വ്യാഴാഴ്‌ച, മേയ് 07, 2015

3 അമ്രപാലി

ചെപ്പോക്ക്… ആകാശത്തേയ്ക്ക് വളർന്നു നിൽക്കുന്ന തൊട്ടി കണക്ക് എം എ ചിദംബരം സ്റ്റേഡിയം… താഴെ വന്ന് തിരിച്ചുപോകാൻ മടിയ്ക്കുന്ന മിന്നലുകളെ കൊളുത്തിവച്ചത് പോലെ ഫ്ലഡ് ലൈറ്റുകൾ വെള്ളിവെളിച്ചം വിതറുന്നു…
മഴയിരമ്പുന്ന പാതിരാവുകളുടെ ഒക്റ്റോബർ മാസമാണ്. ഇന്നെന്തോ, കാലാവസ്ഥ ശാന്തമാണ് പൊതുവേ. സബർബൻ ട്രെയ്നിന്റെ അഞ്ചാമത്തെ കൂപ്പയിൽ വിൻഡോ സീറ്റു തന്നെയാണ് ലഭിച്ചത്. മദ്ധ്യകൈലാഷിൽ നിന്ന് കയറുന്നേരം നല്ല തിരക്കുണ്ടാകാറാണ് പതിവ്… ഇന്ന് ഗാന്ധി ജയന്തി ആയതുകൊണ്ട് മിക്കവാറും ആപ്പീസുകളെല്ലാം അവധിയായതിനാൽ വലിയ തള്ളില്ല. പകലു ചെറുതായി മഴ ചിണുങ്ങിയിരുന്നു, പ്രതീക്ഷിച്ചത്ര കച്ചവടമൊന്നും നടന്നതുമില്ല... ഇൻഡസ്ട്രിയൽ സേഫ്റ്റി സെന്ററിനു മുൻപിൽ സാമാന്യം ഭേദപ്പെട്ട വിസ്താരമുള്ള ഫൂട്ട്പാത്തിൽ ഫ്ലക്സു വച്ച് മറിച്ച തുറന്ന പീടികയല്ലേ… കൂട്ടിയിട്ടിരിക്കുന്ന പഴങ്ങളിൽ ഒന്ന് കറുത്താൽ മതി ഈ മഴ കൊണ്ടിട്ട്, മൊത്തത്തിലങ്ങ് ചീഞ്ഞ് പോകും. ഈ വറുതിക്കാലത്ത് അതുകൂടെ മതി, കത്തലടക്കാൻ പിന്നെ കക്കേണ്ടി വരും. ഒറ്റക്കാലൻ അണ്ണാച്ചിയ്ക്ക് ഇതൊക്കെ മഴവീഴുമ്പൊഴേക്കും എടുപിടിയെന്ന് മൂടി വക്കാൻ കഴിയുമോ? മുഷിഞ്ഞ വേഷക്കാരനെ അതിലൂടെ പോകുന്ന സോഫ്റ്റ്വെയർ ജോലിക്കാരോ, ഗവണ്മെന്റ് ഉദ്യോഗസ്ഥരോ, മറ്റു പീടികക്കാരോ സഹായിക്കാറില്ല.
ഇന്ന് നേന്ത്രപ്പഴത്തിന്റെ കച്ചവടം പൊടിപൊടിക്കുമെന്ന് കരുതിയതാണ്. സാധാരണ വെള്ളിയാഴ്ചകളിൽ അങ്ങനാണ് പതിവ്, കാരണം സ്ഥിരക്കാരായ കുറച്ച് പട്ടന്മാരുണ്ട് ഇവിടെ… പഴം പ്രഥമൻ നല്ല പഥ്യമുള്ളവർ... പഴമുദിർചോലൈയിലെല്ലാം പോയി സാധനങ്ങൾ വാങ്ങാൻ സമ്പാദ്യമുള്ളവരൊക്കെ തന്നെ, പക്ഷേ എന്റെ അടുത്ത് നിന്നെന്ന പോലെ പേശി വാങ്ങുന്നതിന് സാധിക്കില്ല്ലല്ലോ… ഫിക്സഡ് റേറ്റ് അല്ലേ എല്ലാത്തിനും. എന്തായാലും ആ ഫിക്സഡ് റേറ്റ് ഞങ്ങൾ തെരുവുകച്ചവടക്കാർക്ക് ഇവിടെ വലിയൊരാശ്വാസമാണ്… കുറച്ചെങ്കിലും ഉപഭോക്താക്കളെ ഇപ്പോൾ അധികം ലഭിക്കുന്നുണ്ട്. നഗരം വളരുന്നതോടൊപ്പം ആളുകളുടെ എണ്ണം പെരുകുകയും കീശയും മനസ്സും ആവോളം ചുരുങ്ങുകയും ചെയ്യുന്നുണ്ടെന്ന് ഞങ്ങളോളം മനസ്സിലാക്കിയ മറ്റാരെങ്കിലും കാണുമോ?
