വെള്ളിയാഴ്‌ച, നവംബർ 29, 2013

2 വെളിച്ചേറ്റെറക്കം

ആകാശത്തിന്റെ അകിടിൽ നിന്നും,
നേരം കറക്കിയെടുക്കുന്ന,
വെളിച്ചത്തിന്റെ വെളുത്ത പാലിഴകളിലൂടെ
ഒഴുകിയിറങ്ങിവരുന്ന, സഞ്ചാരികളുടേതാണ് ഈ വീട്.
അതുകൊണ്ടു തന്നെ,
നിഴലുകൾക്ക് മേലെ പ്രകാശം ചൊരിയാൻ
ഞങ്ങൾ ദീപങ്ങൾ നിരത്താറില്ല.
വെളിച്ചത്തിൽ കുളിച്ചുകയറിയവർക്ക്
ഇരുട്ടിലല്പം തുവർത്തിക്കറുക്കണമല്ലോ.

ഞങ്ങളുടെ മേനികൾക്ക് നിറങ്ങളില്ല.
ഒരു ചില്ലുകഷണത്തിലൂടെയെന്നപോലെ
വെളിച്ചം തുളച്ചേറിയിറങ്ങുന്നു.
ഞങ്ങൾ കാഴ്ചകളെ വെറുക്കുകയും
കാഴ്ചയില്ലായ്മയുടെ വെളിച്ചശേഷിപ്പുകളെ
വല്ലാതെ പ്രണയിക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ ഘടികാരങ്ങൾക്ക്
വെളിച്ചം/ഇരുൾ എന്ന പോലെയോ
പകൽ/രാത്രി എന്ന പോലെയോ
യാതൊരു കെട്ടുകളുമില്ല.
അവ
പ്രണയരസം നുകരുവോളം ഉണർന്നിരിയ്ക്കുകയും
പച്ചമേനിയുടെ ചൂരുവിടുന്തോറും ഉറങ്ങിപ്പോവുകയും ചെയ്യുന്നു.

ഓരോ അന്തിയാകുമ്പോഴും
ജീവരക്തത്തിന്റെ ചെമ്പനിഴകൾ
പടിഞ്ഞാറേയ്ക്കെറിഞ്ഞ്
ഞങ്ങൾ യാത്രയാകുന്നു.
വെളിച്ച സഞ്ചാരികളുടെ മറുലോകപ്രവേശങ്ങൾ.

ബുധനാഴ്‌ച, നവംബർ 20, 2013

0 ഉറുമ്പരിച്ച എരിവുകള്‍

ഒരു ഉറുമ്പ് ഇഴഞ്ഞുകൊണ്ടിരിയ്ക്കുന്നു.
പവർ സർക്യൂട്ടിൽ കയറി നിന്ന്,
ആത്മഹത്യ ചെയ്താണത്
സിസ്റ്റം ഓൺ ചെയ്തത്.
പ്രേത സിനിമകളിലെ
കൊളുത്തിട്ട വാതിലും കടന്നെത്തുന്ന
ആത്മാക്കളെപ്പോലെ
ഉറുമ്പും,
പാസ്വേഡിട്ടു തുറക്കാതെ തന്നെ
ലാപ്പിലെ ഫയലുകളിലേയ്ക്ക് പരകായപ്രവേശം നടത്തി.

ആത്മാക്കളുടെ ഒരു കാര്യം.

മധുരമുള്ള കുറേ ഗാനങ്ങൾ,
ഗെയ്മുകളിൽ
അൺലോക്ക് ആകാതെ കിടക്കുന്ന
കുറേ തണുത്തിരുണ്ട പാതാളവഴികൾ.
എല്ലാം
ഉറുമ്പുകൾക്ക്
പ്രിയമുള്ളേടങ്ങൾ.

പക്ഷേ,
പാതിരകളിൽ,
നിയമത്തോടു പോടാ പുല്ലേന്നും പറഞ്ഞ്,
ഞാൻ തുറക്കാറുള്ള,
എരിവും പുളിയുമുള്ള നീലസ്ഥലികളിലേയ്ക്കാണ്
ആ ഉറുമ്പും നീങ്ങുന്നത്.

വഴികളിൽ
മരിച്ച ഉറുമ്പുകളുടെ
നിലയ്ക്കാത്ത ഘോഷയാത്രകൾ.

മോണിറ്ററിന്റെ മുഖത്തു കുറേ
സാങ്കൽപ്പിക വരകളും കുറിച്ച്
ഇർവ്വിൻ ഗാർവ്വിയുടെ
പാരാസൈക്കോളജി പുസ്തകത്തിന്റെ
പൈറേറ്റഡ് കോപ്പിയുള്ള ഫോൾഡറിലേയ്ക്ക്,
അവ മാർച്ച് ചെയ്യുന്നു.

പൂജ്യങ്ങളും ഒന്നുകളും ചേർത്തുവച്ച്
കൊത്തങ്കല്ലു കളിക്കാനിരിയ്ക്കവേ,
മിൽഫുകളിൽ* ഈഡിപ്പസ് കോമ്പ്ലക്സ് കണ്ട അവ,
പലതിന്റേയും,
പുനർവ്വായന ആവശ്യപ്പെടുകയാണ്.