വ്യാഴാഴ്‌ച, ഒക്‌ടോബർ 30, 2014

1 ആക്സിഡന്റ് അഥവാ അവഗണിക്കപ്പെട്ടവന്റെ താരാട്ട്

രാത്രിനഗരത്തിന്റെ പബ്ബൊച്ചകൾക്ക് പുറകിൽ
ഉളുമ്പുമണമുള്ള തെരുവിന്റെ
ഇടനെഞ്ചു തുളച്ചാണ്
അയാളുടെ വാഹനം നിന്നത്.

നിലയ്ക്കാത്ത രക്തപ്രവാഹമായിരുന്നു.
റോഡിന്റെ ഇരുകരകളും
പൊട്ടിപ്പിളർന്നു.

പാവം,
നട്ടെല്ലു തകർന്നൊരു പോസ്റ്റ്,
അരികത്ത് നിന്ന് വേച്ചു വീഴുന്നത്
ഒരാൾ പോലും
കണ്ടില്ലെന്ന് നടിച്ചു.

ഇരുമ്പുപാളികൾ ആഴ്ന്നുകീറിയ
മുറിപ്പാടിൽ നിന്നും
അടർന്ന് പോയ
മെറ്റൽക്കുഞ്ഞുങ്ങൾ,
പൊള്ളിവിണ്ട താറുടുപ്പിനുള്ളിൽ
കറുത്തുപേടിച്ചിരുന്ന്
ഏകാന്തബസ്സുയാത്രകളുടെ
ചക്രച്ചവിട്ടുമരണം സ്വപ്നം കണ്ടു.

അമ്മറോഡിനെ പിന്നെയാർക്കും
എപ്പോഴും
ചവിട്ടിയും തുപ്പിയും
പീഡിപ്പിക്കാവുന്നതെല്ലേയെന്ന്
പണ്ടേ പഠിച്ചിരുന്നല്ലോ, അവരും നമ്മളും.
അതിനാൽ തന്നെ,
പിഞ്ഞിക്കീറിയ ഉടലും മണ്ണിൽ പാകി
അടർന്ന മേനിക്കഷണങ്ങളിൽ
ഉമ്മവച്ചുറങ്ങുന്ന
ചെമ്പിച്ച മഴച്ചാലുകളെ നോക്കി
നിശബ്ദയായി പിന്നെയുമവർ.

നിലയ്ക്കാത്ത രക്തപ്രവാഹമായിരുന്നു,
റോഡിന്റെ ഇരുമുലകളും
ചെത്തിച്ചുരന്നു.

ഞങ്ങളെ കൂട്ടമായി ചീന്തിയെടുത്തയാൾ
ആശുപത്രിയിലെ ശീതീകരിച്ച മുറിയിലുറങ്ങുകയോ
രാജകീയമായി സംസ്കരിക്കപ്പെടുകയോ
ചെയ്തിരിക്കാം.

ചിനച്ച കുഞ്ഞുങ്ങളെ
പിഴുതെറിയാൻ വെമ്പിനിൽക്കുന്ന
ഞങ്ങളുടേതായ വിണ്ടതെരുവുകൾ
ഒരുപാട് ബാക്കിയുണ്ടല്ലോ.
രാജകീയവാഹനങ്ങളുടെ
ഇരുമ്പുമ്മകളുമായി,
ഇനിയും വരാൻ മറക്കില്ലയെന്നറിയാമെങ്കിലും
കെട്ട പ്രതീക്ഷയുടെ ഒരൊറ്റ ചുട്ട ചോദ്യം,
"വഴികളെയെങ്കിലും വെറുതേ വിടാമോ?"