തിരുവള്ളിക്കേനി കഴിഞ്ഞപ്പോൾ മുതൽ ഞാൻ തേടുകയാണ്… ഇതുവരെ കണ്ടില്ലല്ലോ അവളെ... അമ്രപാലി… എത്ര മനോഹരമായ പേരാണ്… വ്യാജമായിരിക്കാമൊരുപക്ഷേ, എന്നാലും ആ പേരിലൂടെ ഞാൻ അവളിലെ വിദുഷിയെ തിരിച്ചറിഞ്ഞിരിക്കുന്നു. ബുദ്ധന്റെ അരുമശിഷ്യയായിരുന്നു അമ്രപാലി…ബിംബിസാരന്റെ പ്രണയപദ്മമായിരുന്ന അമ്രപാലി…
കോട്ടൂർപുരത്തെ അണ്ണാ സെന്റനറി ലൈബ്രറിയിലെ സൗജന്യപ്രവേശങ്ങളിലൂടെ ഞായറാഴ്ചവൈകുന്നേരങ്ങളിൽ ഞാൻ പകർന്നെടുക്കാറുള്ള കുറച്ച് അറിവുകളുണ്ട്. അവിടെ ചരിത്രവിഭാഗത്തിലെ സേതുപതി അയ്യരാണ് എന്നെ ആദ്യമായങ്ങോട്ട് കൊണ്ടുപോകുന്നത്, എന്റെ സ്ഥിരം ഉപഭോക്താക്കളിൽ ഒരാൾ, ദീനാനുകമ്പനായ പാവം മനുഷ്യൻ. കൊലുന്നനെയുള്ള ആ ശരീരത്തെ വലിയ കുർത്തയിൽ നിന്നും തിരഞ്ഞ് കണ്ടുപിടിക്കയെന്നത് തന്നെ വലിയ മിനക്കേടാണ്. മനുഷ്യാവകാശപ്രവർത്തകനാണ് അദ്ദേഹം, ‘വണ്ണം’ എന്ന സംഘടനയുടെ ചെന്നൈ നോർത്ത് ഘടകം പ്രതിനിധി… പലതവണ ഞാൻ ചോദിച്ചിട്ടുണ്ട് “മനുഷ്യാ… നിങ്ങൾക്ക് പാകമാകുന്ന വല്ലതുമിട്ടുകൂടേ” എന്ന്. അന്നേരം അദ്ദേഹം പറയും, “നമുക്ക് മാത്രമുള്ളതല്ല ഈ ഭൂമി… ഈ ആകാശം.. ഈ വെളിച്ചം… ഈ മണ്ണ്… ഒന്നും. നമുക്കു ചുറ്റും പലരുമുണ്ട് പലതുമുണ്ട്. ഇടങ്ങൾ തേടി അലയുന്നവർ, നാം കയ്യേറുന്ന ഇടങ്ങളിൽ നിന്ന് തുരത്തപ്പെടുന്ന അനേകായിരങ്ങൾ. സ്വത്വം നഷ്ടപ്പെട്ടതിൽ വേദനിക്കുന്ന പുൽമേടുകൾ, മരുഭൂമികൾ… ഇടങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. നമുക്കകത്ത് തന്നെ ഒരുപാട് ഇടം ബാക്കി ഉണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് എന്നെ എന്ത് ചെയ്യുന്നതിന്നും പ്രേരിപ്പിക്കുന്നത്… ഞാൻ കയ്യേറിയിരിക്കുന്നു എന്നെനിക്ക് ബോധ്യമുള്ള എനിക്കു ചുറ്റുമുള്ള ഇടങ്ങളെ എന്നിൽ തന്നെ പ്രതിനിധീകരിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് ഈ അയഞ്ഞ കൈത്തറിക്കുപ്പായങ്ങൾ…” ഹൊ… ആ മറുപടി കേൾക്കുമ്പോൾ എന്നെപ്പോലുള്ള ഒരു പുറമ്പോക്കിനുണ്ടാകുന്ന രോമാഞ്ചം ഒന്നു വേറെ തന്നെയാണ്. ഞാൻ പോലും ആരുടെയോ നടയിടങ്ങളെ കയ്യേറിയിരിക്കയാണല്ലോ എന്ന് അല്പനേരത്തേക്കെങ്കിലും പശ്ചാത്തപിക്കും. ഇയാൾക്കെങ്ങിനെ ഇങ്ങനെ ലളിതനാകാൻ കഴിയുന്നു എന്ന് അത്ഭുതം കൂറും. എന്റെ മുറിക്കവിതകൾ കേട്ടുകൊണ്ടായിരുന്നു, സെന്റനറി ലൈബ്രറിയിലേയ്ക്ക് ക്ഷണിച്ചത്… എന്തുകൊണ്ടോ, ദ്രവീഡിയൻ സാഹിത്യത്തേക്കാൾ എന്നെ ഹഠാദാകർഷിച്ചത് ചരിത്രമായിരുന്നു... ബുദ്ധിസത്തിലേയ്ക്കടുക്കുന്നതും ബുദ്ധിസത്തിന്റെ ചരിത്രം പഠിയ്ക്കുന്നതും അങ്ങിനെയാണ്… അന്നുമുതലേ അമ്രപാലി മനസ്സിലുണ്ട്… സ്ത്രീത്വം തുളുമ്പുന്ന ശാക്തേയരൂപങ്ങളിൽ ഒന്നാമതായി.
എന്തുകൊണ്ടാണെന്നറിയില്ല… അന്നങ്ങനെ സംഭവിച്ചു പോയി. നല്ല തണുപ്പുള്ള ഒരു ജനുവരിമാസത്തിൽ ചെപ്പോക്കിൽ നിന്നും മദ്ധ്യകൈലാസ്ഹിലേയ്ക്ക് നാലരയുടെ ട്രെയ്നിൽ വരികയായിരുന്നു ഞാൻ. തലേന്ന് അല്പമധികം മദ്യപിച്ചതിന്റെ ക്ഷീണം കൊണ്ട് വശത്തെ ഇരുമ്പുജാലകത്തിൽ തലചായ്ച്ച് ഉറങ്ങിപ്പോയി…ഇവിടെ വല്ലപ്പോഴുമെത്തുന്ന വിരുന്നുകാരാണ് തണുപ്പ്. അതുകൊണ്ട് തന്നെ പ്രകൃതി കാറ്റഴിച്ചു വിട്ടും, മരങ്ങളിൽ പുത്തനിലകൾ കിളിർപ്പിച്ചും ആകുന്നത്ര സത്കരിക്കാൻ നോക്കുന്നുണ്ട് മഞ്ഞുകാലത്തെ. തണുപ്പുകാറ്റടിച്ചാൽ പിന്നെ ഉറക്കം എപ്പോ വന്നു എന്നു ചോദിക്കേണ്ടതില്ല… പെട്ടെന്നാണ് കാതിനരികിൽ ഒരു വളകിലുക്കവും കൈകൊട്ടും കേട്ടത്… “വേഗം പൈസയെടുക്ക്” എന്ന ധാർഷ്ട്യത്തിലുള്ള ചോദ്യവും കൂടി കേട്ടപ്പോൾ ഞാൻ തലയുയർത്തി