ആകാശക്കിഴക്കിലേ

മേഘങ്ങൾ തുളച്ചെത്തും ആഗ്നേയ ഞെരുക്കങ്ങൾ.
അർക്കനല്ലിതു കാലം കൊളുത്തും വിളക്കല്ല
ഉണർവിന്നുൽക്കയായി പതിയ്ക്കും യുവജ്വാല.

ഞായറാഴ്‌ച, ഡിസംബർ 16, 2012

6 വിക്കി ഫേസ് പ്ലസ്- ഒരു വിക്കിപിറന്നാൾ മധുരം.

2.30 ന് സ്റ്റൈനോടൊപ്പം GEC യിൽ നിന്നും പുറപ്പെടുമ്പോൾ അല്പം വൈകുമോ എന്ന ശങ്ക ഉണ്ടായിരുന്നു.വിശ്വേട്ടന്റെ ഓർമ്മപ്പെടുത്തൽ കോൾ ലഭ്യമായ ഉടനെ പുറപ്പെടുകയാണുണ്ടായത്.ഞാൻ നേരത്തേ തന്നെ എത്തുമെന്ന് പറഞ്ഞിരുന്നതിനാൽ ഓർബിന്ദോയും രഞ്ജിത്തും എന്നേക്കാൾ മുന്നേ തന്നെ നെഹ്രു പാർക്കിനകത്തെ ഗാന്ധി പ്രതിമയ്ക്കരികിൽ എത്തിയിരുന്നു.
ബൈക്ക് പാർക്ക് ചെയ്ത ഉടനെ തന്നെ നോക്കിയപ്പോ കൊച്ചുകുഞ്ഞിന്റെ ചുറുചുറുക്കോടെ ഓടിനടക്കുന്ന വിശ്വേട്ടനിൽ തന്നെയാണ് ആദ്യ കാഴ്ച പതിഞ്ഞത്. വിശ്വേട്ടന്റെ സഹധർമ്മിണിയും മകളും ഒപ്പമുണ്ടായിരുന്നു.കൂടെ നമ്മുടെ കിടു-കിടിലൻ ബ്ലോഗ് ഡാവ് മുരളി(മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം)യേട്ടനും.ഒരാഴ്ചത്തെ നാടുസന്ദർശനത്തിനെത്തിയതാണദ്ദേഹം.ക്ലബ് എഫ് എമ്മിലെ ഒരു 'പൈങ്കിളി' അന്നേരം വിശ്വേട്ടന്റെ ശബ്ദവീചികൾ സാകൂതം പകർത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു.കൂടെ അവരുടെ ഫോട്ടോഗ്രാഫർ ഞങ്ങളുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.

Wiki Face Plus, Thrissur 2012 5555

ചുരുക്കിയതെങ്കിലും മനോഹരമായ വർണ്ണക്കുടയുടെ പ്രഭാവത്തിൽ മുടി നീട്ടി വളർത്തിയ ഒരു യുവാവ്.ഫെയ്സ്ബുക്കിൽ കണ്ട നല്ല മുഖപരിചയം.ഉറപ്പിച്ചു, അത് ദിലീപ് തന്നെ.ദിലീപേ എന്ന് വിളിച്ചടുത്തപ്പോൾ ഒരു പുഞ്ചിരി സമ്മാനത്തോടെ ആ കുട എന്നെ ഏൽപ്പിച്ച് ക്യാമറയിലൂടെ കൂടിച്ചേരലിന്റെ കാഴ്ചകൾ പകർത്താനിറങ്ങി,മത്താപ്പ് എന്ന ദിലീപ്.

ഒരു അസ്സൽ എഴുത്തുകാരിയുടെ ഗാംഭീര്യമർന്ന ഗൗരവത്തോടെ എഴുത്തുകാരി ചേച്ചി.ബ്ലോഗുലകത്തിന്റെ ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ നിശബ്ദയായി.
പ്രകൃത്യാ ചാണകം മെഴുകിയ പുൽത്തകിടിയിൽ ആസനസ്ഥനാകും മുൻപ് ചാക്കോ ഏട്ടനേയും സതീശേട്ടനേയും ചെന്നു പരിചയപ്പെട്ടു.സഹൃദയരുടെ കൂട്ടത്തിൽ മറ്റു രണ്ട് പേരു കൂടി.അതീവഹൃദ്യമായ പെരുമാറ്റം കൊണ്ട് ആരെയും ആകർഷിയ്ക്കുന്ന പ്രകൃതമുണ്ടിരുവർക്കും.

