ബുധനാഴ്‌ച, ജൂലൈ 10, 2013

5 ജിപ്സിപ്പുല്ല്


ഒരു പുൽക്കൊടി
തുഷാരമായി
മറ്റൊന്നിന്റെ കണ്ണിലേയ്ക്കെപ്പോഴും
ഇറ്റി വീണുകൊണ്ടിരിയ്ക്കുന്നു.
കാഴ്ചയുടെ തണുപ്പായി
അവർ പ്രണയസല്ലാപം നടത്തുന്നു.
കാറ്റു വരുമ്പോൾ,
ഒരിടത്തേയ്ക്കവർ
ഇറുകിപ്പുണർന്ന് ചായുന്നു.

അവന്റെ അമ്മ,
തോട്ടിറമ്പത്തൊരിയ്ക്കൽ
വലിയൊരു പുല്ലായിരുന്നു.
മേനിയാകെ നനഞ്ഞവൾ
വെള്ളത്തോടു കിന്നരിച്ചുകൊണ്ടിരിയ്ക്കേ,
മീൻ കൊത്തിയെടുത്ത വിത്ത്
തോടിന്റെ ഗർഭത്തിൽ നിന്നും
പറിച്ചെടുത്ത് കരയിൽ വച്ചത്
ഒരു വേനലാണ്.
ലാളന തീരുവോളമവൻ,
വേനലച്ഛനെ ഉമ്മവച്ചുറങ്ങി.
ഇക്കഴിഞ്ഞ മഴയിൽ,
ഒന്നരയടിപ്പൊക്കമുള്ള
ഒത്തൊരാൺപുല്ലായി വളർന്നു.

അവളൊരു ജിപ്സിപ്പുല്ലാണ്.
എന്നുവച്ചാൽ
ജിപ്സികളുടെ പാരമ്പര്യമുള്ള പുല്ലെന്നു തന്നെ!
കാറ്റിനു താളമൊപ്പിച്ച്
നൃത്തം ചവിട്ടാറുള്ളതും
ഇലയനക്കങ്ങളിൽ
സംഗീതം സന്നിവേശിപ്പിയ്ക്കാറുള്ളതും
അതുകൊണ്ടാണ്.

അവളുടെ അമ്മ,
ലാറ്റിനമേരിയ്ക്കൻ കാടോളം
വളർന്നു നടന്നു.
ഒരുപാടു നാടുകളുടെ
ദഹനപാതയിലൂടെ കയറിയിറങ്ങി.
കുറേയേറെ
അന്തിക്കാളകളുടെ അടിയിൽ
ചോരയും ജീവനുമൊലിപ്പിച്ച് കിടന്നു.
ആൺപുല്ലുകൾ കുടഞ്ഞിട്ട
ചളി കുടിച്ചാണ്
കറുത്തതും ചത്തതും,
വിത്തു മുളച്ചതും.

ചത്തതും ചീഞ്ഞതും തൂവെള്ള പാലായി.
മണ്ണ് പതുപതുത്ത മുലയായി.
വേര് നനുത്ത ഇളം ചുണ്ടായി.
അവൾ
ഒന്നരയടിപ്പൊക്കമുള്ള
ഒത്തൊരു പെൺപുല്ലായി.

അവർ രണ്ടുപേരും,
വണ്ടെന്ന മധ്യവർത്തിയില്ലാതെ,
കെട്ടിപ്പിടിച്ച്
പരാഗണം നടത്തുന്നു.
ഇലയോടില ചേർത്ത്
ഉമ്മ വയ്ക്കുന്നു.
കാലം ദേഹം ദേശം സ്നേഹം
ഇവ
രണ്ട് തണ്ടുകളിലേയ്ക്ക് ചുരുങ്ങുന്നു.
രവിവർമ്മച്ചിത്രത്തിലെ ജിപ്സിപ്പെൺകൊടിയുടെ
വരണ്ട മുടിപോലെ
അടക്കമില്ലാതെ ഒതുങ്ങുന്നു.

ചൊവ്വാഴ്ച, ജൂലൈ 09, 2013

5 പൊറകോട്ട്

ചുളിവു വീണ ബെഡ്ഷീറ്റിനു മുകളിൽ,
പത്തു മിനിറ്റു മുൻപ്,
നീയും ഞാനും
സ്വയം മറന്ന് കിടക്കുകയായിരുന്നു.

പതിനൊന്നു മിനിറ്റു മുൻപ്,
വല്ലാത്ത ആവേശത്തിൽ
പടവെട്ടുകയായിരുന്നു.

പതിനഞ്ചു മിനിറ്റു മുൻപ്,
ഞാൻ നിന്നെയെന്നോടു ചേർത്തമർത്തി
ഉമ്മ വയ്ക്കുകയായിരുന്നു.

ഇരുപത്തിയഞ്ചു മിനിറ്റു മുൻപ്
ഞാൻ നിന്റെ കവിളു തലോടുകയായിരുന്നു.

മുപ്പതുമിനിറ്റു മുൻപ്,
നീ
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരുന്നു.
ഞാനീ ചാരുകസേരയിൽ,
ഒരു സിഗരറ്റ് പുകച്ചിരിക്കുകയായിരുന്നു.

നാൽപത്തഞ്ച് മിനിറ്റു മുൻപ്
ഞാനാ തെരുവിന്ററ്റത്തെവീട്ടിലെ,
മുറിയൊഴിയുന്നതും കാത്തകത്തൊരു
മൂലക്കിരിയ്ക്കുകയായിരുന്നു.

ഒരു മണിക്കൂർ മുൻപ്,
ഞാനാ തള്ളയോട്
നിനക്കു വേണ്ടി പേശുകയായിരുന്നു.

ഒന്നര മണിക്കൂർ മുൻപ്,
ഞാനെന്റെ പെണ്ണിന്റെ ബ്രായ്ക്കകത്തൂന്ന്,
അവളുടെ മുലയുഴിഞ്ഞ്,
രണ്ടുമ്മ കൊടുത്ത്,
നാലു നൂറുനോട്ടുകൾ
പിഴുതെടുക്കയായിരുന്നു.

നീ പക്ഷേ അപ്പോഴും,
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരുന്നു.
ഇനി അടുത്ത തൊണ്ണൂറാം മിനിറ്റിലും,
നീ,
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരിയ്ക്കും.

ഇങ്ങനെ നിവർത്തി നിവർത്തി,
ഒടുക്കം ചുളിയുന്നേടത്ത്
നീ അവസാനിയ്ക്കുന്നു.
കുറേ വികാരപ്രേതങ്ങൾ,
ഊരു ചുറ്റാനിറങ്ങുന്നു.