ബുധനാഴ്‌ച, ജൂൺ 25, 2014

0 ഇരുള്‍പൊട്ടല്‍


കൊടുംപാതിരയുടെ കോളിടിച്ചിറങ്ങുന്ന
ശർവ്വരീനേരങ്ങളിൽ,
ഓലക്കീറുതാങ്ങുന്ന വാതിൽപ്പൊളികൾ
ഇരുൾപ്പൊട്ടലുകളുണ്ടാക്കാറുണ്ട്.
തെരുവുവിളക്കിന്റെ തലതകർത്ത്
പാഞ്ഞുവരുന്ന
വെളിച്ചാവൃതമായ തള്ളിയൊഴുക്ക്
ഇരച്ചുകയറാറുണ്ട്.

അതെ,
തകരത്തിന്റെ ചുമരുകൾക്ക്
ശബ്ദമുണ്ടായതുകൊണ്ട് മാത്രം
അർധനിദ്രയിൽ
കണ്ണടയാതെ
ഉടഞ്ഞിരിയ്ക്കുന്ന ഒരമ്മയുടെ
ചുടുകട്ടകണക്ക് വേവുന്ന ഉൾപ്പാടങ്ങളിൽ,
ആശ്വാസത്തിന്റെ
കുളിർവെളിച്ചം തേവിയൊഴിച്ച്
അഭയാർത്ഥികളെയുണ്ടാക്കാതെ
അതങ്ങ്
ഒലിച്ചു പോകും

ശനിയാഴ്‌ച, ജൂൺ 21, 2014

2 വിജാഗിരികൾ

ലോകം അടിസ്ഥാനപ്പെടുന്നതു തന്നെ
ഒരുപാട് വിജാഗിരികളിലാണ്.
നിരന്തരം തുറക്കാവുന്നതും അടക്കാവുന്നതുമായ
വാതിലുകൾ,
കിളിവാതിൽ മൂടികൾ,
ഉപ്പുപെട്ടിയുടെ മേല്പ്പാളികൾ,
കൈകൾ
കാൽമുട്ടുകൾ.
പക്ഷേ,
ഇത് ഭൗതിക വിശദീകരണമാണ്.

നമ്മളിന്നു വാതിൽ തുറന്നപ്പോൾ
ഇടനാഴിയുടെ അരികിലൂടെ
ഒരു വിജാഗിരി
ഇടത്തും വലത്തും തൂത്ത്
ചാവികൊടുത്തപോലെ
മുന്നോട്ട് നടന്ന് പോകുന്നുണ്ടായിരുന്നു.

സായാഹ്നത്തിലെ
പാർക്കിലെ പിസാപാതിരായ്ക്ക്,
കടലാസുകവറുകൾ
പെറുക്കിയെടുത്ത്
ആടിയാടിപ്പോകുന്നുണ്ടായിരുന്നു
ഒരു നരച്ച
തുരുമ്പിച്ച വിജാഗിരി.

പാർക്കിംഗ് ലോട്ടിന്റെ
എൻട്രൻസിനടുത്ത്
നല്ല പട്ടാളക്കുപ്പായമിട്ട്
മറ്റൊരു വിജാഗിരി ഇപ്പോഴുമുണ്ട്.

വലം കയ്യിൽ
നിരന്തരം ചലിയ്ക്കുന്ന ഡെസ്ക് ക്ലീനർ വൈപ്പും
ഇടത്തേക്കൈയിൽ
അഴുക്കുപുരണ്ട പാനുമായി വരാറുള്ള
ഏഴുവയസ്സുള്ള വിജാഗിരി
നമ്മുടെ കുഞ്ഞൂന്റത്രേയുള്ളൂ അല്ലേ?

റോഡ് അമർത്തിയരച്ചുകൊണ്ടിരിക്കുന്ന
സ്റ്റീൽ വീൽഡ് റോളറിന്റെ
അടി നനച്ചുകൊണ്ടിരിയ്ക്കുന്ന
തലേക്കെട്ടു കെട്ടിയ
കറുത്തുറച്ച ഒരു വിജാഗിരിയായിരുന്നു
എന്റച്ഛൻ.

അടുക്കളവാതിലിന്റെ
നിരന്തരമുള്ള പുകച്ചുമകൾക്ക്
മരുന്നുതേടിക്കരിഞ്ഞ
ഒരു പാവം
നാട്ടുവൈദ്യക്കാരിയായ വിജാഗിരിയായിരുന്നു
എന്റമ്മ.

വിജാഗിരി എന്നാൽ
എഞ്ചിനീയർമാരുടെ ഭാഷയിൽ ഹിഞ്ച്
എന്നാൽ
നിയന്ത്രിക്കപ്പെട്ട പ്രതികരണങ്ങളും
ചലനങ്ങളുമുള്ളതെന്നാണ്.

വെള്ളിയാഴ്‌ച, ജൂൺ 20, 2014

0 വാലറ്റ്

കീശയിൽ നിന്നിറങ്ങിയാൽ പലകപ്പുറം.
പലകപ്പുറത്തൂന്നു ചാടിയാൽ കീശ.

ശ്വാസരാഹിത്യത്തിന്റെയും

സ്നേഹരാഹിത്യത്തിന്റെയും 
ക്രസ്റ്റിനും ട്രഫിനും ഇടയിൽ കിടന്നു 
തലതല്ലി വിറക്കുകയാണ്.....
ഒരു വാലറ്റ് !

0 മുറിവ്

മരത്തിൽ വരഞ്ഞിട്ട
പേരുകൾക്കിപ്പുറം
നൊന്ത തുമ്പുമായി
പ്രണയിതാക്കളുടെ
താക്കോൽ കൂട്ടങ്ങൾ!

തിങ്കളാഴ്‌ച, ജൂൺ 16, 2014

ചൊവ്വാഴ്ച, ജൂൺ 10, 2014

0 കാലാന്തരേ

ആകാശത്തിന്റെ പ്രായം
കുറഞ്ഞു വരുവാന്നെ... !

പണ്ടൊക്കെ,
കുപ്പപ്പുക കൊണ്ടുള്ള
നരച്ച, വെളുമ്പൻ മീശ ആയിരുന്നു.

ഇപ്പഴോ,
അസ്സല് ഫാക്ടറി പുക വച്ച,
നല്ല കറുമ്പൻ മീശ.

0 ചീപ്പ്

ഒരുപാട് കാട്ടുവഴികളിലൂടെ 
തെക്കും വടക്കും പാഞ്ഞിട്ടും,
ഇന്നും ലക്ഷ്യമെത്താതെ,
പലകപ്പുറത്തെ പൊടി കിടക്കയിലും,
ടി വിക്കു മോളിലെ ഉരുകുന്ന ചൂടിലും 

തന്നെയാണ്,
ചീപ്പ്.

0 ഹനുമാന്‍ ചാലിസ

ഒരിടത്തിരുന്ന്, ചങ്ക് പൊളിച്ചു
ഈ ലോകം മുഴുവനും,
പിന്നെ 'പലതും' കാട്ടിയ
ടി വി യോളം വരില്ലെന്നേ
ഒരു ഹനുമാനും !