ഒരു സുമുഖനായ ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ ഭാര്യയും അവിടെയുണ്ടായിരുന്നു.അടുത്തു ചെന്നു,പേരൻവേഷിച്ചു.മുൻപരിചയമില്ലെങ്കിലും സരസമായ സംഭാഷണം ആ വ്യക്തിത്വത്തിലേയ്ക്ക് നമ്മെ ആകർഷിയ്ക്കും എന്നതിന് ഉത്തമോദാഹരണമായിരുന്നു,ബിജോയേട്ടൻ.അഡ്വർട്ടൈസിങ്ങ് കമ്പനിയിൽ ജോലി നോക്കുന്ന അദ്ദേഹം, സുഹൃദ്വലയത്തിന്റെ ക്ഷണം സ്വീകരിച്ചാണ് വിക്കി-ഫേസ്-പ്ലസിനെത്തിയത്.

Wiki Face Plus, Thrissur 2012 5595
സാബുവേട്ടൻ, മനുഷ്യമസ്തിഷ്കത്തിന്റെ മാന്ത്രികതയെക്കുറിച്ച് വാചാലനാകുന്ന , എന്തും തുറന്നു പറയുന്ന ഒരസ്സൽ സാധാരണക്കാരൻ.ആദ്യം ആ കൂട്ടത്തിനിടയിൽ ഉയർന്നു കേട്ട ശബ്ദവും അദ്ദേഹത്തിന്റേത് തന്നെ.

അപ്പോഴേയ്ക്കും ഏകദേശം എല്ലാവരും എത്തി എന്നു ബോധ്യമായിരുന്നു.ഞങ്ങൾ കുറച്ചു പേർ പുറത്ത് നിന്നു,ആരെങ്കിലും വഴി അറിയാതെ എങ്ങാനും അതുവഴി വന്നാൽ കൃത്യസ്ഥലത്തേയ്ക്ക് നയിക്കുന്നതിനായി.ബാക്കി എല്ലാവരും നെഹ്രു പാർക്കിനകത്തേയ്ക്ക് നടന്നു.ഗാന്ധിപ്രതിമയ്ക്ക് മുന്നിലെ പുൽത്തകിടിയെ ചർച്ചാമേളങ്ങൾ കൊണ്ട് മുഖരിതമാക്കുവാൻ...

Wiki Face Plus, Thrissur 2012 5566

അല്പനേരം കഴിഞ്ഞപ്പോൾ സുജിത്തേട്ടന്റെ കോൾ വന്നു.രഞ്ജിത്തേ നീ എവ്ട്യാടാ ന്ന് ചോദിച്ച്.അദ്ദേഹം അന്നേരം ഗാന്ധിപ്രതിമയ്ക്ക് വശത്തായി ഒത്തുകൂടിയിരുന്ന കൂട്ടത്തെ വീക്ഷിച്ച് വിക്കിക്കൂട്ടമാണോ അത് എന്ന സന്ദേഹത്തിൽ നിൽക്കുകയായിരുന്നു.സന്ദേഹം നീക്കുവാൻ ഞാൻ അദ്ദേഹത്തിന്റെ അടുത്തേയ്ക്കു ചെന്നു.അപ്പോഴേയ്ക്കും ഗെയ്റ്റരികിൽ നിർത്തിയ ഓർബിന്ദോയും രഞ്ജിത്തും സ്റ്റൈനും സാഗതും ദിലീപും കൂടി അടുത്ത് വന്നു.അന്നേരത്തേയ്ക്ക് അവിടെ ഖാദർ പട്ടേപ്പാടവും മുരളിയേട്ടന്റെ ഒരു സുഹൃത്തും പിന്നെ ലോ കോളേജിൽ നിന്ന് ജോസും ഐ ഏ എസ് അക്കാദമിയിലെ മാഷും അദ്ദേഹത്തിന്റെ പ്രചോദനത്താലെത്തിയ രണ്ട് കൂട്ടുകാരും ഹഫീസിക്കയും എത്തിയിട്ടുണ്ടായിരുന്നു.തൃശൂരിന്റെ സ്വന്തം കുട്ടൻ മേനോന്റെ സാന്നിദ്ധ്യം മറക്ക വയ്യല്ലോ...സർവ്വോപരി അഡ്വോക്കേറ്റ് ടി കെ സുജിത്തേട്ടനും അഖിലനുമായിരുന്നു ആധികാരിക വിക്കന്മാരായെത്തിയ രണ്ട് കൂട്ടുകാർ.പിന്നെയും പേരോർമ്മയിൽ നിൽക്കാത്ത കുറച്ചു പേർ കൂടി ഉണ്ടായിരുന്നു.

