തിങ്കളാഴ്‌ച, ഓഗസ്റ്റ് 18, 2014

2 പത്രം

ഉടുപ്പില്ലാത്ത വെളുമ്പന്‍ നഗ്നത
അക്ഷരങ്ങള്‍ ചതച്ചൊട്ടിക്കാന്‍ വിട്ടുകൊടുത്ത്
ആത്മഹത്യ ചെയ്ത ശവക്കൂട്ടങ്ങളാണ്,
പത്രവണ്ടികളില്‍ നിന്നും നിത്യം
പാതിരാവില്‍ ചാടിയിറങ്ങുന്നത്.

ഒടുക്കം

ഏതൊരു മരത്തിനും
കോടാലി വീഴുന്ന മരണാസന്നതയില്‍
പറയാനുള്ളത്,
ഇളം വേരുകൊണ്ട് കുത്തിക്കീറി,
മേനിക്കനം കൊണ്ട് അമര്‍ത്തിക്കൊന്ന്‍
വളരാനെല്ലാം വലിച്ചൂറ്റിയ
മണ്ണിനെപ്പറ്റി മാത്രമാണ്.

മനുഷ്യര്‍
അച്ഛനമ്മമാരെയോര്‍ക്കുന്നതുപോലെ.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 15, 2014

0 പെണ്‍കുട്ടികളുടെ മുലക്കച്ചകള്‍


ഇത്തിരിപ്പോന്ന ജനല്‍ക്കമ്പികളില്‍
കാറ്റു തടഞ്ഞും, പിടഞ്ഞും
അതി സാഹസികമായി കിടക്കാറുണ്ട്.

അതോര്‍ക്കണേ, മിക്കപ്പോഴും
കാട്ടിന്നു ചേര്‍ന്ന പിന്നാമ്പുറങ്ങളിലെ
പേടിപ്പെടുത്തുന്ന നിശബ്ദതകളില്‍.

വഴിവക്കിലെ ജനലുകളാണെങ്കില്‍
പറയാന്‍ പോലും വകുപ്പില്ല,
അയല്‍പ്പക്കത്തോ അകല്‍പ്പക്കത്തോ
നിന്നുള്ളവരുടെ
കണ്ണുടച്ചാഞ്ഞുവരുന്ന
ലേസറുകള്‍ കത്തിപ്പൊള്ളിക്കും.

ഇനി,
മെക്കിട്ടുകയറ്റത്തിനിടയില്‍
വലിഞ്ഞും മുറുകിയും
പുതുനൂലുകള്‍ പൊട്ടിത്തകരും.

ഒളിച്ചിരിപ്പാണു പണി.
എങ്ങാനും
അല്പമൊന്നു വെളിയിലായാല്‍ തുടങ്ങും
ഇരുണ്ട ചുണ്ടാര്‍ദ്രമാകുന്ന
ഊള നോട്ടങ്ങള്‍.

നിറമൊന്നു കനത്ത്,
അല്പം നിഴലായിപ്പോയെങ്കിലും
പുറം ലോകം കാണ്‍കെ വന്നാല്‍
തുടങ്ങും
അളവെടുപ്പും പുനരവലോകനവും.

ബസ്സിലൊന്നു
കക്ഷത്തിനിടയിലൂടല്പം ഞാന്‍ ശ്വസിച്ചാല്‍
എന്റമ്മോ,
ആത്മഹത്യയാണ് നല്ലതെന്ന് പോലും തോന്നും.

പിന്നാമ്പുറത്തെ അയയില്‍ തൂങ്ങുമ്പോള്‍
ചില
പൊലയാടിമക്കള്‍ വന്ന്
മുളകുപൊടി തൂവിപ്പോയിട്ടുണ്ട്.
ചില കഴപ്പന്മാര്‍ വന്ന്
കൊളുത്ത് കടിച്ചൊടിക്കും.

മറ്റു ചിലവന്മാര്‍ കട്ടോണ്ടു പോയി
അവരുടെ.....
കഷ്ടം!

പത്തിരുപതിഞ്ച് വലിപ്പമുള്ള
തുണിക്കഷണത്തോട്
ഇമ്മായിരി പണി കാണിക്കാന്‍
നാണമില്ലെടോ???

1 ചെരുപ്പ്

നീലവാറുള്ള ലൂണാറുകളേക്കാള്‍
വെള്ളവാറുള്ള പാരഖനോടായിരുന്നയാള്‍ക്കിഷ്ടം.

കാലറിഞ്ഞ്
തഴമ്പിച്ചു തുടങ്ങുമ്പോ
ആളുകളേയും,ലൂണാറിനേയും
ഓന്തിനേയും ആ‍കാശത്തേയും
പോലെ
അവ നിറം മാറാറില്ലായിരുന്നു.

ഞായറാഴ്‌ച, ഓഗസ്റ്റ് 03, 2014

സൌഹൃദം

രണ്ട് ഉഷ്ണമേഖലകള്‍ക്കിടെ
തുറന്ന കുഴലുകളിലെ താങ്ങുടയുമ്പോള്‍,
പരസ്പരം ഒഴുകി ഒന്നാകുന്ന
മണല്‍ഘടികാരം

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 01, 2014

0 പെറ്റിടം/പേറ്റിടം

പാവുമുണ്ടിന്നിരു തല...
അ/ ക്കീറ-
പ്പാവുമുണ്ടിന്നിരു തല
ചീന്തിവീഴ്ത്തിക്കുപ്പിയിലേ
മണ്ണെണ്ണക്കാട്ടിലാഴ്ത്തി
വെളിച്ചങ്ങള്‍ പെറുന്നുണ്ടൊരു
വിളക്കൊരുത്തീ....


വെളിച്ചങ്ങള്‍ കരഞ്ഞിട്ട
ചുവന്നുള്ള തുണ്ടെടുത്ത്
പുസ്തകത്തില്‍ ചേര്‍ത്തുവച്ച്
പെറ്റവേറ്റില്‍
കരിപുരട്ടി
അടുത്തുണ്ടേ,യിടത്തുണ്ടേ
ഞാനേ പെണ്ണേ....