നോക്കി. മൂക്കുത്തിയണിഞ്ഞ്, തലയിൽ കനകാംബരം ചുറ്റി പൗരുഷം മായ്ചുകളയാൻ ചെത്തിമിനുക്കിയ മുഖത്ത് ചായം തേച്ച് ഒരു പെൺകുട്ടിയാകാൻ കൊതിയ്ക്കുന്ന ആൺകുട്ടി… എനിക്ക് അവളിലെ സ്ത്രൈണതയുടെ ആധിക്യം വല്ലാതങ്ങ് പിടിച്ചു. ഒരു സാധാരണ സ്ത്രീയേക്കാളും ഇവൾ ഇവളെ സ്നേഹിക്കുന്നുണ്ടായിരിക്കണം… അല്ലാതെങ്ങനെയാണ് രൂപത്തെ വെല്ലുവിളിക്കുന്ന പെരുമാറ്റത്തെ സ്വായത്തമാക്കാൻ കിണഞ്ഞധ്വാനിക്കാൻ സാധിയ്ക്കുക… ട്രെയ്നിൽ പണം കൈക്കലാക്കാൻ ഹിജഡകളായി വേഷം കെട്ടുന്നവരുണ്ട്… പക്ഷേ ഇവളങ്ങനെയല്ല… ഇവളുടെ തിളങ്ങുന്ന കണ്ണുകൾ പറയുന്നുണ്ട്, ഉള്ളു പൊട്ടിച്ചിതറാൻ വെമ്പുന്ന ഒരു സ്ത്രീത്വം എന്നിൽ മുഴങ്ങുന്നുണ്ട്… നിനക്കത് കാണാമോ ചെറുക്കാ എന്നെന്ന്ഓട് ചോദിക്കുന്നത്പോലെ… ഞാനവളുടെ കണ്ണുകളിലേയ്ക്ക് മാത്രം നോക്കി നിന്നു… അവളെന്റെ പോക്കറ്റിന്റെ മീതെ കൈ വച്ചു. അവരുടെ അവസാനത്തെ അടവാണത്. അവരുടെ ശരീരസ്പർശം പലപ്പോഴും അറപ്പാണല്ലോ ആളുകൾക്ക്. ഒഴിഞ്ഞുപോകട്ടെ നാശം എന്നു കരുതി അന്നേരം എന്തെങ്കിലും കൊടുക്കും. ഞാൻ അവളുടെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ട് ആ കൈകൾ പതിയെ തലോടി… വാതിലിനിടയിൽപ്പെട്ട് നുറുങ്ങിയ വിരലുകളെന്നോണം അവൾ കൈകൾ പിൻവലിച്ചു… രണ്ടടി പിന്നോട്ട് നടന്ന് അവൾ പെട്ടെന്ന് കൂട്ടം ചേർന്ന് പഴയതുപോലെ കയ്യടിച്ച് അടുത്ത കൂപ്പയിലേയ്ക്ക് നടന്നു… അതെ.. ജീവിതം ക്ലിഷെകളുടെ സഞ്ചയം തന്നെയാണ്… ആദ്യമായി , ഒരു പെൺകുട്ടി (എന്നെനിക്ക് തോന്നിയ ആൾ,) എന്നെ പിന്തിരിഞ്ഞു നോക്കി. ആദ്യമായി ആ പെൺകുട്ടി, താനല്ലാതെ തന്നെ സ്പർശിച്ച ഒരാളെ തിരിഞ്ഞു നോക്കി. രണ്ടു നോട്ടങ്ങൾ, എറിഞ്ഞ പാടെ പ്രതീക്ഷിച്ചത് കണ്ടതിന്റെ ലജ്ജയിൽ രണ്ട് വഴിയ്ക്ക് തിരിഞ്ഞുപോവുകയും ചെയ്തു.
അന്നു വൈകുന്നേരത്തെ 7.20 ന്റെ വണ്ടിയ്ക്കും ഞാൻ അവളെ കണ്ടു… ഇത്തവണ അവളെന്റെ അരികിൽ വന്നത് പോലുമില്ല… ചെപ്പോക്കിൽ വണ്ടിയിറങ്ങുന്നേരം ജാക്കറ്റിന്റെ മേൽഭാഗത്ത് കയ്യകത്തേക്കിട്ട് കുറച്ച് നോട്ടുകൾ വലിച്ചെടുത്ത് എണ്ണി നോക്കുകയായിരുന്നു. കണ്ണുകൾ ആ നോട്ടുകളിലേക്കു മാത്രം പതിച്ച്, തന്റെ ചുറ്റുമൊരു ലോകമുള്ളത് തീരെ ശ്രദ്ധിക്കാതെ. ഞാൻ എന്റെ പാഞ്ചാലിമരക്കമ്പിലുണ്ടാക്കിയ ഊന്നുവടി താളത്തിൽ ചുമരിൽ തട്ടി അവളുടെ അരികിൽ നിന്നു. അവളുടെ ശ്രദ്ധയാകർഷിക്കാനുള്ള എന്റെ ശ്രമം വിജയിച്ചു എന്നു തന്നെ പറയാം… എന്റെ മുഷിഞ്ഞ ഷർട്ട് അവൾ വണ്ടിക്കകത്ത് വച്ച് കണ്ടു എന്നതെനിക്ക് നിശ്ചയമാണ്… അതുകൊണ്ടു തന്നെ ഒരുപാളിനോട്ടത്തിൽ എല്ലാം അവസാനിക്കുമെന്നു കരുതിയെങ്കിലും എനിക്ക് തെറ്റി. അവൾ എന്റെ അരികിൽഏയ്ക്ക് ചേർന്നു വന്നു…”പേരെന്താ? “, ചോദിച്ചു. “മുരുഗൻ.. നീ?” ഞാൻ തിരികെയും ഒരുചോദ്യമെടുത്തിട്ടു… “ഹഹ… പേര്… ഞങ്ങൾ തിരിച്ചറിയൽ രേഖകളിലില്ലാത്തവരാണ്. ഔദ്യോഗികകമായി പേരാവശ്യമില്ലാത്തവർ… ആനുകൂല്യങ്ങൾക്ക് കളങ്ങളിൽ കൊള്ളാത്തവർ… നിനക്ക് നിർബന്ധമാണെങ്കിൽ അമ്രപാലി എന്ന് വിളിക്കൂ… ഹഹഹ…” പുരുഷസ്വരത്തിൽ സ്ത്രൈണമായട്ടഹസിച്ച് അവൾ മുന്നോട്ട് നീങ്ങി.
ഞാൻ ഉറക്കെ വിളിച്ചു, “അമ്രപാലീ… എന്റെ വൈശാലിയിലെ അതിസുന്ദരീ… എനിക്ക്… എനിക്ക് നിന്നെ ഇഷ്ടമാണ്…” സബർബൻ സ്റ്റേഷനിലെ പ്ലാസ്റ്റിക്ക് മച്ചുപോലും അറച്ചുകൊണ്ടെന്നെ നോക്കി. അവൾ ഒരുവേള നിന്നു… വിഷാദമൂകമായ മുഖം എന്റെ നേർക്ക് തിരിച്ചു… പിന്നെ പതിയെ തലതാഴ്ത്തി തിരിഞ്ഞു നടന്നു. ഞാൻ ഊന്നുവടിയിൽ ചാടി അവളുടെ പുറകെയെത്തി… “അമ്രപാലീ…”
“ഉം…”
“ഞാൻ പറഞ്ഞതു കേട്ടില്ലേ?”