എല്ലാവരും ചുറ്റും കൂടിയിരുന്നു.ദിലീപ് ചിത്രങ്ങൾ ഒപ്പിയെടുക്കാനും തുടങ്ങി.അപ്പോഴേയ്ക്കും ചാലക്കുടിയിൽ മാപ്പ് നിർമ്മാണത്തിലായിരുന്ന വിക്കി ഗ്രന്ഥശാലയുടെ പൊന്നോമനരക്ഷാകർത്താവ് മനോജേട്ടനും എത്തി. ഏതോ പത്രപ്രവർത്തകനുമായി വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്ന വിശ്വേട്ടനും ഞങ്ങളുടെ ചാരത്തണഞ്ഞു.

സ്വാഭാവികമായും പരസ്പരം വിശദമായി പരിചയപ്പെടുക എന്നതായിരുന്നു അടുത്ത ഘട്ടം. വിക്കി-ഫേസ്-പ്ലസ് പ്ലസ് ബ്ലോഗ് സംഗമമായി മാറുകയായിരുന്നു ,സുജിത്തേട്ടന്റെ ഭാഷയിൽ 'വെള്ളത്തിൽ നിൽക്കുന്ന ഗാന്ധി' പ്രതിമയുടെ ഓരം പറ്റിയ ഈ ഞങ്ങൾ കൂട്ടം.ഓരോരുത്തരും പരസ്പരം പരിചയപ്പെടുത്തുവാനും വിക്കിയുമായുള്ള തങ്ങളുടെ ബന്ധം വിശദീകരിയ്ക്കാനും ആത്മാർത്ഥമായി ശ്രമിച്ചിരുന്നു.അവിടെ വന്നിരിയ്ക്കുന്ന ഓരോരുത്തർക്കും വിക്കിപീഡിയയെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിയ്ക്കാൻ വക്കീലിന്റെയും വിശ്വേട്ടന്റെയും ഇടയ്ക്കുകയറിയുള്ള ഇടപെടലുകൾക്ക് സാധിച്ചു എന്ന് നിസ്സംശയം പറയാം.കുറഞ്ഞത് ഒരു 50 ലേഖനം അധികമെങ്കിലും ഈ അടുത്ത ദിവസങ്ങളിൽ ലഭിയ്ക്കുമെന്നത് തീർച്ച.അത്രമാത്രം ധന-പ്രതികരണങ്ങളാണ് ഓരോ സംഘാംഗവും പങ്കുവച്ചത്.

