വ്യാഴാഴ്‌ച, ഫെബ്രുവരി 14, 2013

16 നദി എന്നും വിപ്ലവസ്മരണയാണ്,ദാഹശമനിയാണ്


ഉള്ളുവെന്തു നീരെരിഞ്ഞ്,
വിണ്ടടർന്ന ഭൂമിയിൽ,
ജീവസ്സറ്റ മൺവഴിയായ്
പോയ കാലമോർത്തിടാം.

നദി,
നിറമില്ലാത്തപ്പോഴും
മണമില്ലാത്തപ്പോഴും
ദാഹത്തിന്റെ അവസാനമാണ്.

നദി,
അഴുക്കുള്ളപ്പോഴും
ഒഴുക്കുള്ളപ്പോഴും,
ഉപേക്ഷ കൂടാതെ പേറുന്ന
സ്മൃതിസഞ്ചികൾ.

ഉള്ളുവെന്തു നീരെരിഞ്ഞ്,
വിണ്ടടർന്ന ഭൂമിയിൽ,
ജീവസ്സറ്റ മൺവഴിയായ്
പോയ കാലമോർത്തിടാം.

തെന്നലിന്റെ തേങ്ങലിൽ
തുള്ളിത്തെറിച്ചും,
കരയെ കുളിർപ്പിച്ചും,
കാടു തളിർപ്പിച്ചും,
തെന്നിപ്പറക്കുന്ന
നീരണിച്ചാലുകൾ

സഹ്യന്റെ വേരുകൾ
നാല്പത്തിനാലായി,
നീണ്ടും തിരിഞ്ഞും
പിരിഞ്ഞുമിന്നൊറ്റയായ്,
സാഗരസാരത്തിൽ
ഒട്ടാകെയാഴ്ത്തുന്നു.

കടലിന്റെ കൈകളിൽ
കാണാക്കയങ്ങളിൽ,
ഒരു തളിർപെണ്ണായി ഞെരിയുമ്പോൾ,
വായുവിൻ നിത്യനിരാസമോർത്തെത്തുന്ന
മനുഷ്യപിണ്ഢം തുണയാകുന്നു.

ഉള്ളുവെന്തു നീരെരിഞ്ഞ്,
വിണ്ടടർന്ന ഭൂമിയിൽ,
ജീവസ്സറ്റ മൺവഴിയായ്
പോയ കാലമോർത്തിടാം.

ആമസോണോർമ്മകൾ*;
മൊണ്ടെയ്നിനോർമ്മകൾ*;
കാടിന്റെ മറകളിൽ
പിടയുന്ന കൈവഴികൾ,
പുതിയ ലോകത്തിന്റെ
പുതുവിപ്ലവങ്ങൾക്ക്
വീരത്വരകങ്ങളാകുന്നൂ.
ദാഹമന്ദീകാരിയാകുന്നൂ.

ഉള്ളുവെന്തു നീരെരിഞ്ഞ്,
വിണ്ടടർന്ന ഭൂമിയിൽ,
ജീവസ്സറ്റ മൺവഴിയായ്
പോയ കാലമോർത്തിടാം.

മേനി നൊന്തു ചങ്കെരിഞ്ഞ്
കാതുടച്ചു പാടിടാം,
ഓർമ്മകളിൽ ചോരവീണ
വിപ്ലവത്തിൻ ഗാഥകൾ.


*മൊണ്ടെയ്ൻ,ആമസോൺ :ലാറ്റിനമേരിക്കൻ നദികൾ