“എനിക്ക് കേൾവിയുടെ മാധുര്യം നഷ്ടപ്പെട്ടിട്ട് കാലങ്ങളായിരിക്കുന്നു… ഞങ്ങളുടെ കദനങ്ങളല്ലാതെ ഇഷ്ടത്തോടെയുള്ള ഒരു വിളി കേട്ടിട്ട് യുഗങ്ങളായിരിക്കുന്നു… ദയവ് ചെയ്ത് വേണ്ടാ… നിങ്ങൾ തിരികെ പോകൂ…”
ഞാൻ അവളുടെ കൈകളിൽ കടന്ന് പിടിച്ച് വിരലുകളിൽ തിരഞ്ഞു… ഞങ്ങൾക്കിടയിൽ പുതുതായി പ്രത്യക്ഷമായ ദ്വീപിന്റെ ഭൂപടം ഇതിലെവിടെയാണ്? അവൾ എന്റെ ചുമലിലേക്ക് ചരിഞ്ഞു…കൈകൾ വരിഞ്ഞെന്നെ ശ്വാസം നിലക്കുമാറ് അണച്ചുപിടിച്ചു. കൃത്രിമസ്തനങ്ങൾ എന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു… “മുരുഗണ്ണാ…”
എത്ര നേരമായി തിരയുന്നു… അവളെ കാണ്മാനില്ല… അല്ലെങ്കിൽ എത്ര കളക്ഷൻ കുറഞ്ഞാലും 7.20 ന്റെ ട്രെയ്നിൽ ഭിക്ഷാടകയുടെ വസ്ത്രമുരിഞ്ഞ് കളഞ്ഞ് അവൾ എന്നോടൊപ്പം വരാറുള്ളതാണ്. ചെപ്പോക്കിൽ ട്രെയ്ൻ എത്തിയിട്ടിപ്പോൾ അര മണിക്കൂറിലധികമായി… അല്ല ഇന്ന് അവളുടെ കൂട്ടുകാരെ ആരെയും കണ്ടില്ലല്ലോ… എല്ലാവർക്കും ഇതെന്തു പറ്റി? മഴയായത് കൊണ്ട് ട്രെയ്ൻ തന്നെയാണിന്ന് വരവ് കൂട്ടാനുള്ള മാർഗ്ഗം. എന്നിട്ടുമെന്തേ? ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലെ വെളിച്ചം എന്റെ കണ്ണിനെയും മനസ്സിനേയും വല്ലാതെ തളർത്തി കളയുന്നു.
“മുരുഗണ്ണാ….”
അലച്ച് വീഴുന്ന ഒരു നിലവിളി പോലെ തോന്നി… ശിവാനിയുടെ ശബ്ദമല്ലേയത്…ആൾട്രാടെക്ക് സിമന്റിന്റെ പരസ്യമുള്ള സ്റ്റേഡിയത്തിന്റെ മഞ്ഞച്ച ചുമരിൽ ചാരി നിൽക്കുക്അയായിരുന്നു ഞാൻ. ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് ആകാവുന്നത്ര വേഗത്തിൽ ആഞ്ഞ് നടന്നു…
ശിവാനി ഓടി വരുന്നുണ്ട്…
“എന്തേ? എന്ത് പറ്റി?”
“മുരുഗണ്ണാ… നമ്മുടെ അമ്രപാലിയെ ഒരാൾ ഇന്ന് ആക്രമിച്ചു? “
“ങേ… എന്ത്? എന്താ? എന്താ ഉണ്ടായേ? “
“അവളുടെ അടുത്ത് അയാൾ എന്തോ അനാവശ്യമായി പെരുമാറി… ഇന്ന് രാത്രിയിലേയ്ക്ക് നിന്നെ വേണമെന്ന് പറഞ്ഞ് ട്രെയ്നീന്ന് വലിച്ചെഴക്കുവാർന്നു… ആർ പി എഫുകാര് പൊലയാടി മക്കള് അത് കണ്ട് നിന്നണ്ണാ…”
“അവളെവിടാ എന്നിട്ട്?”
“നുംഗമ്പാക്കത്ത് സർക്കാരാശുത്രീലുണ്ട്… പക്ഷേ …”
“പക്ഷേ..?”
“മോർച്ചറീലാ….”

ബുധനാഴ്‌ച, മേയ് 06, 2015

2 ഹർഷാരവം

പതിവില്ലാത്തതാണ്… ഉറക്കത്തിനിടയിൽ ആരോ വിളിച്ചത് പോലെ തോന്നി… എഴുന്നേറ്റ് നോക്കുമ്പോൾ തുറന്നിട്ട ജനലിലൂടെ വെന്തുമടുത്ത് തണുത്ത് തുടങ്ങിയ മെയ്മാസക്കാറ്റ് അല്പാല്പമായി അരിച്ച് കയറുന്നുണ്ട്. നടുവൊടിഞ്ഞ് മുഖം കുനിച്ച് നിൽക്കുന്ന പെഡസ്റ്റൽ ഫാനിന്റെ വെളുപ്പ് ഇരുട്ടിലും അല്പം മങ്ങി കണ്ടു. പതിയെ എല്ലാം വ്യക്തമായി തെളിയുന്നു… ജനലിലൂടെ അസന്റാസ് ഐ ടി പാർക്കിലെയും ടൈഡൽ പാർക്കിലേയും അലങ്കാരദീപങ്ങളും അപായച്ചുവപ്പ് വെട്ടവും ഇപ്പോൾ കൃത്യമായി കാണാം. തലയിണയ്ക്ക് കീഴെ പരതിയപ്പോൾ ഫോൺ കൈയ്യിൽ തടഞ്ഞു. വശത്തെ അയഞ്ഞ് തുടങ്ങിയ ലോക്ക് ബട്ടണിൽ നാലഞ്ച് തവണ കിണഞ്ഞ് അമർത്തേണ്ടി വന്നു, ഫോൺ അൺലോക്കാക്കാൻ… പ്രായമേറുകയാണ്, ഫോണിനും, ഇവിടെ റിസേർച്ചിനെന്ന് പറഞ്ഞ് ചെലവഴിച്ച് എങ്ങുമെത്താതെ നട്ടം തിരിയുന്ന ഞങ്ങൾ കുറേ പേർക്കും. വാൾപേപ്പറിലെ ചെ ഗുവേരയുടെ എരിഞ്ഞ് നിൽക്കുന്ന ചുരുട്ടിന്റെ കറുപ്പ് രാശിക്ക് മുകളിൽ, വിളറി വെളുത്ത ക്ലോക്ക് തെളിഞ്ഞു. 11: 58 PM.