Wiki Face Plus, Thrissur 2012 5518

നാലഞ്ചുപേരുടെ പരിചയപ്പെടുത്തൽ കഴിഞ്ഞപ്പോൾ മൂന്നു പേർ വലിയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. മനോജേട്ടൻ,മത്താപ്പ്,അഖിലൻ.ഇവരെന്തിനാണ് വലിഞ്ഞതെന്ന് എന്നെപ്പോലെ വായനക്കാരാ ,താങ്കളും അല്പസമയം കഴിഞ്ഞു മനസ്സിലാക്കുക.
വിക്കിപീഡിയയുടെ പത്താം പിറന്നാളാഘോഷത്തിന്റെ തൃശൂർ പതിപ്പിലേയ്ക്ക് നടക്കുന്ന പരിപാടികളെക്കുറിച്ചും,ആസൂത്രണം ചെയ്യാനുദ്ദേശിയ്ക്കുന്ന പരിപാടികളെക്കുറിച്ചും വിശ്വേട്ടൻ ഇടയ്ക്കിടെ അറിയിക്കുന്നുണ്ടായിരുന്നു.കൂട്ടത്തിൽ GEC യിൽ നടക്കുന്ന വിക്കി@ടെക് ഇലേയ്ക്ക് അവിടെ എത്തിയിരുന്ന എല്ലാ കൂട്ടുകാരെയും സ്വാഗതം ചെയ്യുക കൂടി ചെയ്തു.ചർച്ചയ്ക്കിടയിൽ മലയാളം ബ്ലോഗിന്റെ വളർച്ചയെപ്പറ്റിയും മറ്റും സംസാരമുണ്ടായി .എപ്പോഴൊക്കെ ചർച്ച 'സ്വതന്ത്ര വിഞ്ജാന വിപ്ലവത്തിൽ' നിന്നും അകന്ന് പോകുന്നുവോ,അപ്പോഴൊക്കെ ആരെങ്കിലും ഇടപെട്ട് വിഷയത്തിലേയ്ക്ക് തിരിച്ചെത്തിയ്ക്കുവാൻ ശ്രമിച്ചിരുന്നു.ഇതിനിടയിൽ രസം കൊല്ലിയായത് ശാന്തമായ ഉദ്യാനാന്തരീക്ഷത്തെ ഘനഗംഭീരശബ്ദത്തിൽ കീറിമുറിച്ച് പാഞ്ഞ ഹെലികോപ്ടർ മാത്രമായിരുന്നു.
അതാ വരുന്നു മൂന്നു പേർ.കയ്യിലെന്തോ കാര്യമായുണ്ട്...

Wiki Face Plus, Thrissur 2012 5537

ആഹാ......!!!
മറ്റൊന്നുമല്ല.... നമ്മുടെ ചുന്ദരൻ വിക്കിക്കുട്ടന്റെ പത്താം പിറന്നാളിന് മുറിയ്ക്കാനുള്ള കേക്ക്.... :)
പിന്നെ കേക്ക് ആരു മുറിയ്ക്കുമെന്നായി..
കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വിശ്വേട്ടന്റെ മകളും,ഏറ്റവും പ്രായം കൂടിയ ബാലകൃഷ്ണൻ മാഷും ചേർന്ന് കേക്ക് മുറിച്ചു.എല്ലാവരും മധുരം പങ്കു വച്ചു...

സമയം അഞ്ചരയോടടുക്കുകയായിരുന്നു...
വിക്കി പിറന്നാളാഘോഷത്തിന്റെ സമാപനത്തിന്റെ സമയവും....
ഓരോരുത്തരായി യാത്ര പറഞ്ഞകന്നു....
അവസാനം മൈതാനിയിൽ ഞങ്ങൾ 7 പേർ ശേഷിച്ചു....

വിശ്വേട്ടൻ,ഞാൻ,സുജിത്തേട്ടൻ,മനോജേട്ടൻ,ജോസ്,സുജിത്തേട്ടൻ പിന്നെ അഖിലനും. വിക്കിപീഡിയ കൈപുസ്തകവും സ്റ്റിക്കറും എല്ലാവർക്കും വിതരണം ചെയ്തിരുന്നു.പക്ഷേ കൂട്ടത്തിൽ ഏറ്റവും മികച്ച സമ്മാനം ലഭിച്ചത് എനിയ്ക്കു തന്നെ എന്നതോർത്ത് ഞാൻ അഭിമാനപൂർവ്വം അഹങ്കരിയ്ക്കട്ടെ. :) വിശ്വേട്ടൻ ഒടുവിലായി ഷർട്ടിൽ കുത്തി തന്ന താരകം. :) താളിലെങ്ങും താരകങ്ങളില്ല.ആദ്യമേ തന്നെ ഒരു യഥാർത്ഥ താരകത്തിൽ നിന്നും എന്റെ അങ്കം തുടങ്ങിയെന്നു സാരം ;).
ഒരു ചായ കൂടിയ്ക്കാമെന്ന തീരുമാനത്തോടെ ഹോട്ടലിലേയ്ക്ക് കയറി.ആരും മസാലദോശയോ നെയ് റോസ്റ്റോ തിന്നാൽ ഇത്ര നേരമെടുത്തുകാണില്ല. :) .ശബ്ദതാരാവലിയും വേഗതയും മിനുസവും വ്യാകരണവും തത്വചിന്തകളും ഒക്കെയായപ്പോ നേരം ശ്ശി ആയീന്നു സാരം. എത്രയോ മേശകൾ ഒഴിഞ്ഞു കിടന്നിട്ടും നാലുപേർക്ക് കഷ്ടി ഇരിയ്ക്കാവുന്ന ഒരൊറ്റ മേശയ്ക്ക് ചുറ്റും ഏഴു പേർ തിങ്ങിയിരുന്ന് ഭക്ഷണം കഴിയ്ക്കുന്നതു കണ്ട് ആ ഹോട്ടലിലെ മറ്റു ടേബിളുകളിലുള്ളവർ അമ്പരന്നിരിയ്ക്കണം. ഹോട്ടലിൽ നിന്നിറങ്ങിയപ്പോൾ സമയം 7 കഴിഞ്ഞു. അതായത് 3 മണിക്കൂർ ഒരു പൊതുകൂടിക്കാഴ്ചയും ഒന്നര മണിക്കൂർ ഒരു സപ്തകൂടിക്കാഴ്ചയും സപ്തകൂടിതീറ്റയും.

Wiki Face Plus, Thrissur 2012 5603

യാത്ര പറഞ്ഞ് ഞങ്ങൾ പല വഴിയ്ക്ക് പിരിഞ്ഞു.

ചൊവ്വാഴ്ച, ഡിസംബർ 11, 2012

സന്ധ്യ


നെയ് വിളക്കിരുൾ പായിലൊരു വിടവു തീർക്കുന്നു
ശംഖനാദം കാതിൽ കുളിരായ് പടരുന്നു.
ചുറ്റമ്പലത്തിന്റെ, വെയിൽ ചാഞ്ഞ മറവുകൾ
വിശ്വനാഗാശ്വങ്ങൾ വെമ്പിവന്നേൽക്കുന്നു.

ദിവ്യനാളങ്ങളായ് മന്ത്രാഗ്നിയുയരുന്നു
അനുതാപ വർഷമായ് പുണ്യതീർത്ഥപ്പെയ്ത്ത്.
ഹരിതാഭയിരുൾ രേഖ സീമന്തമായ് ചാർത്തി,
ഇരവിലൊരു തരുവിന്റെ ശിഖരപാർശ്വം പറ്റി.

കൽ വിളക്കരികിലൂടുൾപുളകമേറ്റിയവ-
ളമ്പലക്കല്പടവു മന്ദം ചവിട്ടുന്നു.
നിതംബം കവിഞ്ഞുടലാകെപ്പരക്കുന്ന
കൂന്തൽ നടത്തയിൽ നൃത്തം ചവിട്ടുന്നു.

പഞ്ചദ്രവ്യക്കൂട്ടിൽ,മന്ത്രസൂക്തങ്ങളിൽ
അഭിരമിയ്ക്കും ദേവി,പോലൊരു ദേവിയായ്.
കാഴ്ചത്തിളക്കങ്ങൾ ഉടലുഴിഞ്ഞോടുന്നു,
അവളിപ്രദക്ഷിണ വഴിയിലൂടൊഴുകുമ്പോൾ.

വർണ്ണോത്സവങ്ങളൊ-ട്ടില്ലിവിടോർക്കുക
തിരിയുള്ളമായ് കത്തും ചൂടും ചുവപ്പൊഴികെ.
ജാതിപ്പുഴുക്കളേ,മുക്കോടി ദേവരേ…
തരികീ വസന്തമെൻ,വാടി വിളങ്ങട്ടെ.