അലാം അടിക്കേണ്ടതാണ്, 4.15 ന്. നാളെ രാവിലെ… അല്ല, ഇനിയെന്താ നാളെ, ഇന്നു രാവിലെ ഡി സി മീറ്റിംഗുണ്ട്. ദുബെ സർ എന്തായാലും ബോർഡിൽ ഉണ്ടാകുമെന്ന് കേട്ടു. പഞ്ഞിക്കെട്ടു തലമുടിക്കാരൻ സദാനന്ദ ദുബ്ബെ… ഒരു ആന്ധ്രാക്കാരൻ കണിശക്കാരൻ പ്രൊഫസർ. അങ്ങേരുണ്ടെങ്കിൽ ഉറപ്പാണ്, ഈ ഡിസംബറിലും ഡിഗ്രീ ലഭിക്കുന്ന ലക്ഷണം തീരെ കാണില്ല. ലോകത്തെങ്ങുമില്ലാത്ത ചോദ്യങ്ങളും കൊണ്ട് വരും, സെന്റ്രൽ ലൈബ്രറിയിലെ ആർക്കും വേണ്ടാത്ത ഡാറ്റാബേസിൽ അപ്ലോഡ് ചെയ്ത് കഴിഞ്ഞാൽ ഒരു പട്ടിയും തിരിഞ്ഞു നോക്കാത്ത തീസിസിനു വേണ്ടിയാണീ കടുംപിടുത്തം. കോ ഓഥറിന്റെ പേരു വരാൻ മാത്രം മെനക്കെടുന്ന പ്രൊഫസർമാർ. ദുബ്ബേയുടെ ലക്ഷ്യവും മറ്റൊന്നല്ല… എന്റെ കോ ഗൈഡ് പോലുമല്ലയാൾ… ഏത് മീറ്റിംഗ് ഉണ്ടെങ്കിലും ചവിട്ടിക്കുലുക്കി വരും, മെറ്റീരിയൽ സയൻസിലെ ഉത്തരം ഉണ്ടോ എന്നുപോലുമുറപ്പില്ലാത്ത ചോദ്യങ്ങൾ പ്രസന്ററുടെ പ്രോബ്ലവുമായി കൂട്ടിയിണക്കി ചോദിക്കും. അടുത്ത റിവ്യൂവിന് മുൻപ് ഇതിന്റെ ഉത്തരം കിട്ടാനായി സ്വാഭാവികമായും അയാളെ ചെന്നു കാണാതെ തരമില്ല… ഈ നിസ്സഹായതയെ, കഷ്ടപ്പെട്ട് എഴുതിയെടുക്കുന്ന ഒരു ജേണൽ പേപ്പറിന്റെ സഹ എഴുത്തുകാരനാക്കും വിധമങ്ങയാൾ വളർത്തിയെടുക്കും. കുരുട്ടുബുദ്ധിക്കാരൻ ദുബെ… ജർമ്മനിയിലെ ഏഴര വർഷം കൊണ്ട് തീർത്ത ഡോക്ടറൽ ഡിഗ്രീയുടെ ഫ്രസ്ട്രേഷൻ ഞങ്ങൾ റിസേർച്ച് സ്കോളേഴ്സിന്റെ മേൽ തീർക്കുന്ന ഒരു തരം സാഡിസ്റ്റ്. ഒബ്ജെക്റ്റീവ്സ് എല്ലാം നൽകിയ റ്റൈം ഫ്രെയ്മിനകത്ത് നിന്ന് തീർത്താൽ പോലും അയാൾ ചിലപ്പോൾ പറഞ്ഞയക്കാറില്ല… ഹൊ… മടുത്തുപോയ റിസേർച്ചിനെ പറ്റി ഓർത്താൽ ഉറക്കം പോയിട്ട്, അല്പനേരത്തെ മയക്കം പോലും വരില്ല…
“അരുൺ…”
നേരത്തേ ഉറക്കത്തിൽ കേട്ട അതേ ശബ്ദം… പുലരുമ്പോൾ, വാതിൽപ്പാളിക്കിടെ നുഴഞ്ഞ് കയറാറുള്ള വെളിച്ചത്തിന്റെ ചെറുനാരുപോലെ, ആ നനുത്ത ശബ്ദം കാതിൽ വന്ന് മിന്നിപ്പോയി…ഒരു പെൺകുട്ടിയുടേതാണല്ലോ അത്! കടുത്ത ചൂട് കാരണം മുണ്ട് ഉരിഞ്ഞാണ് രാത്രി കിടക്കാറുള്ളത്. കസേരയിൽ വലിച്ചു വാരിയിട്ടിരുന്ന ഷർട്ടുകൾക്കും ജീൻസുകൾക്കും ഇടയിൽ നിന്ന് കാവിമുണ്ട് വലിച്ചെടുത്ത് വാരിച്ചുറ്റി, റൂമിലെ ലൈറ്റിട്ടു. ചുമരിൽ നിന്നടർന്ന് മുഖത്ത് പതിഞ്ഞിരുന്ന കുമ്മായപ്പൊടി കണ്ണാടിയിൽ നോക്കി തുടച്ച് കളഞ്ഞ് നേരെ കതക് തുറന്നു. കതകിൽ പിടിപ്പിച്ചിരിക്കുന്ന ഹാങ്ങറിലും നിറയെ മുഷിഞ്ഞ തുണികളാണ്. എന്റെ അവശേഷിപ്പ് ഗന്ധങ്ങൾ പേറുന്ന കുപ്പായങ്ങളും അടിവസ്ത്രങ്ങളുമെല്ലാം. മുകളിലെ കുറ്റി താഴ്ത്തിയപ്പോഴേയ്ക്കും ഭാരം കൊണ്ട് വാതിൽ താനേ തുറന്ന് വന്നു. കാൽ കൊണ്ട് സ്റ്റോപ്പർ തട്ടി തറയിൽ മുട്ടിച്ചു. ഇല്ലെങ്കിൽ എതിർവശത്തെ ജനലിലൂടെ വരുന്ന ഒരു കാറ്റ് ഹോസ്റ്റൽ കിടുങ്ങുന്ന ശബ്ദത്തിൽ വാതിലിനെ കൊട്ടിയടയ്ക്കും. കയ്യെങ്ങാൻ അബദ്ധത്തിൽ വച്ചാൽ ചതഞ്ഞുപോകാനും മതി.
എന്നത്തേയും പോലെ കോറിഡോറിൽ ഇരുട്ടാണ്. റ്റ്യൂബ് ലൈറ്റുകൾ പൊട്ടിപ്പോയിട്ട് ആഴ്ചകളായിരിക്കുന്നു, ആരും ശരിയാക്കാൻ വന്നില്ല ഇതുവരേയ്ക്കും. ദിവസവും എഞ്ചിനീയറിംഗ് യൂണിറ്റിൽ വിളിച്ച് പരാതി പറയാമെന്നല്ലാതെ കഴുത്തിന് പിടിച്ച് ചെയ്യിക്കാനുള്ള ഒരു മാനസികാവസ്ഥയിലൊന്നുമല്ല ഇപ്പോൾ കുറച്ചായിട്ട്. മുറിയിലെ വെള്ള വെട്ടം, വാതിലിന്റെ തുറന്ന ചതുരം കടന്ന് ഇടനാഴിയിൽ ഒരു സാമാന്തരികം വരച്ചു വച്ചിരിയ്ക്കുന്നു… സാമാന്തരികത്തിന്റെ അറ്റത്ത്, ഇരുട്ടിനെ വെല്ലുവിളിച്ച് ഒരു ചെരിപ്പും, വെളുത്ത് കൊലുന്നനെയുള്ള പാദങ്ങളും… ആ കാല്പാദം കണ്ടാൽ മതി… ഹർഷ…
ഹർഷ
അഭിശപ്ത രാത്രിതിമിരങ്ങളിൽ
എന്റെ സിഗരറ്റുചൂടിൽ പുളഞ്ഞവൾ പകരം,
ആകാശക്കയത്തിലെ നക്ഷത്രയാഴങ്ങളിറുത്തിന്റെ
തടിച്ച ചുണ്ടിലെ കറുപ്പിൽ പതിച്ചവൾ
എന്ന് പണ്ടൊരിക്കലെപ്പൊഴോ വെറുതേ ഭ്രാന്തിന്റെ വക്കിലെത്തിയ നിമിഷത്തിൽ എഴുതിയിട്ടുണ്ട്. സിഗരറ്റ് പുക പോകട്ടെ, ആ ഗന്ധം പോലും വെറുത്ത് പോയിട്ടുണ്ട് പലപ്പോഴും. മുന്നൂറ് രൂപാ കൂലിക്കാരൻ അച്ഛൻ അറുപത് രൂപയ്ക്ക് സിഗരറ്റും ഇരുന്നൂറു രൂപയ്ക്ക് മദ്യവും കഴിച്ച ഒരു കാലഘട്ടത്തോടുള്ള വിരോധവും വെറുപ്പും തന്നെ കാരണം.
“ഹർഷ… നീ..?”
“ഉം… അതെ…”
ഒരുപാട് ചോദ്യങ്ങൾ മനസ്സിനെ തൊഴിച്ച് നോവിക്കുന്നുണ്ട്… എത്ര നാളായി ഹർഷാ നീ എന്നോടൊരു വാക്കു മിണ്ടിയിട്ട്… ഒന്നും പറയാതെ അന്ന് ഇറങ്ങിപ്പോയതല്ലേ … അതെ അതുമൊരു ചൂടുകാലമായിരുന്നു, ഇവിടെ ഇതേ ഹോസ്റ്റലിൽ ഇതേ മുറിയിലായിരുന്നു ഞാൻ… ഒരു കാരണവും ഉണ്ടായിരുന്നില്ല… എനിക്ക് അസഹനീയമായൊരു ബ്രേക്ക് അപ്പും, ഒരു വർഷത്തെ പ്രൊജക്റ്റ് എക്സ്റ്റൻഷനും ഉറക്കമില്ലാത്ത രാത്രികളും അനവരതം വിരഹകാവ്യങ്ങളും, മുറിവ് ചിന്തി രക്തമിറ്റുന്ന ഹൃദയവും സമ്മാനിച്ച് അന്ന് നീ കടന്നു പോയി… എനിക്ക് ഓർമ്മയുണ്ട് അവസാനം നീ അയച്ച മെസേജ് ….
“I don't feel like talking to u..i feel an emptyness..i won't come to chennai next month.i don't want to..”
ഇത്രത്തോളം എന്നെ തകർത്ത ഒരു മെസേജ് ഈ ജീവിതത്തിൽ ഇന്നുവരേയ്ക്കും എനിക്ക് ലഭിച്ചിട്ടില്ല… നീ വരുമെന്നോർത്ത് ടിക്കറ്റ് ബുക്ക് ചെയ്ത്, തീരുമെന്നുറപ്പുണ്ടായിരുന്ന, പ്രൊജക്ട് പ്രസന്റേഷൻ ഡേറ്റും കഴിഞ്ഞ് പത്ത് ദിവസത്തേയ്ക്ക് ഹോസ്റ്റൽ വാർഡന്റെ പെർമിഷൻ ലെറ്റർ സൈൻ വാങ്ങി വന്ന അതേ ദിവസം തന്നെയായിരുന്നു നിന്റെ മനം മാറ്റം. എന്ത് ഭൂകമ്പമാണ് നിന്റെ മനസ്സിനെ ഉലച്ചു കളഞ്ഞതെന്നറിയില്ല… നാം രണ്ടുപേരും ചേർന്നപ്പോഴുണ്ടായ ഭൂകമ്പങ്ങളെപ്പറ്റി നീ പറഞ്ഞില്ലേ ഒരിക്കൽ… മറ്റൊരിക്കൽ, എന്നെ അകന്നു പോകുമ്പോൾ നിനക്ക് നഷ്ടപ്പെടുന്ന എന്നോടൊപ്പമുള്ള നിന്നെ പറ്റി… മനസ്സിൽ അടർന്നുപോകാതെ പതിച്ചു വച്ച വർത്തമാനങ്ങൾ… അവസാനമായി കണ്ട് പിരിഞ്ഞ നാൾ പോലും എന്റെ ചുമലിൽ തല ചായ്ച് നീ ഉറങ്ങിയിരുന്നു… നിന്റെ ചെമ്പൻ മുടിയിഴകളെന്റെ മുഖത്ത് ഭ്രാന്തൻ തെരുവുചിത്രകാരന്റെ ബ്രഷെന്ന പോലെ ചിത്രങ്ങൾ വരച്ചിരുന്നു. ഉടയാത്ത, ചാരുതയുള്ള സ്മൃതിശില്പങ്ങൾ…. ഓർമ്മയുടെ വേലിയേറ്റങ്ങൾ…
“എന്താ… എന്താ ഇവിടെ? ഈ നേരത്ത്?”
“കാണണമെന്ന് തോന്നി… നീ പറഞ്ഞിരുന്നില്ലേ… എന്നെങ്കിലും ഒറ്റക്കായാൽ ഉണ്ടാകുമെന്ന്…”
“അപ്പോ…!”
എല്ലാം കഴിഞ്ഞ് പതിമൂന്ന് വർഷങ്ങളായിരിയ്ക്കുന്നു. മൂന്ന് വർഷത്തെ എൽ ആൻഡ് ടി യിലെ കോർപ്പറേറ്റ് ജീവിതം, കൊമേഴ്സ് ആൻഡ് ഇൻഡസ്റ്റ്രീസ് ഡിപ്പാർട്ട്മെന്റിലെ നാല് വർഷത്തെ സർക്കാർ ജോലി, ഒപ്പം പ്രവീണിനൊപ്പം നിലമ്പൂരിൽ ചിലവിട്ട അദ്ധ്യാപനത്തിന്റെ ചെറുതല്ലാത്ത കാലഘട്ടം… എല്ലാം കഴിഞ്ഞപ്പോഴാണ് തുടർപഠനത്തിന് ഒരു മോഹം. പ്രണയമിറങ്ങിപ്പോയ ക്യാമ്പസിൽ ബാധ്യതയുടെ കെട്ടുകളേതുമില്ലാതെ തിരികെ വന്നുകയറിയത് അങ്ങനെ ഒരു ആഗ്രഹം കൊണ്ട് മാത്രമാണ്. ഇത് നാലാം വർഷമാണിവിടെ… മെയ്ച്ചൂടിലൊരു ഗുൽമോഹർ ചുവപ്പുമായി നീ വീണ്ടും…
“അതെ… നാം പിരിഞ്ഞിട്ട് പതിമൂന്ന് വർഷങ്ങളായിരിക്കുന്നു…” എനിക്ക് പോലും കേൾക്കാനാകാത്ത സ്വരത്തിൽ അവൾ പറഞ്ഞു.
“വർഷക്കണക്കുകൾ പോലും നിന്റെ മനസ്സിലുണ്ടായിരുന്നുവോ…?”
“നിനക്ക് പലപ്പോഴുമെന്നെ മനസ്സിലായിട്ടില്ല അരുൺ… അതിനു പാകത്തിൽ ഞാൻ നിന്ന് തന്നിട്ടുമില്ല. നിനക്കോർമ്മയുണ്ടോ, ഗോൺ ഗേളിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ആ വോയ്സ് ഓവർ… എന്നെക്കൊണ്ട് നീ ഇരുത്തിക്കാണിപ്പിച്ച ആ ചിത്രം, When I think of my wife, I always think of the back of her head. I picture cracking her lovely skull, unspooling her brain, trying to get answers. What are you thinking? How are you feeling? What have we done to each other? അതെ…നിക്കിന് ഏമിയെന്ന പോലെ നിനക്ക് ഞാൻ അത്രത്തോളം അജ്ഞാതയായിരുന്നു…ഞാൻ പർവ്വതങ്ങൾക്കിടെ എന്നെ നോറ്റുവളർത്തുകയും, നീ കടലോരങ്ങളിൽ ഉപ്പിച്ച് നടക്കയും ചെയ്യുന്നത്ര അകലെയായിരുന്നു നാം… അല്ലെങ്കിൽ അങ്ങനെ ഞാൻ ആഗ്രഹിച്ചിരുന്നു… പക്ഷേ നമുക്കിടയിൽ ഒരു നദി വളർന്നു തുടങ്ങിരുന്നു… നിന്റെ തപ്തനിശ്വാസങ്ങൾ കടൽജീവിതത്തിൽ നിന്നും വറ്റിച്ചെടുത്ത ജലകണങ്ങളെ നമുക്കിടയിലെ നദിയിൽ മഴയായി പെയ്യിച്ചിരുന്നു… എന്റെ ഒരു കൈവഴികളും അതിനെ പരിപോഷിപ്പിച്ചിട്ടില്ല.. പക്ഷേ, ഈ പതിമൂന്ന് വർഷങ്ങൾക്കിടയിൽ… ഇവിടെ വച്ച് ഞാനാ നദി കണ്ടെടുത്തിരിക്കുന്നു..
… നദി ചെന്നു ചേരുന്ന അഴിമുഖത്തെയും….”
“ ഹർഷാ… നീ…”
“അതെ… മറച്ച് വയ്ക്കുന്നതിനൊന്നും ഇല്ല എന്നർത്ഥമില്ല എന്ന് മനസ്സിലാക്കാൻ പോലും മഠയനായിരുന്നുവോ നീ?”
നിന്റെ അവസാനത്തെ ടെക്സ്റ്റ് മെസേജ് വന്ന് ഉറങ്ങാതിരുന്ന രാത്രിയിൽ ഒത്തിരി തവണ വിളിച്ചപ്പോഴാണ് നീ കോൾ അറ്റ്അൻഡ് ചെയ്തത്. അന്ന് നീ തീർത്ത് പറഞ്ഞതായിരുന്നു, “ഇനി ഒരിക്കലും കാണേണ്ട” എന്ന് “ഇനി ഒരിക്കലും സംസാരിക്കേണ്ട” എന്ന് , “നിന്റെ വർത്തമാനങ്ങൾ, സ്നേഹം എന്നെ ഇറിറ്റേറ്റ് ചെയ്യുന്നു” എന്ന്…വീണ്ടും ഞാൻ തന്നെ മഠയനാകുന്ന കാലത്തിന്റെ പരിണാമഗുപ്തി പരിഹാസ്യമായി തോന്നുന്നു.
“അതെ… ഞാൻ പലപ്പോഴും മഠയനായിരുന്നു…”
കൈചേർത്ത് കടൽക്കാറ്റുകൊണ്ട് നടന്ന വൈകുന്നേരങ്ങളിൽ ഞാനെന്റെ സ്വപ്നങ്ങളെ പട്ടങ്ങളെപ്പോലെ പറവകൾക്കൊപ്പം അനന്തദൂരങ്ങളിലേയ്ക്ക് പറത്തിവിട്ടിട്ടുണ്ട്… നിന്റെ ചുംബനങ്ങളെ ജീവന്റെ രണ്ടാം തുടിപ്പായി കവിളുകളിൽ ഉണർത്തി വച്ചിട്ടുണ്ട്… ഉറക്കത്തിൽ നിന്നെ മനഃപൂർവ്വം സന്നിവേശിപ്പിച്ചിട്ടുണ്ട്… നീ എന്റേതാകുമെന്ന് ധരിച്ചിട്ടുണ്ട്…
“നീ എന്നെ ഒന്ന് ചേർത്ത് പിടിക്ക്വോ… പണ്ടത്തെപ്പോലെ… ന്റെ മുഖം വലം കൈയ്യിലെടുത്ത് കവിളിൽ അമർത്തി ഒരുമ്മ തരുവോ? “
നിമിഷങ്ങൾക്ക് നിറയൗവ്വനത്തിന്റെ തുടിപ്പ്… വർത്തമാനത്തിനും ഓർമ്മക്കും നിശബ്ദമായ നോട്ടങ്ങൾക്കും ഇടയിൽ സമയം മുന്നോട്ടൊരുപാടു പോയിരിക്കുന്നു. ദൂരെ പള്ളിയിൽ നിന്നും ബാങ്ക് വിളി കേൾക്കാം.. നാലേമുക്കാലായി…
“നിനക്ക് വിട്ടുതന്നതല്ലേയെന്നെ… എത്രയോ കാലങ്ങൾക്ക് മുൻപേ… ഇല്ലെങ്കിലെന്തിനാണ് മറ്റൊരാൾക്കും പകുത്തു നൽകാതെ ഈ സ്പർശങ്ങളത്രയും ഞാൻ കാത്തു വച്ചത്? ഈ ചുംബനങ്ങളത്രയും വർഷപാതങ്ങളിലെ വൈകുന്നേരങ്ങളെപ്പോലെ എന്റെ മനസ്സിന്റെ ഇറയത്ത് നനച്ച് നിർത്തിയത്… ഒന്ന് പോലും വറ്റിയിട്ടില്ല എന്റെ ഏറ്റവും പ്രിയപ്പെട്ടവളേ… ഒരിറ്റ് പോലും കൈമോശം വന്നിട്ടില്ല…”
കവിളിൽ ചുണ്ടുകൾ ചുംബനവീണ മീട്ടി, നാദമന്ദാരങ്ങൾ പൊഴിഞ്ഞു…മിടിക്കുന്ന രണ്ട് ഹൃദയങ്ങൾ പരസ്പരം സ്പന്ദനങ്ങളെ കൈമാറി… വർഷങ്ങൾക്ക് മായ്ക്കാനാകാത്ത കനപ്പെട്ട സ്നേഹച്ചാലുകൾ…
മൊബൈലിൽ റിമൈൻഡർ തുടർച്ചയായി ചിലയ്ക്കുന്നു…
എഴുന്നേറ്റു… തലയിണയ്ക്ക് കീഴെ പരതിയപ്പോൾ ഫോൺ കൈയ്യിൽ തടഞ്ഞു. വശത്തെ അയഞ്ഞ് തുടങ്ങിയ ലോക്ക് ബട്ടണിൽ നാലഞ്ച് തവണ കിണഞ്ഞ് അമർത്തേണ്ടി വന്നു, ഫോൺ അൺലോക്കാക്കാൻ… പ്രായമേറുകയാണ്, ഫോണിനും, ഇവിടെ റിസേർച്ചിനെന്ന് പറഞ്ഞ് ചെലവഴിച്ച് എങ്ങുമെത്താതെ നട്ടം തിരിയുന്ന ഞങ്ങൾ കുറേ പേർക്കും. വാൾപേപ്പറിലെ ചെ ഗുവേരയുടെ എരിഞ്ഞ് നിൽക്കുന്ന ചുരുട്ടിന്റെ കറുപ്പ് രാശിക്ക് മുകളിൽ, വിളറി വെളുത്ത ക്ലോക്ക് തെളിഞ്ഞു. 11: 58 PM.
സ്ക്രീനിൽ മിന്നിത്തെളിയുന്ന റിമൈൻഡറിന്റെ നോട്ടിഫിക്കേഷൻ
“ഹർഷാ ഹരിദാസ്… 37ത് ബർത്ത്ഡേ… റ്റു ബി സെലിബ്രേറ്റഡ് ഇൻ ഹെവൻ…”
പ്രണയകാലത്ത് എപ്പോഴോ ഗൂഗ്ൾ അക്കൗണ്ടുമായി സിങ്ക് ചെയ്തിട്ട റിമൈൻഡർ… വെന്യൂ ഹെവൻ എന്ന് കൊടുത്ത കൗമാരചാപല്യം…
സ്വപ്നങ്ങൾ എങ്ങുമില്ലായ്മയിൽ നിന്നും പൊന്നുവിളയിക്കുന്ന മാന്ത്രികരായ കർഷകരെപ്പോലെയാണ്… വേദന നാട്ടി മറവിയുടെ തോരണങ്ങൾ ചാർത്തി പോയവരെയെല്ലാം അതാത് സമയങ്ങളിൽ തന്നെ നമ്മുടെ മുൻപിലെത്തിയ്ക്കുന്നു… കാലഭ്രംശം കൂടാതെ… പച്ചപിടിച്ച ഓർമ്മവേരുകൾ ഇന്ന് വീണ്ടും പിഴുതെടുക്കപ്പെട്ടിരിക്കുന്നു… നോവിന്റെ ഒരു വേനൽപ്രഭാതം കൂടി…

വെള്ളിയാഴ്‌ച, മേയ് 01, 2015

3 ചെമന്നീല


ചുവന്ന കളങ്ങളുള്ള കുപ്പായത്തിൽ

നീല വരകൾ കൂടി വേണം.
ചുവന്ന കളങ്ങളെല്ലാം തന്നെ
പരസ്പരം തൊടാത്ത വിധത്തിൽ
അകന്നിരിക്കുന്നു എന്ന്
നീലവരകൾ ഉറപ്പുവരുത്തുന്ന വിധത്തിലാകണം
അതിന്റെ രൂപകല്പന.
അകാലത്തിലെങ്ങാൻ നരച്ചുപോകുന്ന
ഒരു ചുവപ്പുകളമുണ്ടെങ്കിൽ,
"നരച്ചുപോയല്ലോ അത്, അഹോ കഷ്ടം"
എന്ന് നിലവിളിച്ച്,
അതുകൂടി ചായം തേച്ച് നീലയാക്കുക.
കാരണം
ചുവപ്പ് ഒരിക്കലും അംഗീകരിച്ചുകൂടാത്ത
അനുവദിച്ചുകൂടാത്ത നിറപ്രസരമാണ്.
അപായമാണ്.
വരിനെല്ലുകണക്ക്
എങ്ങാനുമൊരു ചുവപ്പു കിളിർത്ത് പോയാൽ,
കരിനീലവിഷച്ചാറൊഴിച്ചു പോലും
അത് കരിച്ചു കളയുന്നതിൽ തെറ്റില്ല.
പക്ഷേ,
തുടക്കത്തിൽ തന്നെ
ചുവപ്പ് കീറിക്കളഞ്ഞുകൂടെ എന്നൊന്നും ചോദിക്കല്ലേ,
കരിനീല കുപ്പായമിട്ടാൽ പോരേ എന്നൊട്ടും ചോദിക്കല്ലേ,
വെളിപ്പെടുന്ന നഗ്നതയ്ക്ക് ആരുത്തരം പറയും?
നാടു നിറഞ്ഞ ചുവപ്പുനൂലുകളെല്ലാം കടലിൽ തള്ളുമോ?

ഞായറാഴ്‌ച, ഫെബ്രുവരി 08, 2015

2 മാലാഖദാവീദ്

കോമേനപ്പറമ്പിൽ നിന്നും ചെട്ടുവാർകോട്ടത്തേക്കുള്ള
മൂന്നാമത്തെ ബസ്സ്,
മൂന്നാമത്തെ വളവിൽ വച്ച്
മൂന്ന് പേരെയും കൊണ്ട്
ഒരു കൊക്കയിലേക്ക് ചാടുന്നു.
കണ്ടക്ടർ,
കാക്കിക്കുപ്പായക്കാരനല്ലാത്തതിനാൽ,
നിയമലംഘനങ്ങളുടെ ഊരാക്കുടുക്ക്
അയാളുടെ
കഴുത്തിൽ കുരുങ്ങി.
പാറേലിടിച്ച്
തലച്ചോറ് ചെത്തിപ്പൂ കണക്ക്
ചിതറും മുന്നേ
അയാൾ ശ്വാസം മുട്ടി മരിച്ചു.
ഡ്രൈവർ,
പത്തിലധികം സ്ത്രീകളെ പ്രാപിച്ച
ഒരു അഗമ്യഗമകൻ ആണ്.
നിലത്ത്
കൽപ്പരവതാനിയിൽ,
രക്തമുന്തിരികളുടക്കും മുന്നേ
സദാചാര-സംസ്കാരസർപ്പങ്ങളയാളെ
കൊത്തിക്കൊന്നു.
ദാവീദേട്ടൻ,
കപ്യാരായിരുന്നു, കുന്നുമ്മേപ്പള്ളീലെ.
ശുദ്ധൻ, ദയാലു, ഭക്തൻ
എന്തിനേറെ,
ഒരു മദ്യപാനിപോലുമല്ലാത്ത നസ്രാണി.
ബസ്സു വീഴുന്നേരം
അയാളൊരു മാലാഖയായി
പറന്നുപോയിക്കാണണം.
ശവശരീരം പോലും കിട്ടിയില്ല!